ഉത്തരാഖണ്ഡില്‍ വീണ്ടും പേമാരിയുണ്ടാകാന്‍ സാധ്യത

Posted on: 22 Jun 2013

വീണ്ടും പേമാരിയുണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍
മരണം 550 എന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്
750 മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ട്
കേദാര്‍നാഥ് ശവപ്പറമ്പെന്ന് ഉത്തരാഖണ്ഡ് കൃഷിമന്ത്രി
കേന്ദ്രസര്‍ക്കാരിന്റെ അടിയന്തരസഹായം 145 കോടി രൂപ


ന്യൂഡല്‍ഹി: ദുരന്തം സര്‍വനാശം വിതച്ച ഉത്തരാഖണ്ഡില്‍ ജൂണ്‍ 25 മുതല്‍ വീണ്ടും പേമാരിയുണ്ടാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.

മരണസംഖ്യ ഇതുവരെ 550 ആയെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. അക്ഷരാര്‍ഥത്തില്‍ ശവപ്പറമ്പാണ് കേദാര്‍നാഥെന്ന് അവിടം സന്ദര്‍ശിച്ച സംസ്ഥാന കൃഷിമന്ത്രി ഹറക് സിങ് റാവത്ത് പറഞ്ഞു. 'സഹസ്രാബ്ദത്തിലെ നാശ'മെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേദാര്‍നാഥും ബദരിയും പഴയ നിലയിലാക്കാന്‍ നാലോ അഞ്ചോ വര്‍ഷം വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.

14,000 പേരെ കാണാനില്ലെന്നാണ് വിവരം. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ പറഞ്ഞു. ഗതാഗത, വാര്‍ത്താവിനിമയബന്ധങ്ങള്‍ താറുമാറായതും പ്രതികൂലകാലാവസ്ഥയും മൂലം സൈന്യത്തിനെത്തിപ്പെടാനാവാത്ത പ്രദേശങ്ങളില്‍ അരലക്ഷത്തോളംപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

പതിനായിരത്തോളം സൈനികരാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. കരസേനയുടെയും വ്യോമസേനയുടെയും 43 ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. വെള്ളിയാഴ്ച 40,000 ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയ ഹെലിക്കോപ്റ്ററുകള്‍ മലയിടുക്കുകളില്‍ കുടുങ്ങിയവരെ രക്ഷിച്ചു.

ഉത്തരാഖണ്ഡിന് അടിയന്തര ദുരിതാശ്വാസ സഹായമായി കേന്ദ്രസര്‍ക്കാര്‍ 145 കോടി രൂപ അനുവദിച്ചു.




 

ga