കല്ലേറേറ്റുവാങ്ങി, സി.എം.പി.യുടെ പിറവി
കെ.രാജേഷ് കുമാര്‍
Posted on: 10 Nov 2014
കാസര്‍കോട്: ബദല്‍രേഖയുടെപേരില്‍ സി.പി.എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടതിന്റെ പിറ്റേന്ന് കാഞ്ഞങ്ങാട്ടെത്തിയ എം.വി.രാഘവന് ആദ്യം കിട്ടിയത് അനുയായികളുടെ സ്‌നേഹവും എതിരാളികളുടെ കല്ലും ചെരിപ്പുമായിരുന്നു. കല്ലേറില്‍ കാഞ്ഞങ്ങാട്ടു പൊടിഞ്ഞ ചോരയില്‍ത്തൊട്ടാണ് എം.വി.ആറും സംഘവും പുതിയ പാര്‍ട്ടിയെക്കുറിച്ചു ചിന്തിച്ചത്.
കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ ആയിരങ്ങളാണ് എം.വി.ആറിനെ കാണാനും കേള്‍ക്കാനും അന്നെത്തിയത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവും ഇരിക്കൂര്‍ എം.എല്‍.എ.യുമായിരുന്ന ഇ.പി.കൃഷ്ണന്‍ നമ്പ്യാരും എം.വി.ആറിനൊപ്പമുണ്ടായിരുന്നു. കൃഷ്ണന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ യോഗം തുടങ്ങി. എം.വി.ആര്‍. മൈക്കിനു മുന്നിലെത്തി ഉറച്ച ശബ്ദത്തില്‍ 'സുഹൃക്കളേ, സഖാക്കളേ' എന്നുവിളിച്ച് സംസാരം തുടങ്ങുമ്പോള്‍ നാലുഭാഗത്തുനിന്നും കരിങ്കല്ലുകള്‍ വേദിയിലേക്കു ചീറിവന്നു. ആദ്യ ഏറുകൊണ്ടത് ഇ.പി.കൃഷ്ണന്‍ നമ്പ്യാര്‍ക്കുതന്നെയായിരുന്നു.
എതിരാളികള്‍ക്കുമുന്നില്‍ ഒരിക്കലും തലകുനിച്ചുപരിചയമില്ലാത്ത എം.വി.ആര്‍. ആ കല്‍വര്‍ഷത്തിനിടയിലും പ്രസംഗം തുടര്‍ന്നു. ചെരിപ്പുകളുടെയും കല്ലിന്റെയും കൂമ്പാരം ബാക്കിവെച്ച് എതിരാളികള്‍ സ്ഥലത്തുനിന്നു പോയെങ്കിലുംയോഗം പൂര്‍ത്തിയാക്കിയാണ് എം.വി.ആര്‍. വേദിയില്‍നിന്നിറങ്ങിയത്. തീരുമാനിച്ച കാര്യത്തില്‍നിന്ന് ഒരു ശക്തിക്കും പിന്തിരിപ്പിക്കാന്‍ കഴിയാത്ത എം.വി.ആര്‍.ശൈലിയുടെ കാഞ്ഞങ്ങാട്ടെ അനുഭവം അനുയായികളുടെയും എതിരാളികളുടെയും മനസ്സില്‍ ഇന്നും മായാതെകിടക്കുന്നു.
സി.പി.എമ്മില്‍നിന്നും ഡി.വൈ.എഫ്.െഎ.യില്‍നിന്നും അടര്‍ന്നുവന്നവര്‍ കാഞ്ഞങ്ങാട്ട് അന്ന് രാഘവനൊപ്പം ചേര്‍ന്നു. എം.കറുത്തമ്പു, വി.കമ്മാരന്‍, വി.കൃഷ്ണന്‍, പി.കുഞ്ഞികൃഷ്ണന്‍, ടി.വി.അമ്പൂഞ്ഞി, കെ.കെ.കാരിക്കുട്ടി, വി.കെ.രവീന്ദ്രന്‍, വി.സുകുമാരന്‍, അഡ്വ. ടി.കൃഷ്ണന്‍, അഡ്വ. ആലീസ് കൃഷ്ണന്‍, വി.നാരായണന്‍, കുട്ട്യന്‍ തുടങ്ങിയവരെല്ലാം എം.വി.ആറിനൊപ്പം പ്രവര്‍ത്തിക്കാനും വേണ്ടിവന്നാല്‍ മരിക്കാനും തയ്യാറായിനിന്നു. സി.പി.എമ്മിന്റെ അവിഭക്ത കണ്ണൂര്‍ജില്ലാ സെക്രട്ടറിയും സംസ്ഥാനനേതാവുമായി പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹമുണ്ടാക്കിയെടുത്ത ബന്ധം അത്രയ്ക്ക് ആഴത്തിലുള്ളതായിരുന്നു.
വടക്കന്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിച്ച എം.വി.ആര്‍. എന്നും അണികള്‍ക്കാവേശമായിരുന്നു. എ.കെ.ജി.യെ കണ്ട കണ്ണിലാണവര്‍ എം.വി.ആറിനെയും കണ്ടത്. എം.വി.ആര്‍. മറ്റൊരുവഴിയിലേക്ക് തിരിഞ്ഞുനടന്നപ്പോള്‍ അണികളുടെ മനസ്സിലുണ്ടായ മുറിവും അത്രമേലാഴത്തിലുള്ളതായിരുന്നു. ആദ്യകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിസന്ധിനേരിട്ട ഘട്ടങ്ങളിലെല്ലാം എം.വി.ആര്‍. നേരിട്ടെത്തുമായിരുന്നു. അദ്ദേഹം വരുന്നതറിഞ്ഞാല്‍ മറ്റെല്ലാം മറന്ന് ആയിരങ്ങള്‍ മൈക്കിനുമുന്നില്‍ കാതോര്‍ത്തിരിക്കും. എതിരാളികളുടെ നേര്‍ക്കുനേര്‍നിന്നുള്ള പ്രസംഗം. അണികള്‍ക്കിടയിലേക്ക് എം.വി.ആര്‍. ചോദ്യവും ഉത്തരവും തൊടുത്തുവിടും; സാധാരണക്കാരന്റെ മനസ്സിലുയര്‍ന്ന ചോദ്യങ്ങള്‍, അതിന് പാര്‍ട്ടിലൈനിലുള്ള ഉത്തരങ്ങള്‍. വാക്കുകളിലൂടെ പകരുന്ന ആത്മധൈര്യത്തിന്റെ കരുത്തില്‍ അണികളുണരും. അവരില്‍ പുതിയ വീര്യം നിറയും. സി.എം.പി.യുടെ രൂപവത്കരണത്തിലും അതിന്റെ പ്രവര്‍ത്തനത്തിലും അവസാനകാലത്തും എം.വി.ആര്‍. ആ രീതി കാത്തുസൂക്ഷിച്ചു. കണ്ണടച്ചുതുറക്കുംമുമ്പേ 13 ജില്ലകളിലും എം.വി.ആറിന്റെ തണലില്‍ സി.എം.പി. സ്വന്തം ഓഫീസുകള്‍ പണിത് പ്രവര്‍ത്തനം വ്യാപിപ്പിച്ചത് എതിരാളികള്‍ അത്ഭുതത്തോടെയാണു കണ്ടത്.