ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ബദരീനാഥില്‍ കുടുങ്ങിക്കിടന്ന 842 തീര്‍ഥാടകരെ പ്രതികൂല കാലാവസ്ഥയ്ക്കിടയിലും സൈന്യം വെള്ളിയാഴ്ച സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 1,400-ഓളം പേര്‍ ഇനിയും ഇവിടെ കുടുങ്ങിക്കിടപ്പുണ്ട്. ഇവിടത്തെ രക്ഷാപ്രവര്‍ത്തനം രണ്ട് ദിവസംകൂടി തുടരുമെന്ന് വ്യോമസേന അറിയിച്ചു.
ഹര്‍സലില്‍ കുടുങ്ങിക്കിടക്കുന്ന അവസാനത്തെ 12 പേരെയും രക്ഷപ്പെടുത്തിയതോടെ ഇവിടത്തെ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായതായി വ്യോമസേനാ വക്താവ് വിങ് കമാന്‍ഡര്‍ ജെറാര്‍ഡ് ഗാള്‍വേ പറഞ്ഞു.
അതിനിടെ, പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കടക്കുമെന്ന് പറഞ്ഞ് സംസ്ഥാന സ്പീക്കര്‍ ഗോവിന്ദ് സിങ് കുഞ്ജ്‌വാള്‍ വിവാദത്തിന് തിരികൊളുത്തി. സംസ്ഥാന സര്‍ക്കാര്‍ മരണസംഖ്യ ആയിരമെന്ന് കണക്കുകൂട്ടുമ്പോഴാണ് വമ്പന്‍ കണക്കവതരിപ്പിച്ച് സ്പീക്കര്‍ രംഗത്തെത്തിയത്.
പ്രളയദുരന്തത്തിലായ നാട്ടുകാരെ സന്ദര്‍ശിച്ചതില്‍നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് മരണം പതിനായിരം കടക്കുമെന്ന് താന്‍ വിലയിരുത്തിയതെന്ന് സ്പീക്കര്‍ പറഞ്ഞു. മരണസംഖ്യ അയ്യായിരത്തോളമാണെന്ന് കഴിഞ്ഞയാഴ്ച ഇദ്ദേഹം പറഞ്ഞിരുന്നു. സ്പീക്കറുടെ പ്രസ്താവന സംസ്ഥാന സര്‍ക്കാറിനെ നാണംകെടുത്തിയേക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.
അതേസമയം, ഉത്തരാഖണ്ഡിലെ മരണസംഖ്യ 900 ആണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ഒന്നരലക്ഷത്തോളം പേരെ രക്ഷപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
ടെഹ്‌രിയില്‍ 259-ഉം ഡെറാഡൂണില്‍ 139-ഉം ഉത്തരകാശിയില്‍ 132-ഉം ചമോലിയില്‍ 110-ഉം രുദ്രപ്രയാഗില്‍ 71-ഉം റോഡുകള്‍ തകര്‍ന്നെന്നാണ് കണക്ക്. വെള്ളിയാഴ്ച രാത്രിമുഴുവന്‍ പെയ്ത മഴയില്‍ ഗുപ്തകാശി-ഫത്ത ദേശീയപാത തകര്‍ന്നു. രണ്ടിടത്തുണ്ടായ മലയിടിച്ചിലാണ് ദേശീയപാത 109 ഗതാഗതയോഗ്യമല്ലാതാക്കിയത്.
പ്രളയംമൂലം രുദ്രപ്രയാഗ്, ചമോലി, ഉത്തരകാശി ജില്ലകളില്‍ ഒറ്റപ്പെട്ടുപോയ 600 ഗ്രാമങ്ങളിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരികയാണ്. വ്യോമമാര്‍ഗം മാത്രമേ ഇവിടേക്ക് സാധനങ്ങള്‍ എത്തിക്കാനാവൂ. കാലാവസ്ഥ തുടരെ പ്രതികൂലമാകുന്നത് ഇവയുടെ വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഏറ്റവുമധികം ദുരന്തമുണ്ടായ കേദാര്‍നാഥില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത് തുടരുകയാണ്. 34 മൃതദേഹങ്ങള്‍ ഇതുവരെ ദഹിപ്പിച്ചെന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കിട്ടിയ 12 മൃതദേഹങ്ങള്‍കൂടി ദഹിപ്പിക്കാനുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
കേദാര്‍നാഥ് ക്ഷേത്രം പുനരുദ്ധരിക്കുന്നതിന് മുന്നോടിയായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ അഞ്ചംഗങ്ങള്‍ ഉടന്‍ ഇവിടം സന്ദര്‍ശിക്കും. ക്ഷേത്രത്തിന് പറ്റിയ കേടുപാടിന്റെ തോത് വിലയിരുത്തുന്നതിനാണിത്.
പ്രളയ ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം 8000 സൈനികരുടെയും 50 ഹെലിക്കോപ്റ്ററുകളുടെയും സേവനം ലഭ്യമാക്കിയെന്ന് പ്രതിരോധ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. വ്യോമസേനയുടെ 37 ഹെലിക്കോപ്റ്ററുകളും കരസേനയുടെ 13 കോപ്റ്ററുകളുമാണ് ദൗത്യത്തില്‍ പങ്കെടുത്തത്.
അതേസമയം, ഭാഗീരഥി നദിയിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ തീരത്ത് താമസിക്കുന്ന 200 കുടുംബങ്ങളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. വെയിലുറച്ചതോടെ, മഞ്ഞുരുകാന്‍ തുടങ്ങിയതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നും പ്രളയഭീഷണിയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
കനത്ത മഴയില്‍ ഉത്തര്‍പ്രദേശിലെ പ്രധാനനദികളായ ഗംഗ, ശാരദ, ഘാഗ്ര നദികളിലെ വെള്ളപ്പൊക്കം തുടരുകയാണ്. ഇതുമൂലം അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിക്കഴിഞ്ഞു.