അമ്മമാരുടെ കണ്‍മുന്നില്‍ ഇപ്പോഴും ഹിമാലയന്‍ പ്രളയം ഇരമ്പുന്നു

പി.അഭിലാഷ്‌ Posted on: 27 Jun 2013

കൊട്ടാരക്കര: ഹിമാലയന്‍ സുനാമി തകര്‍ത്തെറിഞ്ഞ കേദാര്‍നാഥില്‍നിന്ന് സ്വന്തം വീടുകളില്‍ എത്തിയെന്ന് വിശ്വസിക്കാന്‍ കൊട്ടാരക്കരയിലെ നാല് അമ്മമാര്‍ക്ക് ഇനിയും കഴിയുന്നില്ല. 'പ്രളയം എന്നു കേട്ടിട്ടേയുള്ളു, മന്ദാകിനിയും അളകനന്ദയും ഗംഗയും കലിതുള്ളി ഒഴുകുന്നത് കണ്ട് കുട്ടികളെപ്പോലെ പൊട്ടിക്കരയാനേ കഴിഞ്ഞുള്ളൂ'. കൈലാസനാഥന്റെ കാരുണ്യത്താല്‍ ജീവിതം തിരിച്ചുലഭിച്ച ഇവര്‍ കേദാര്‍നാഥിലേക്കുള്ള യാത്രയുടെ കഥ പറയുന്നു.

തൃക്കണ്ണമംഗല്‍ ശ്രീഭവനില്‍ ഓമന (62), പടിഞ്ഞാറ്റിന്‍കര കാര്‍ത്തികയില്‍ ലക്ഷ്മിക്കുട്ടിയമ്മ (62), കിഴക്കേക്കര സ്വദേശി സരസ്വതിയമ്മ (60), പരേതനായ ഡോ. തമ്പാന്റെ ഭാര്യ സുശീല (62) എന്നിവരായിരുന്നു യാത്രികര്‍. പതിറ്റാണ്ടുകള്‍ നീണ്ട സുഹൃദ് വലയത്തിലെ കണ്ണികളായ ഇവര്‍ പതിവായി നടത്തുന്ന തീര്‍ഥയാത്രകളുടെ തുടര്‍ച്ചയായാണ് കേദാര്‍നാഥിലേക്കും ബദരിനാഥിലേക്കുമുള്ള യാത്ര ആസൂത്രണം ചെയ്തത്. എറണാകുളം ആസ്ഥാനമായ ഇന്ത്യന്‍ വൊക്കേഷന്‍ എന്ന ടൂര്‍ ഏജന്‍സിയുടെ പരസ്യം കണ്ടാണ് നാലുപേരും കേദാര്‍നാഥിലേക്ക് പോകാന്‍ തീരുമാനിച്ചത്. 25 പേര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും യാത്രാദിനമായപ്പോള്‍ എത്തിയത് ഏഴുപേര്‍ മാത്രം.

ജൂണ്‍ പത്തിന് പുറപ്പെട്ട യാത്ര 12ന് ഹരിദ്വാറില്‍ എത്തി. 13ന് കേദാര്‍നാഥിലേക്ക് ജീപ്പില്‍ പുറപ്പെട്ടു. രാവിലെ ഏഴരയോടെ ഗൗരികുണ്ഡില്‍ എത്തി. തുടര്‍ന്ന് 16 കിലോമീറ്റര്‍ മുകളിലേക്ക് നടന്നു കയറണം. ഡോളി തൊഴിലാളികള്‍ മുടക്കത്തിലായതിനാല്‍ മൂവായിരം രൂപ നല്‍കിയാല്‍ കൂടയില്‍ ചുമന്ന് മുകളിലെത്തിക്കും. എല്ലാവരും കൂടയില്‍ കയറിയെങ്കിലും ഓമനയമ്മ മാത്രം ഇവര്‍ക്കൊപ്പം നടന്നു നീങ്ങി. ആറ് മണിയോടെ കേദാര്‍ നാഥിലെത്തി. അപ്പോഴേക്കും മഴ തുടങ്ങിയിരുന്നു. ക്ഷേത്രത്തിനോടുചേര്‍ന്ന ലോഡ്ജില്‍ മുറിയെടുത്തു. ക്ഷീണംമൂലം ക്ഷേത്രദര്‍ശനം പുലര്‍ച്ചയിലേക്ക് മാറ്റി. രാത്രി മുഴുവന്‍ മഴ നിര്‍ത്താതെ പെയ്തിരുന്നു. ലോഡ്ജിനരികിലൂടെ ഒഴുകുന്ന അളകനന്ദയുടെ രൂപവും ഭാവവും മാറിത്തുടങ്ങി. പുലര്‍ച്ചെ ക്ഷേത്രദര്‍ശനം നടത്തി 9 മണിയോടെ തിരിച്ചിറങ്ങാന്‍ തുടങ്ങി. നടന്നുപോകുന്ന വഴിയില്‍ പാറകള്‍ പൊടിഞ്ഞുവീഴുന്നതും മണ്ണിടിഞ്ഞു മാറുന്നതും കണ്ടു. ഒരു വിധം ഗൗരികുണ്ഡിലെത്തി. മുറിയെടുത്ത് അവിടെ തങ്ങി.

മുകളിലേക്ക് വാഹനങ്ങള്‍ വരുന്നത് തടഞ്ഞതിനാല്‍ മടങ്ങിപ്പോകാന്‍ വാഹനമില്ല. എവിടെനിന്നോ തീര്‍ഥാടകരുമായെത്തിയ വാഹനം മടങ്ങാന്‍ തുടങ്ങുന്നതു കണ്ട് ഓടിയടുത്തു. ടൂര്‍ മാനേജര്‍ മധു എല്ലാവരെയും വലിച്ചു വാഹനത്തിനുള്ളിലാക്കുകയായിരുന്നു. ഇതിനകം കേദാര്‍നാഥില്‍ തങ്ങള്‍ താമസിച്ചിരുന്ന ഹോട്ടല്‍ ഉള്‍പ്പെടെ പ്രളയത്തില്‍ ഒഴുകിപ്പോയി എന്ന വാര്‍ത്തയറിഞ്ഞു. ഗൗരികുണ്ഡില്‍നിന്ന് മടങ്ങിയ അവസാന വണ്ടിയിലെ യാത്രക്കാരായിരുന്നു അവര്‍. ഈ വാഹനമാണ് ഇവരെ ജീവിതത്തിലേക്ക് മടക്കിയെത്തിച്ചതും.

സീതാപുരിയില്‍ എത്തിയപ്പോള്‍ അടുത്ത വാര്‍ത്ത എത്തി. ഗൗരികുണ്ഡില്‍ തങ്ങള്‍ തങ്ങിയ ഹോട്ടലും ഒഴുകിപ്പോയി. പ്രളയം പിന്നാലെ എത്തുന്നതുപോലെ, മണ്ണുകലങ്ങിമറിഞ്ഞ് തവിട്ടുനിറത്തിലായ വെള്ളം മൂന്നാള്‍പൊക്കത്തില്‍ തട്ടിത്തെറിച്ചു പോകുന്ന കാഴ്ചയാണെങ്ങും.

സീതാപുരിയിലെ ഹോട്ടലില്‍ മൂന്നുനാള്‍ തങ്ങേണ്ടിവന്നു. ഹോട്ടലിലെ ഭക്ഷണം തീര്‍ന്നു. കൂട്ടത്തിലുണ്ടായിരുന്ന ആരോ പോയി കുറേ പഴങ്ങള്‍ വാങ്ങി വന്നതുമാത്രമായി ആശ്വാസം. മന്ദാകിനി നദിയിലെ ഇരമ്പലിനൊപ്പം ഹോട്ടലിലെ ജനാലകളും വാതിലുകളും വിറച്ചുകൊണ്ടിരുന്നു. ഹോട്ടല്‍ മുറിയിലേക്ക് നദി ഇരമ്പിയെത്തുന്നതുപോലെ തോന്നി. ബന്ധുക്കളുടെ പേരുവിളിച്ചും ഈശ്വരനെ വിളിച്ചും ചിലര്‍ ഉറക്കെ നിലവിളിച്ചു. ഈ രാത്രിക്കപ്പുറം ജീവിതമില്ലെന്നുറപ്പിച്ച നിമിഷങ്ങള്‍. പലര്‍ക്കും അസുഖങ്ങളുണ്ടായി.

മൂന്നു ദിവസത്തിനുശേഷം പട്ടാളവണ്ടിയുടെ അകമ്പടിയോടെ മടക്കയാത്ര തുടങ്ങി. ഗുപ്തകാശിവരെ എത്തിയപ്പോഴേക്കും പിന്നീട് റോഡില്ല. വഴിമാറിയായി സഞ്ചാരം. മലകള്‍ നിലംപൊത്തുന്നതും കൂറ്റന്‍ പാറകളും റോഡുകളും അടര്‍ന്നുമാറുന്നതും കാണാമായിരുന്നു. പലയിടത്തും മണ്ണില്‍ പുതഞ്ഞനിലയില്‍ ശരീരങ്ങള്‍. രണ്ടര ദിവസമാണ് വാഹനത്തിനുള്ളില്‍ കഴിച്ചുകൂട്ടിയത്. ഹരിദ്വാറിലെത്തിയതോടെയാണ് ആശ്വാസമായത്. കടന്നുവന്ന വഴികളില്‍ ആഹാരവും പഴങ്ങളുമായി നാട്ടുകാര്‍ കാത്തുനിന്നു. പതിനഞ്ചു ദിവസത്തിനുശേഷം വീട്ടിലെത്തിയിട്ടും ഇവരുടെ മനസ്സില്‍ ഗംഗയും അളകനന്ദയും മന്ദാകിനിയും അലറുകയാണ്. കേദാര്‍നാഥ ക്ഷേത്രമന്ദിരമൊഴികെ എല്ലാം തകര്‍ത്തെറിഞ്ഞ പ്രളയം കണ്ണടച്ചാലും മായാത്ത കാഴ്ചയായി ഇവരില്‍ നിറയുന്നു.




 

ga