പാലക്കാട്: എം.വി. രാഘവന്റെ അവസാന തിരഞ്ഞെടുപ്പ് അങ്കം നെന്മാറയില്‍. 2011-ലെ നിയമസഭാതിരഞ്ഞെടുപ്പിലായിരുന്നു ആ പോരാട്ടം. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി എം.വി. രാഘവന്‍ എത്തിയപ്പോള്‍ എതിരിടാന്‍ സി.പി.എം. നിയോഗിച്ചത് എസ്.എഫ്.ഐയിലൂടെയും ഡി.വൈ.എഫ്.ഐയിലൂടെയും വളര്‍ന്നുവന്ന വി. ചെന്താമരാക്ഷനെ.
എസ്.എഫ്.ഐ.യെയും ഡി.വൈ.എഫ്.ഐയെയും കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകസ്ഥാനം വഹിച്ച എം.വി.ആറിനെ ആ വഴിയിലൂടെ കടന്നെത്തിയയാള്‍ എതിരിടുന്ന വിരോധാഭാസം ഒരുപക്ഷേ, ചരിത്രത്തിന്റെ നിയോഗമായിരുന്നിരിക്കാം. എം.വി.ആറിനെ അങ്ങേയറ്റം ആരാധനയോടെയാണ് കണ്ടിരുന്നതെന്ന് ചെന്താമരാക്ഷന്‍ പറയുന്നു. എന്നാല്‍, ആ തിരഞ്ഞെടുപ്പുകാലത്തൊന്നും ഇരുവര്‍ക്കും തമ്മില്‍ നേരിട്ടുകാണാന്‍ അവസരം കിട്ടിയില്ല; സംസാരിക്കാനും. ഒരു കാലത്ത് തന്നെ ആരാധനയോടെ കണ്ടിരുന്ന ചെന്താമരാക്ഷന് മുന്നില്‍ കീഴടങ്ങാനായിരുന്നു എം.വി.ആറിനെ ജനം വിധിച്ചത്. മത്സരം കഴിഞ്ഞയുടന്‍തന്നെ എം.വി.ആര്‍. ചികിത്സയ്ക്കായി പോയതോടെ അദ്ദേഹത്തെ കണ്ട് സംസാരിക്കണമെന്ന ചെന്താമരാക്ഷന്റെ ആഗ്രഹം നടന്നില്ല.
തിരഞ്ഞെടുപ്പില്‍ ആദ്യത്തെ ആവേശം അവസാനംവരെ നിലനിര്‍ത്തിയിരുന്നുവെങ്കില്‍ എം.വി. രാഘവന്‍ സുഖമായി ജയിച്ചുകയറുമായിരുന്നെന്ന് കോണ്‍ഗ്രസ് ജില്ലാപഞ്ചായത്തംഗം കെ.വി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. പ്രചാരണം പാതിയെത്തിയപ്പോള്‍ത്തന്നെ അദ്ദേഹത്തെ രോഗം തളര്‍ത്തിയിരുന്നു.