പൊള്ളുന്ന വാക്കും നോക്കുംകൊണ്ട് ആളെക്കൂട്ടിയ നേതാവ്‌

എന്‍.വി.പ്രമോദ്‌ Posted on: 10 Nov 2014

മൈക്കിനു മുന്നില്‍ ചോദ്യം, ഉത്തരം. അതാണ് പ്രസംഗം.

പിടിച്ചിരുത്തുന്ന പ്രസംഗമാണ് എം.വി.രാഘവന്റെത്. ചെറിയ വാക്യങ്ങളില്‍ ചോദ്യോത്തരരൂപത്തിലാണത്. ചോദ്യവും ഉത്തരവും അദ്ദേഹംതന്നെ പറയും. ലക്ഷ്യം വ്യക്തമാണ്. അതില്‍ പരിഹാസത്തിന്റെ എരിവ് ഒളിച്ചിരിക്കും. എതിരാളികളെ പച്ചയ്ക്ക് നിര്‍ത്തിപ്പൊരിക്കും. രോഷത്തിന്റെ എല്ലാ ഭാവവും ആ മുഖത്ത് അപ്പോള്‍ പ്രകടമാകും. വയ്യാതായപ്പോഴും അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ആ രോഷം പതഞ്ഞുപൊങ്ങുന്നതു കാണാം അതാണ് മൈക്കിനു മുന്നിലെ എം.വി.ആര്‍.

പാര്‍ട്ടിവിട്ട് പുതിയ പാര്‍ട്ടിയുമായി ജനങ്ങളുടെ മുന്നിലേക്കിറങ്ങിയ എം.വി.ആറിന്റെ പ്രസംഗം കേള്‍ക്കാന്‍ പതിനായിരങ്ങളാണെത്തിയത്. ഒരിക്കല്‍ തങ്ങളുടെ ശത്രുവായ ആളുടെ വാക്കുകള്‍ ചാട്ടുളിപോലെ അതേ നാവില്‍നിന്ന് തിരിച്ചുപറക്കുന്നതു കേട്ട് ആയിരങ്ങള്‍ കൈയടിച്ചു. പല സ്ഥലത്തും വേദിക്കുനേരെ കല്ലേറുണ്ടായത് വെറുതെയല്ല. എം.വി.ആറിനുനേരെതന്നെ ബോംബേറുണ്ടായി.

പൊള്ളുന്ന വാക്കും തീക്ഷ്ണമായ നോട്ടവുംകൊണ്ട് അണികളെ ആകര്‍ഷിച്ച നേതാവാണ് എം.വി.രാഘവനെന്ന് പഴയ സഹപ്രവര്‍ത്തകരും സന്തതസഹചാരികളും അനുസ്മരിക്കുന്നു.

രണ്ടു ശബ്ദത്തില്‍ പ്രസംഗിച്ച് തന്റേതായ ഒരു പ്രസംഗശൈലിതന്നെ അദ്ദേഹം രൂപപ്പെടുത്തി. മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ കഴിഞ്ഞാല്‍ കേരളത്തെ രസിപ്പിച്ചതും കൗതുകംകൊള്ളിച്ചതുമായ പ്രസംഗം എം.വി.ആറിന്റേതാണ്.

ഇരുവരും കണ്ണൂരിലെ നാട്ടുമ്പുറത്തുകാരന്റെ ഭാഷയിലാണ് സംസാരിച്ചതും പ്രസംഗിച്ചതും. എം.വി.ആറിന്റെ പ്രസംഗശൈലി അണികളെ ഹരംകൊള്ളിക്കുന്നതും എതിര്‍പക്ഷത്തെ ആകര്‍ഷിക്കുന്നതുമായിരുന്നു. അദ്ദേഹം പ്രസംഗിക്കുന്നതു കേള്‍ക്കാനായി മാത്രം നിരവധിപേര്‍ പൊതുയോഗസ്ഥലങ്ങളിലെത്തുകയും എം.വി.ആറിന്റെ പ്രസംഗം കഴിഞ്ഞാലുടന്‍ പിരിഞ്ഞുപോവുകയും ചെയ്യുമായിരുന്നു.

സി.പി.എം. നേതാവായിരുന്നപ്പോള്‍ എടാ, പോടാ, വാടാ ശൈലിയിലായിരുന്നു എം.വി.ആറിന്റെ പ്രസംഗമെങ്കില്‍ സി.പി.എം. വിട്ടതോടെ പ്രസംഗത്തിന്റെ ശൈലിമാറിയതായി എം.വി.ആറിനൊപ്പം പാര്‍ട്ടിവിടുകയും 35 വര്‍ഷത്തോളം സന്തതസഹചാരിയായിരിക്കുകയും ചെയ്ത പാപ്പിനിശ്ശേരി സ്വദേശി എം.മനോഹരന്‍ പറഞ്ഞു.

പാര്‍ട്ടിവിട്ടതോടെ വരട്ടുതത്ത്വവാദങ്ങളും മറ്റും ഉപേക്ഷിച്ച് ജനപക്ഷപ്രസംഗങ്ങളായിരുന്നു ഏറെയും. എല്ലാ പത്രങ്ങളും രാവിലെതന്നെ വായിക്കും. എഡിറ്റോറിയലുകളായിരുന്നു അതില്‍ പ്രധാനം. കുറിപ്പുകളൊന്നും എഴുതിവെയ്ക്കാതെയാണു പ്രസംഗം. അത്രയ്ക്കും ഓര്‍മ്മശക്തിയുണ്ടായിരുന്നു അദ്ദേഹത്തിന് -മനോഹരന്‍ പറഞ്ഞു.

സി.പി.എം. വിട്ട് 1986-ല്‍ സി.എം.പി. രൂപവത്കരണസമ്മേളനത്തില്‍ ആറുമണിക്കൂറോളം തുടര്‍ച്ചയായി പ്രസംഗിച്ചു. തുടര്‍ന്നുള്ള നാളുകളില്‍ ദിവസം അഞ്ചും ആറും പൊതുപരിപാടികളിലായി രണ്ടും മൂന്നും മണിക്കൂറുകള്‍നീണ്ട പ്രസംഗത്തിലൂടെയാണ് പുതിയ പാര്‍ട്ടിയുടെ ഉദ്ദേശ്യനയലക്ഷ്യങ്ങള്‍ ജനത്തിനുമുന്നിലവതരിപ്പിച്ചത്. പതിഞ്ഞതാളത്തില്‍ തുടങ്ങി പരിഹാസവും കഠിനമായ പ്രയോഗങ്ങളും അക്രോശങ്ങളുമായി കാണികളെ കൈയിലെടുക്കാനുള്ള മാന്ത്രികവിദ്യ എം.വി.ആറിനറിയാമായിരുന്നു.

തന്റെ പ്രസംഗം കേള്‍ക്കാനെത്തുന്നവരില്‍ ഭൂരിഭാഗവും സി.പി.എമ്മുകാരും ഡി.വൈ.എഫ്.ഐ.ക്കാരുമായിരിക്കുമെന്ന് അദ്ദേഹം എല്ലാ വേദികളിലും പറയും. പ്രസംഗത്തിനിടെ കൂവലുണ്ടായാല്‍ കുറുക്കന്‍മാരാരാണെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറയും. ഒരു യുവജനപ്രസ്ഥാനത്തെ കുറുക്കന്‍മാരുടെ പ്രസ്ഥാനമെന്നുവരെ വിളിച്ച് എം.വി.ആര്‍. ആക്ഷേപിച്ചിട്ടുണ്ട്.

നിലവിലെ പ്രധാന സി.പി.എം. നേതാക്കളെയൊക്കെ ശിഷ്യന്‍മാരെന്നാണ് എം.വി.ആര്‍. പറയുക. ''ഓനൊക്കെ എന്തുചെയ്യുന്ന് അനക്ക് നന്നായറിയാം.''

വേദികളില്‍ അപ്രിയസത്യങ്ങളും രൂക്ഷമായവിമര്‍ശനങ്ങളും പതിവാക്കിയതോടെയാണ് നായനാരെപ്പോലെ എം.വി.ആറിനും എന്തും പറയാമെന്നൊരു സ്വാതന്ത്ര്യം മലയാളികള്‍ ചാര്‍ത്തിക്കൊടുത്തത്. എം.വി.ആറിന്റെ ചാട്ടുളിവാക്കുകളെ പ്രതിയോഗികള്‍ ഭയപ്പെട്ടിരുന്നു.

തീപ്പൊരിപ്രസംഗങ്ങള്‍ സി.പി.എമ്മിനെ ചില്ലറയൊന്നുമല്ല ഒരുകാലത്ത് അലട്ടിയത്. പലയിടത്തും എം.വി.ആറിന്റെ പ്രസംഗങ്ങള്‍ക്കുനേരെ അക്രമമുണ്ടായി. കൂക്കിവിളിയും പതിവായി. പക്ഷേ, അതൊന്നും അദ്ദേഹത്തെ അലട്ടിയിരുന്നില്ല. ചങ്കൂറ്റവും നെഞ്ചുറപ്പോടെയുള്ള നടത്തവും തീക്ഷ്ണമായ നോട്ടവും ശക്തമായ വാക്കുകളും എം.വി.ആറിനെ കണ്ണൂരിന്റെ സിംഹക്കുട്ടിയാക്കിമാറ്റി.

അനുയായികളെ അങ്ങേയറ്റം ഹരംകൊള്ളിക്കുകയും എതിരാളികളെ വിറളിപിടിപ്പിക്കുകയുംചെയ്യുന്നതായിരുന്നു എം.വി.ആര്‍.ശൈലിയെന്ന് എം.വി.ആറിനൊപ്പം പാര്‍ട്ടിവിടുകയും സി.എം.പി.യില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് സി.പി.എമ്മില്‍ തിരിച്ചെത്തുകയുംചെയ്ത മാടായി വയലപ്രയിലെ ഐ.വി.ശിവരാമന്‍ പറഞ്ഞു. വാക്കുകള്‍കൊണ്ടുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം. വാക്കുകള്‍ മാറ്റിപ്പറയാതെ അതിനുവേണ്ടി നിലകൊള്ളുകയുംചെയ്തു -ശിവരാമന്‍ അനുസ്മരിച്ചു.

എം.വി.ആറിനെ ഏറ്റവും രോഷാകുലനായിക്കണ്ട സന്ദര്‍ഭം പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിനുനേരെയുള്ള ആക്രമണത്തിന്റെ ദൃശ്യം കാണാനെത്തിയപ്പോഴാണ്. കത്തിക്കരിഞ്ഞ പാമ്പുകളെയും മുതലകളെയുംകണ്ട അദ്ദേഹം ദേഷ്യംകൊണ്ടു വിറയ്ക്കുകയായിരുന്നു.



MV Raghavan PhotoGallery
MV Raghavan condolence

 

ga