* ഉത്തരാഖണ്ഡില്‍ മരണം ആയിരം കവിയും
* എണ്‍പതിനായിരത്തോളം പേരെ രക്ഷിച്ചു
* രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാന്‍ രണ്ടാഴ്ച പിടിക്കും
ഉത്തരാഖണ്ഡില്‍ ഞായറാഴ്ച രാവിലെ വീണ്ടും മഴ തുടങ്ങിയതോടെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മലയിടുക്കുകളിലും തീര്‍ഥാടനകേന്ദ്രങ്ങളിലും ഒറ്റപ്പെട്ടവരെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് സുരക്ഷിതസ്ഥാനത്തേക്ക് നീക്കുന്ന പ്രവര്‍ത്തനം ഉച്ചയ്ക്കുശേഷമാണ് പുനരാരംഭിച്ചത്.
തിങ്കളാഴ്ചയോടെ മഴ കനക്കുമെന്ന് പ്രവചനമുള്ളതിനാല്‍ വിവിധഭാഗങ്ങളില്‍ ഒറ്റപ്പെട്ടുപോയ ഇരുപതിനായിരത്തിലേറെപ്പേരെ എങ്ങനെ സുരക്ഷിതസ്ഥാനത്തെത്തിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. മലയിടിച്ചില്‍ ഭയക്കുന്നതിനാല്‍ മന്ദഗതിയിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
ഡെറാഡൂണിലും ജോഷിമഠിലും രാവിലെ മഴപെയ്തതു കാരണം ഞായറാഴ്ച രാവിലെ വൈകിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി തീര്‍ത്ത പാതകളില്‍ ചെളിനിറഞ്ഞതും വെളിച്ചക്കുറവും താത്കാലിക ഹെലിപ്പാഡുകള്‍ നനഞ്ഞുകുതിര്‍ന്നതും കാരണമാണ് കരമാര്‍ഗവും വ്യോമമാര്‍ഗവുമുള്ള രക്ഷാപ്രവര്‍ത്തനം ഞായറാഴ്ച രാവിലെ തടസ്സപ്പെട്ടത്. കേദാര്‍നാഥ്, ബദ്രീനാഥ്, ഹാസില്‍, ഗൗരീകുണ്ഡ് എന്നിവിടങ്ങളിലായിരുന്നു ഞായറാഴ്ച വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തനം. കേദാര്‍നാഥിലും രുദ്രപ്രയാഗിലും ഞായറാഴ്ച കനത്ത മഴപെയ്തു. പ്രതികൂലകാലാവസ്ഥയിലും 3200 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു.
കേദാര്‍നാഥ് പ്രദേശത്തുനിന്ന് 123 മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തതോടെ കഴിഞ്ഞദിവസങ്ങളിലെ പേമാരിയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 680 ആയി. മരണസംഖ്യ ആയിരത്തിലേറെയാകുമെന്നും ഒട്ടേറെപേര്‍ പ്രളയാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടപ്പുണ്ടാകാമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ പറഞ്ഞു. എണ്‍പതിനായിരത്തോളം പേരെ രക്ഷപ്പെടുത്തി.
ദുരിതബാധിതപ്രദേശങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്നുപോയതിനാല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാന്‍ രണ്ടാഴ്ചകൂടി വേണ്ടിവരുമെന്ന് വിജയ് ബഹുഗുണ പറഞ്ഞു. ഉത്തരാഖണ്ഡിനെ പൂര്‍വസ്ഥിതിയിലാക്കാന്‍ വളരെ കാലമെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയിടുക്കുകളില്‍ കുടുങ്ങിപ്പോയവര്‍ക്കുള്ള ഭക്ഷണവും മരുന്നും സൈന്യം എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് കരസേനാമേധാവി ബിക്രം സിങ് അറിയിച്ചു. ദുരന്തമേഖലകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാനായി താത്കാലികപാതകളുടെ നിര്‍മാണത്തിലാണ് ഐ.ടി. ബി.പി. ജവാന്‍മാര്‍.
കേദാര്‍നാഥ്, ബദ്രീനാഥ്, ഗംഗോത്രി, യമുനോത്രി തീര്‍ഥാടനകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന രുദ്രപ്രയാഗ്, ചമോലി, ഉത്തരകാശി ജില്ലകളില്‍നിന്നാണ് എണ്‍പതിനായിരത്തോളം തീര്‍ഥാടകരെ രക്ഷപ്പെടുത്തിയത്. എണ്ണായിരത്തോളം തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുന്ന ബദ്രീനാഥിലാണ് ഇപ്പോള്‍ സേന പ്രധാനമായും രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രുദ്രപ്രയാഗിലെ ജംഗിള്‍ ചട്ടി മേഖലയില്‍ അഞ്ഞൂറോളം പേരും കുടുങ്ങിയിട്ടുണ്ട്.
കേദാര്‍നാഥിലേക്കുള്ള വഴിയുടെ വിവിധ ഭാഗങ്ങളിലായി പതിനാലായിരത്തിലേറെപ്പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍വൃത്തങ്ങള്‍ ഞായറാഴ്ച വൈകീട്ട് അറിയിച്ചത്. മഴ കനത്താല്‍ ഇവരെ സുരക്ഷിതസ്ഥാനത്തെത്തിക്കുകയെന്നത് സേനാവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഭഗീരഥപ്രയത്‌നം തന്നെയാവും.
നാല്‍പ്പതിലേറെ ഹെലിക്കോപ്റ്ററുകളും സൈനികരും അര്‍ധസൈനികരുമുള്‍പ്പെടെ 10,000 പേരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെ ദുരിതബാധിതപ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിന് കേന്ദ്രം ദീര്‍ഘകാലപദ്ധതി ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അംബികാസോണി പറഞ്ഞു.
പ്രളയബാധിതമേഖലകളില്‍ കവര്‍ച്ചയും അക്രമവും
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പ്രളയബാധിത മേഖലകളില്‍ അക്രമിസംഘം ചുറ്റിക്കറങ്ങുന്നുണ്ടെന്നും മൃതദേഹങ്ങളിലെ ആഭരണങ്ങളും മറ്റും മോഷ്ടിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഒറ്റപ്പെട്ടുപോയവരുടെ വസ്തുവകകളും പിടിച്ചുപറിക്കുന്നുണ്ട്.
കേദാര്‍നാഥിലെ ഗൗരികുണ്ഡില്‍ കുടുങ്ങിയ തീര്‍ഥാടകയെയും മകളെയും ബലാത്സംഗം ചെയ്ത ശേഷം കൊന്നുവെന്ന് കഴിഞ്ഞ ദിവസം പോലീസില്‍ പരാതി ലഭിച്ചു. ബിഹാറില്‍ നിന്നുള്ള മറ്റൊരു യാത്രക്കാരിയും ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ടുണ്ട്. പരാതികളില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. സമൂഹവിരുദ്ധശക്തികള്‍ അവസരം മുതലാക്കുന്നുണ്ടാകാമെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി സത്യവ്രത് ബന്‍സല്‍ പറഞ്ഞു.