അവര്‍ പ്രവചിച്ചു, എം.വി.ആറും പുറത്താകുമെന്ന്

സി.സരിത് Posted on: 10 Nov 2014

സി. പി.എമ്മിലും കണ്ണൂര്‍ജില്ലയിലും കരുത്തനും പ്രതാപശാലിയുമായിരിക്കുമ്പോള്‍ത്തന്നെ എം.വി.രാഘവനെ നേര്‍ക്കുനേര്‍നിന്ന് വെല്ലുവിളിക്കാന്‍ പാര്‍ട്ടിയിലെ ഒരുസംഘം തയ്യാറായി. രാഘവനെ ആദ്യമായി ജില്ലാ സെക്രട്ടറിയായി അവരോധിക്കുന്നതിനു ചുക്കാന്‍പിടിച്ചവര്‍തന്നെയാണ് അദ്ദേഹത്തെ വെല്ലുവിളിച്ചത്. തങ്ങളെ പുറത്താക്കിയപ്പോള്‍ ലഘുലേഖയിലൂടെ അവര്‍ രാഘവനു മുന്നറിയിപ്പും നല്‍കി: ''അനതിവിദൂരഭാവിയില്‍ രാഘവനും ഈ ദുരന്തം വന്നുചേരാം.'' കാന്തലോട്ട് കരുണന്‍, അരയാക്കണ്ടി അച്യുതന്‍, കെ.സി.നന്ദനന്‍, എ.ബാലകൃഷ്ണന്‍ എന്നിവരായിരുന്നു ആ നാല്‍വര്‍സംഘം. ഇവരില്‍ നന്ദനനും ബാലകൃഷ്ണനും മാത്രമാണ് ഇന്നു ജീവിച്ചിരിക്കുന്നവര്‍.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം കണ്ണൂര്‍ജില്ലയില്‍ സി.പി.എം. കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ചവരായിരുന്നു കാന്തലോട്ട് കരുണനും അരയാക്കണ്ടിയും നന്ദനനും ബാലകൃഷ്ണനും. സി.പി.എം. രൂപംകൊണ്ട് ഏറെത്താമസിയാതെതന്നെ പിളര്‍പ്പിനാധാരമായ ആശയങ്ങളില്‍നിന്ന് പാര്‍ട്ടി അകലുന്നുവെന്ന അഭിപ്രായം പാര്‍ട്ടിയിലുയര്‍ന്നു. ബാലകൃഷ്ണനും കാന്തലോട്ടും കെ.എസ്.വൈ.എഫിന്റെ ആദ്യ സംസ്ഥാനസമ്മേളനത്തിലും ഈ അഭിപ്രായം തുറന്നുപ്രകടിപ്പിച്ചു. ''പാര്‍ട്ടിയുടെ പിളര്‍പ്പിന്റെ ഘട്ടത്തിലുന്നയിച്ച നയങ്ങളാണു നമ്മുടേത്. ഇപ്പോള്‍ നമ്മുടേതും റിവിഷനിസ്റ്റ് നയംതന്നെയായി മാറി.'' ഇതിനെ നക്‌സലിസമായാണ് രാഘവനുള്‍പ്പെടെയുള്ള നേതൃത്വം കണ്ടത്.

സമ്മേളനം കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ അരയാക്കണ്ടിയെയും കാന്തലോട്ടിനെയും കെ.സി.നന്ദനനെയും ബാലകൃഷ്ണനെയും എം.വി.രാഘവന്‍ വിളിപ്പിച്ചു. ''നിങ്ങള്‍ കുന്നിക്കല്‍ നാരായണന്റെ കൈയില്‍ കളിക്കരുത്. നിര്‍ത്തിയില്ലെങ്കില്‍ ഈ പാര്‍ട്ടിയിലുണ്ടാകില്ല'' -രാഘവന്‍ ഭീഷണിമുഴക്കി.

''രാഘവാ, വര്‍ഗവഞ്ചകാ, പലരെയും ഞാനീ പ്രസ്ഥാനത്തില്‍ വിശ്വസിച്ചിരുന്നു. പുത്തലത്ത് നാരായണനെയും പി.പി.മുകുന്ദനെയും വിശ്വാസത്തിലെടുത്തിരുന്നു. പക്ഷേ, അവരാരും നിന്നെപ്പോലെ വഞ്ചനകാണിച്ചിട്ടില്ല'' -ബാലകൃഷ്ണന്‍ പൊട്ടിത്തെറിച്ചു. ''നീ ഇ.എം.എസ്സിന്റെ വാലാട്ടിയായിക്കഴിഞ്ഞിരിക്കുന്നു'' -കരുണനും തുറന്നടിച്ചു. പിറ്റേന്ന് 'ദേശാഭിമാനി'യില്‍ ഇവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി എം.വി.രാഘവന്റെ പ്രസ്താവന വന്നു.

സഖാക്കളോടു വിശദീകരണം ചോദിക്കാതെ പുറത്താക്കുന്നത് സംഘടനാപരമായി തെറ്റാണെന്നു തനിക്കറിയാമായിരുന്നെന്ന് രാഘവന്‍ തന്റെ ആത്മകഥയില്‍ ഈ സംഭവത്തെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്. പുറത്താക്കപ്പെട്ടവര്‍ 'ഞങ്ങള്‍ക്കു പറയാനുള്ളത്' എന്നപേരില്‍ പുറത്തിറക്കിയ ലഘുലേഖയില്‍ ഇങ്ങനെയുണ്ടായിരുന്നു: ''പാര്‍ട്ടിയില്‍ പുറത്താക്കല്‍ പുത്തരിയല്ല. പി.കൃഷ്ണപിള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാനഘടകത്തെത്തന്നെ പിരിച്ചുവിട്ടിരുന്നു. കൂട്ടത്തില്‍ സി.എച്ച്.കണാരന്‍, ടി.കെ.രാജു, വിശ്വം (തലശ്ശേരി) എന്നിവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയുംചെയ്തു. രാഘവനെപ്പോലുള്ള വര്‍ഗവഞ്ചകരെ മുമ്പും കണ്ടിട്ടുണ്ട്. അനതിവിദൂരഭാവിയില്‍ രാഘവനും ഈ ദുരന്തം വന്നുചേരാം.''

''സി.പി.എമ്മില്‍നിന്നു പുറത്തായപ്പോഴും വ്യക്തിബന്ധം സൂക്ഷിക്കുന്നതില്‍ രാഘവന്‍ ശ്രദ്ധിച്ചിരുന്നു. സാമ്പത്തികപ്രയാസമനുഭവിച്ചപ്പോള്‍ പോലും രാഘവന്‍ സഹായവുമായെത്തി. എതിരാളികളെ ബദ്ധവൈരികളെപ്പോലെ പാര്‍ട്ടി സമീപിച്ചിരുന്നകാലത്തായിരുന്നു രാഘവന്‍ ഇതു ചെയ്തത്'' -ഇപ്പോള്‍ സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗവും കിസാന്‍സഭാ ദേശീയ കൗണ്‍സില്‍ അംഗവുമായ എ.ബാലകൃഷ്ണന്‍ പറഞ്ഞു.

സി.എം.പി. രൂപവത്കരിച്ചശേഷം രാഘവന്റെ പ്രവര്‍ത്തനശൈലി ഏറെ മാറിയെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. സ്വന്തം നേതാക്കള്‍ക്കും അണികള്‍ക്കുംനേരെ നിരവധി അക്രമങ്ങളുണ്ടായിട്ടും രാഘവന്‍ തിരിച്ചടിച്ചില്ല. സ്റ്റാലിന്റെ പ്രവര്‍ത്തനപദ്ധതികളോട് അങ്ങേയറ്റം കൂറു പ്രകടമാക്കിയ രാഘവന്‍ പിന്നീട് ഗോര്‍ബച്ചേവിനെ ഉള്‍ക്കൊള്ളുകയും തൊഴിലാളിവര്‍ഗസര്‍വാധിപത്യം ഉപേക്ഷിക്കുകയും ചെയ്തതാണ് ഈ മാറ്റത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

രാഘവന്റെ ആത്മകഥയായ 'ഒരു ജന്മ'ത്തിന് ആ പേരു നല്‍കാനിടയായത് അദ്ദേഹത്തിന്റെതന്നെ ആത്മഗതത്തില്‍നിന്നാണ്. പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി തിരഞ്ഞെടുപ്പ് സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ നടക്കുന്ന സമയം. ''എന്തൊരു ജന്മമാണെടോ ഇത്'' -രാഘവന്‍ സഖാക്കള്‍ക്കിടയില്‍നിന്ന് നെടുവീര്‍പ്പിന്റെ സ്വരത്തില്‍ പറഞ്ഞു. ആത്മകഥയ്ക്കു പേരുതേടുന്ന സമയത്ത് ഇതു നിര്‍ദേശിക്കുകയായിരുന്നുവെന്ന് സി.എം.പി. നേതാവ് ചൂര്യായി ചന്ദ്രന്‍ പറഞ്ഞു.



MV Raghavan PhotoGallery
MV Raghavan condolence

 

ga