ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചുകൊണ്ടുവരാന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി, പ്രവാസികാര്യമന്ത്രി വയലാര്‍ രവി, ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെക്കണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഇവരില്‍ ശിവഗിരി സ്വാമിമാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. സ്വാമിമാരെ കൊണ്ടുവരാന്‍ ഹെലികോപ്റ്റര്‍ ഏര്‍പ്പെടുത്തിയിരുന്നു. അവര്‍ക്ക് മാത്രമായി വരാന്‍ താത്പര്യമില്ലെന്നും എല്ലാവരെയും കൊണ്ടുപോകണമെന്നും പറഞ്ഞതുകൊണ്ടാണ് പദ്ധതി നടക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ രാജന്‍ (58), ഭാര്യ ലീല (51) എന്നിവരെയും കാണാതായതായി സര്‍ക്കാറിന് വിവരം ലഭിച്ചിരുന്നു. ഇവര്‍ മാനസസരോവറിലുണ്ടെന്നും സുരക്ഷിതരാണെന്നും ബന്ധുക്കള്‍ അറിയിച്ചു. കൂത്താട്ടുകുളത്തുനിന്നുള്ള ശശിധരന്‍, കനക എന്നിവരും മാനസസരോവറില്‍ സുരക്ഷിതരാണ്.ശിവഗിരി ആശ്രമത്തിലെ സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദന്‍, കൃഷ്ണസ്വാമി, സുധാകരന്‍, ഹരിലാല്‍, അശോകന്‍, വിശ്വംഭരന്‍, മിനി, കാഞ്ചന, മീര എന്നിവരും ജനാര്‍ദനക്കുറുപ്പ്, ഉണ്ണികൃഷ്ണന്‍ എന്നിവരും ബദരീനാഥിലെ ബോലാനന്ദ ആശ്രമത്തിലുണ്ട്. ഈമാസം 16 മുതല്‍ അവിടെ കഴിയുന്ന ഇവര്‍ സുരക്ഷിതരാണ്.ഗോപാലകൃഷ്ണന്‍ എന്നയാള്‍ ബദരീനാഥിലെ ആന്ധ്ര ആശ്രമത്തിലാണുള്ളത്. മധു വേണുഗോപാല്‍, ശ്രീദേവി, ജോഷ് എന്നിവര്‍ ഗംഗോത്രിയിലെ ഹര്‍ഷില്‍ സൈനിക ക്യാമ്പില്‍ സുരക്ഷിതരാണ്.
രുദ്രപ്രയാഗിലുണ്ടായിരുന്ന സ്വാമി മംഗളാനന്ദ, സ്വാമിനി ശാന്തിപ്രിയ, സ്വാമിനി കല്യാണി, ആചാര്യ മാധവദാസ്, നാരായണന്‍, പുരുഷോത്തമദാസ് എന്നിവരെ റോഡ് മാര്‍ഗം ഹരിദ്വാറിലേക്ക് എത്തിക്കുന്നുണ്ട്. മലപ്പുറം മഞ്ചേരിയില്‍നിന്നുള്ള സുനില്‍കുമാര്‍, നീലകണ്ഠന്‍ ഭട്ടതിരി, ശങ്കരനാരായണന്‍ എന്നിവര്‍ ആദി കൈലാസത്തിലേക്കുള്ള യാത്രാമധ്യേ ഷിര്‍ദ ക്യാമ്പിലാണ് കുടുങ്ങിയത്. വ്യാസാശ്രമത്തിന്റെ നേതൃത്വത്തില്‍ തീര്‍ഥാടനത്തിനുപോയ 40 മലയാളികള്‍ സുരക്ഷിതരാണ്. യമുനോത്രിയില്‍ കുടുങ്ങിയ മുംബൈയില്‍ നിന്നുള്ള 40 അംഗ മലയാളി സംഘം രാത്രി ഒമ്പതരയോടെ ഹരിദ്വാറിലെത്തി. ബദരിയില്‍ നിന്ന് ഗോച്ചറിലെത്തിയ ആറംഗ മലയാളി സംഘവും ഹരിദ്വാറിലെത്തിയിട്ടുണ്ട്. മലയാളികളെ തിരിച്ചെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേരളാഹൗസ് റെസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഡെറാഡൂണിലെത്തി. വിവരങ്ങള്‍ക്ക് 09910997156 (റെസിഡന്റ് കമ്മീഷണര്‍) , 09497620630 (ഡെപ്യൂട്ടി സെക്രട്ടറി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ഉത്തരാഖണ്ഡില്‍ കുടുങ്ങിയ ശിവഗിരി സംന്യാസിമാരെ രക്ഷപ്പെടുത്തിക്കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് എം.പി.മാരായ എ. സമ്പത്തും എം.പി. അച്യുതനും കേരളാഹൗസിലെ റെസിഡന്റ് കമ്മീഷണറുടെ ഓഫീസില്‍ ധര്‍ണ നടത്തി.
കേരളം മെഡിക്കല്‍ സംഘത്തെഅയയ്ക്കും
തിരുവനന്തപുരം: ഉത്തരാഖണ്ഡിലെ പ്രളയബാധിതമേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന, മലയാളികള്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകരെ സഹായിക്കാന്‍ പത്തംഗ മെഡിക്കല്‍സംഘത്തെ അയയ്ക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറും സമഗ്ര ആരോഗ്യപദ്ധതിയുടെ നോഡല്‍ ഓഫീസറുമായ ഡോ. എസ്. സജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തില്‍ നിന്ന് പോവുക.