രക്ഷാപ്രവര്‍ത്തനത്തിനിടെ കോപ്റ്റര്‍ തകര്‍ന്ന് 19 മരണം

പി.കെ. മണികണ്ഠന്‍ Posted on: 26 Jun 2013

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം

ഡെറാഡൂണ്‍ : പ്രളയബാധിതരെ രക്ഷപ്പെടുത്തുന്നതിനിടെ ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിനടുത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് വ്യോമസേനാംഗങ്ങളും അര്‍ധസൈനികവിഭാഗക്കാരുമടക്കം 19 പേര്‍ മരിച്ചതായി സംശയം. എട്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു.

വ്യോമസേനയുടെ റഷ്യന്‍ നിര്‍മ്മിതമായ എം.ഐ-17 വി-5 കോപ്റ്ററാണ് പ്രതികൂല കാലാവസ്ഥയില്‍ തകര്‍ന്നു വീണത്. കോപ്റ്ററില്‍ 19 പേരാണ് ഉണ്ടായിരുന്നതെന്നും അപകടത്തില്‍ ആരെങ്കിലും രക്ഷപ്പെട്ടിരിക്കാനുള്ള സാധ്യത കുറവാണെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി(എന്‍.ഡി.എം.എ) വൈസ് ചെയര്‍മാന്‍ എം.ശശിധര്‍ റെഡ്ഡി അറിയിച്ചു.

കണ്ടെടുത്ത അഞ്ചു മൃതദേഹങ്ങള്‍ വ്യോമസേനാംഗങ്ങളുടേതാണ്. അര്‍ധ സൈനികവിഭാഗങ്ങളായ ഐ.ടി.ബി.പിയുടെയും എന്‍.ഡി.ആര്‍.എഫിന്റെയും അംഗങ്ങളും കോപ്റ്ററിലുണ്ടായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. ഗോച്ചറില്‍നിന്നും പ്രളയബാധിതരെ രക്ഷപ്പെടുത്തി ഗുപ്തകാശിയിലെത്തിച്ച ശേഷം ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്ന കേദാര്‍നാഥിലേക്ക് തിരിച്ചതായിരുന്നു കോപ്റ്റര്‍. അവിടെനിന്നും മടങ്ങിവരവെ ഗൗരീകുണ്ഡിനു സമീപം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് ഔദ്യോഗികവിശദീകരണം. അതേസമയം, അപകടം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു.

സംഭവത്തില്‍ സൈനികതല അന്വേഷണം തുടങ്ങിയതായി വ്യോമസേനാവക്താവ് അറിയിച്ചു. റഷ്യന്‍നിര്‍മിത കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷമാണ് ഈ വിഭാഗത്തില്‍പ്പെട്ട കോപ്റ്റര്‍ രംഗത്തിറക്കിയത്. ഇത്തരം 80 കോപ്റ്ററുകള്‍ ഇന്ത്യ വാങ്ങിയിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ 'ഓപ്പറേഷന്‍ റാഹത്ത്' എന്ന് പേരിട്ട് വ്യോമസേന നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 45 ഹെലികോപ്റ്ററുകളാണ് ഉപയോഗിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമായിരുന്നു ചൊവ്വാഴ്ച. ഗൗരീകുണ്ഡിന് സമീപം രുദ്രപ്രയാഗില്‍ ഞായറാഴ്ചയായിരുന്നു ആദ്യത്തെ അപകടം. ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി സാധനങ്ങള്‍ കൊണ്ടുപോയ സ്വകാര്യകോപ്റ്ററാണ് തകര്‍ന്നത്. എന്നാല്‍, ആളപായമുണ്ടായിരുന്നില്ല.

കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട് ദിശ തെറ്റിയതാണ് വ്യോമസേനാകോപ്റ്റര്‍ തകര്‍ന്നതിനുള്ള കാരണമെന്നാണ് പ്രാഥമികനിഗമനം. കേദാര്‍നാഥില്‍ നിന്ന് ഗൗരീകുണ്ഡിലേക്ക് തിരിക്കവേ കോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടുദിവസമായി കനത്ത മഴയാണ് ഉത്തരാഖണ്ഡിലെങ്ങും . തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവും തടസ്സപ്പെട്ടിരുന്നു. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ജോളി ഗ്രാന്‍ഡ് വിമാനത്താവളത്തില്‍ മൂന്ന് കോപ്റ്ററുകള്‍മാത്രമേ തിങ്കളാഴ്ച സര്‍വീസ് നടത്തിയുള്ളൂ.

അടുത്ത രണ്ടുദിവസങ്ങളില്‍ ഉത്തരാഖണ്ഡിലെങ്ങും ഇനിയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം പ്രവചിച്ചു. ഇത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചേക്കും.

അതിനിടെ, പ്രളയബാധിതമേഖലകളില്‍ നിന്ന് 142 മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. ഇതോടെ ഉത്തരാഖണ്ഡില്‍ പ്രകൃതിക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 822 ആയി. കേദാര്‍നാഥിലെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് 127 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇനിയും മൃതദേഹങ്ങളുണ്ടെന്നും മരണസംഖ്യ ഉയരാമെന്നും ദേശീയ ദുരന്തപ്രതികരണസേന പറഞ്ഞു.

8,000 പേര്‍ ഇപ്പോഴും വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ട്. അയ്യായിരത്തോളം പേര്‍ ബദരീനാഥിലും 2900 പേര്‍ ഹര്‍സിലിലും സമീപ പ്രദേശങ്ങളിലുമാണുള്ളത്. മഴയും മൂടല്‍മഞ്ഞുംകാരണം ചൊവ്വാഴ്ച വൈകിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. രുദ്രപ്രയാഗില്‍ രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ മാര്‍കോസ് കമാന്‍ഡോകളെ വിളിച്ചു.

മേഘസ്‌ഫോടനവും മലയിടിച്ചിലും ചൊവ്വാഴ്ചയുമുണ്ടായി. തെഹ്‌രി ജില്ലയില്‍ മലയിടിച്ചിലില്‍ സ്ത്രീയും കുട്ടിയും മരിച്ചു. ദേവപ്രയാഗില്‍ മേഘസ്‌ഫോടനവും രുദ്രപ്രയാഗിലെ അഗസ്ത്യമുനിയില്‍ പേമാരിയുമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം

ഡെറാഡൂണ്‍ : വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ അറിയിച്ചു.



 

ga