രാംജനം ഇനി ഒറ്റയ്ക്ക്; ധ്രുവ് കേദാര്‍നാഥിലേക്കില്ല

Posted on: 24 Jun 2013



ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ ഡെറാഡൂണില്‍ വന്നിറങ്ങുമ്പോള്‍ രാംജനത്തിന്റെ ഇരുകണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു. മലവെള്ളം ഭാര്യയുടെ പ്രാണന്‍ തട്ടിയെടുത്തതിന്റെ വേദനയില്‍ അയാള്‍ എയര്‍ബേസിലെ വെറും തറയില്‍ ഒറ്റയ്ക്കിരുന്ന് തേങ്ങി. ഒരാഴ്ചയോളമായി കേദാര്‍നാഥില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു രാംജനം.

ഉത്തര്‍പ്രദേശ് അസംഗഢിനടുത്തുള്ള മാവു നിവാസിയായ ഈ വയോധികന്‍ തീര്‍ഥയാത്രയ്ക്കായി കേദാര്‍നാഥിലേക്കു തിരിച്ചതായിരുന്നു. കൈലാസനാഥനെ ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു ദുരന്തം. മലവെള്ളത്തില്‍ ഭാര്യ ഒലിച്ചു പോയി. ഇത്രയും ദിവസം ഒറ്റയ്ക്കു തീ തിന്ന് ജീവിച്ച രാംജനം ഞായറാഴ്ച വൈകിട്ട് ഡെറാഡൂണ്‍ ജോളിഗ്രാന്‍ഡ് എയര്‍ബേസിലെത്തി. മക്കള്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. അവരോടെന്തു പറയണമെന്നറിയാതെ രാംജനം തേങ്ങിക്കൊണ്ടേയിരുന്നു.

ഇങ്ങനെ, മരണം മുന്നില്‍ക്കണ്ടതിന്റെ പേടിയിലായിരുന്നു ദുരന്തഭൂമിയില്‍ നിന്ന് ഡെറാഡൂണില്‍ വന്നിറങ്ങിയ ഓരോരുത്തരും. കിലോമീറ്ററുകളോളം നടന്നുവന്നതിന്റെ അനുഭവം യു.പി. ഗോണ്ട സ്വദേശി ദേവകി നന്ദന്‍ വിവരിച്ചു. കേദാര്‍നാഥില്‍ നിന്ന് മടങ്ങവേ രാംബാഡയില്‍ എത്തിയപ്പോഴായിരുന്നു മലയിടിച്ചിലും വെള്ളപ്പാച്ചിലും. കൂറ്റന്‍ പാറക്കല്ലുകള്‍ ഉരുണ്ടുവന്നതും ഭീകരമായ ശബ്ദത്തോടെ താഴേക്ക് പതിച്ചതുമൊക്കെ അവരുടെ കണ്ണുകളില്‍ ഭീതിയുടെ നിഴലാവുന്നു.

കണ്‍മുന്നില്‍വെച്ച് ഒരാള്‍ നദിയിലേക്ക് വീണപ്പോള്‍ നിസ്സഹായനായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. മൂന്നു ദിവസത്തോളം വെള്ളവും ഭക്ഷണവുമില്ലാതെ അലഞ്ഞു. ഒടുവില്‍ ഹെലികോപ്റ്ററെത്തി ദേവകി നന്ദനെയും ഭാര്യ അഖിലേഷിനെയും ഡെറാഡൂണിലെത്തിച്ചു. അമ്മാവനും ഒപ്പമുണ്ടായിരുന്നെങ്കിലും കൂട്ടംതെറ്റിപ്പോയ അദ്ദേഹം ഇപ്പോള്‍ എവിടെയുണ്ടെന്നറിയില്ല.

കേദാര്‍നാഥ് കണ്ടിറങ്ങവെ ഹിമതടത്തില്‍ കുടുങ്ങിയ ജബല്‍പുര്‍ സ്വദേശി റോക്കിയും ശരിക്ക് ഭക്ഷണം കഴിച്ചത് ഡെറാഡൂണില്‍ എത്തിയ ശേഷമായിരുന്നു.

സ്‌നേഹ, ധ്രുവ് എന്നീ കുട്ടികള്‍ എയര്‍ബേസിലെ ക്യാമ്പില്‍ എല്ലാവരുടെയും കൗതുകമായി. മലവെള്ളവും മലയിടിച്ചിലും മരണങ്ങളുമൊക്കെ മുന്നില്‍ക്കണ്ടിട്ടും രണ്ടുപേരും ചുറുചുറുക്കോടെ ഓടിനടക്കുന്നു. ഡല്‍ഹിക്കടുത്ത് ഫരീദാബാദില്‍ താമസിക്കുന്ന സ്‌നേഹ രണ്ടാം ക്ലാസിലും അനിയന്‍ ധ്രുവ് ഒന്നാം ക്ലാസിലുമാണ്. ദുരന്തത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അനിയന്‍ ചേട്ടത്തിയോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു. വലിയ പാറക്കഷണങ്ങള്‍ താഴേക്ക് ഉരുണ്ടുവന്നതും മലവെള്ളം കുത്തിയൊലിച്ചു ഗര്‍ജിച്ചതുമൊക്കെ ഒരു കഥപോലെ ധ്രുവ് വിവരിച്ചു തന്നു.

മൂന്ന് സ്ത്രീകള്‍ തങ്ങളുടെ മുന്നില്‍ മരിച്ചുവീണതും ഒരാള്‍ മണ്ണിനടിയില്‍ പൂഴ്ന്നു കിടന്നതുമൊക്കെ ഒരു പേടിയുമില്ലാതെ അവന്‍ പറഞ്ഞു. അമ്മാവനും അമ്മായിക്കുമൊപ്പമായിരുന്നു കേദാര്‍നാഥ് യാത്ര. അമ്മയും അച്ഛനും ഫരീദാബാദില്‍ കാത്തിരിപ്പാണ്. ഇത്രയും ദിവസം മലഞ്ചെരിവില്‍ കാത്തുകെട്ടിക്കിടന്നെങ്കിലും ഹെലികോപ്റ്ററിലെ യാത്ര ഇരുവര്‍ക്കും ആവേശമായി. പത്തുദിവസം പെട്ടു കിടന്നപ്പോള്‍ പേടിയായില്ലേയെന്നു ചോദിച്ചപ്പോള്‍ ധ്രുവ് ഇല്ലെന്നു തലയാട്ടി. പക്ഷേ, ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു- ജീവിതത്തിലൊരിക്കലും ഇനി കേദാര്‍നാഥിലേക്കില്ല.

മഴയുടെ താണ്ഡവം മുന്നില്‍ക്കണ്ട ജബല്‍പുര്‍ സ്വദേശികളായ കൃതി, സഹോദരന്‍ രാജീവ്, അച്ഛന്‍ ശ്രീനാഥ്, അമ്മ മാലതി എന്നിവര്‍ക്ക് ഏറെ കൊതിച്ച കേദാര്‍നാഥ് യാത്ര പൂര്‍ത്തിയാക്കാനാവാത്തതിന്റെ മോഹഭംഗമാണ്. സ്‌പെയിനിലെ ഗ്രൂപ്പ് ഓഫ് സംഗയിലെ ഏഴുപേരും ഗൗരീകുണ്ഡില്‍നിന്ന് രക്ഷപ്പെട്ട് ഡെറാഡൂണിലെത്തി.

രാജസ്ഥാന്‍ സ്വദേശികളായ സീതാറാം മിശ്രയും കൈലാഷ് ഭാരിയും ഹെലികോപ്റ്റര്‍ ഇറങ്ങിയ ഉടന്‍ അധികൃതരോട് ക്ഷോഭിക്കാന്‍ തുടങ്ങി. ബദരീനാഥില്‍ ദിവസങ്ങളായി കുടുങ്ങിക്കിടക്കുകയായിരുന്നു അവര്‍. വൃദ്ധരായ തങ്ങളെപ്പോലുള്ളവര്‍ ഹെലികോപ്റ്റര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായെന്ന് അവര്‍ പറഞ്ഞു.

ഹെലിപ്പാഡിനടുത്ത് ഓരോരുത്തരെയും വരിയില്‍ നിര്‍ത്തുകയാണ് സൈനികര്‍. രാത്രി പന്ത്രണ്ടിനും രണ്ടു മണിക്കുമൊക്കെ തങ്ങളുടെ ഊഴം വരാനായി കാത്തിരിക്കുകയാണ് തങ്ങളെപ്പോലുള്ള വൃദ്ധര്‍.

ബദരീനാഥിലാവട്ടെ കൊടുംതണുപ്പാണ്. അത് രാത്രിയാവുമ്പോള്‍ ഇരട്ടിയായി കോച്ചി വിറയ്ക്കും. ആശ്രമങ്ങളില്‍ നിന്ന് ഇടയ്ക്കിടെ കിട്ടുന്ന ഭക്ഷണമല്ലാതെ സേന വിതരണം ചെയ്തതൊന്നും തങ്ങള്‍ക്കു ലഭിച്ചിട്ടില്ല. സൈനികര്‍ എന്തെങ്കിലും ചെയ്യുന്നതല്ലാതെ, സര്‍ക്കാര്‍ സംവിധാനം പാടെ പരാജയപ്പെട്ടതായും അവര്‍ പരാതി
പ്പെട്ടു.

ക്ഷേത്രസമിതിയുടെയും ആശ്രമങ്ങളുടെയും കാരുണ്യത്തിലാണ് ഇപ്പോള്‍ അവിടെയുള്ളവരുടെ ജീവന്‍ നിലനില്‍ക്കുന്നത്. ഇപ്പോഴും 13,000-ത്തോളം പേര്‍ ബദരീനാഥില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സീതാറാമും കൈലാഷും പറഞ്ഞു.





 

ga