കോഴിക്കോട് : ഒരു ഭരണാധികാരിയെന്ന നിലയിലും രാഷ്ട്രീയ നേതാവെന്ന നിലയിലും എം.വി രാഘവന്‍ അദ്ദേഹത്തിന്റെതായ വ്യക്തിത്വം പുലര്‍ത്തിയെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ അനുസ്മരിച്ചു.
സിപിഎം പ്രതിരോധം മറികടന്ന് സ്വന്തം പാര്‍ട്ടിയുണ്ടാക്കി മുന്നണിപോരാളിയായി നിന്നു. സഹകരണ മേഖലയ്ക്ക് , പ്രത്യേകിച്ച് ആതുരശുശ്രൂഷ രംഗത്തിന് എം.വി.ആര്‍ നല്‍കിയ സംഭാവനകള്‍ ഒരിക്കലും മറക്കാനാവില്ലെന്ന് എം.പി. വീരേന്ദ്രകുമാര്‍ ഓര്‍മ്മിച്ചു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു കാലഘട്ടത്തിലെ ധീരോദാത്തമായ ഏടായിരുന്നു എം.വി.രാഘവനെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഏറ്റവും സമര്‍ത്ഥനായ സംഘാടകനായിരുന്നു എം.വിആറെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. അവസാനകാലത്ത് സിപിഎമ്മുമായി അടുക്കാനുള്ള താല്‍പര്യം അദ്ദേഹം കാണിച്ചതായും വി.എസ് ഓര്‍മ്മിച്ചു.
പാര്‍ട്ടിക്ക് അനുകൂലമായി നില്‍ക്കുന്ന സമയത്തും എതിരായി നില്‍ക്കുന്ന സമയത്തും നിശ്ചയദാര്‍ഢ്യമുള്ള ധീരനായ പോരാളിയായിരുന്നു എം.വി.ആറെന്ന് കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരിച്ചു. സിപിഎം കെട്ടിപ്പടുക്കുന്ന സമയത്ത് വിദ്യാര്‍ഥി യുവജന വിഭാഗത്തെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രവര്‍ത്തന ശൈലി സഹായിച്ചിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിവിട്ട് പോയപ്പോഴും പലരെയും അദ്ദേഹത്തിനൊപ്പം നിര്‍ത്താന്‍ ഇത് സഹായിച്ചതായും കോടിയേരി പറഞ്ഞു.
ബദല്‍ രേഖ കാലത്ത് അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായി. ധാര്‍മികത കാരണം സിപിഎം വിട്ട് പുറത്തുവന്നപ്പോള്‍ സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് അദ്ദേഹത്തിന് വഴിയൊരുക്കാനായെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.
കേരളം മുഴുവന്‍ നടന്ന് പ്രവര്‍ത്തിച്ചിട്ടുള്ള ഉന്നതനേതാവായിരുന്നു എം.വി രാഘവന്‍ എം.എല്‍.എ, മന്ത്രി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം കേരളത്തില്‍ ശ്രദ്ധേയമായ സ്ഥാനം സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍ അനുസ്മരിച്ചു.
അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എം.വിആറിനെ ആദരിക്കുന്നു. അചഞ്ചലനായ കമ്യൂണിസ്റ്റ് തൊഴിലാളി നേതാവായിരുന്നു എം.വിആറെന്ന് സിപിഎം നേതാവ് എം. വിജയകുമാര്‍ പറഞ്ഞു.
എം.വി ആറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും അനുശോചനം രേഖപ്പെടുത്തി.