ന്യൂഡല്‍ഹി: കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമായ മുന്നറിയിപ്പ് കൊടുത്തിരുന്നെങ്കില്‍ ഉത്തരാഖണ്ഡിലെ പ്രളയക്കെടുതികള്‍ ഒഴിവാക്കാമായിരുന്നെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉപാധ്യക്ഷന്‍ എം. ശശിധര്‍ റെഡ്ഡി.
രാജ്യത്തെ കാലാവസ്ഥാ പ്രവചനവിഭാഗം കൂടുതല്‍ കൃത്യവും വ്യക്തവുമായ സംവിധാനം വികസിപ്പിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പില്‍ വീഴ്ചവന്നിട്ടുണ്ടെന്ന കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) കുറ്റപ്പെടുത്തല്‍ ശരിയാണെന്ന് അദ്ദേഹം അംഗീകരിച്ചു. ഇത് പരിഹരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.