മരിച്ചവരില്‍ മലയാളിയും

പി.കെ. മണികണ്ഠന്‍ Posted on: 27 Jun 2013

ഉത്തരാഖണ്ഡില്‍ പ്രളയബാധിതരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കഴിഞ്ഞദിവസം ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളി ജവാനും. ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറം പൊറ്റേച്ചിറയില്‍ വീട്ടില്‍ പി.ജി. ജോമോനാണ് മരിച്ച മലയാളി. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസി(ഐ.ടി.ബി.പി)ല്‍ കോണ്‍സ്റ്റബിളായിരുന്നു ജോമോന്‍.

കോപ്റ്ററിലുണ്ടായിരുന്ന 20 പേരും മരിച്ചതായി വ്യോമസേനാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 17 മൃതദേഹങ്ങള്‍ കണ്ടെത്തി. തകര്‍ന്ന കോപ്റ്ററിന്റെ ഭാഗങ്ങളും കണ്ടെടുത്തു. നാല് മൃതദേഹങ്ങള്‍ ബുധനാഴ്ച വൈകിട്ട് ഡെറാഡൂണിലെത്തിച്ചു. സേനയുടെ ഔദ്യോഗിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കേദാര്‍നാഥില്‍ നിന്ന് തിരിച്ച വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എം.ഐ-17 വി-5 കോപ്റ്ററാണ് ഗൗരികുണ്ഡിന് സമീപം തകര്‍ന്നത്. കനത്ത മൂടല്‍മഞ്ഞിലും പ്രതികൂല കാലാവസ്ഥയിലുംപെട്ട് തകര്‍ന്ന ശേഷം കോപ്റ്റര്‍ കത്തിയതായും റിപ്പോര്‍ട്ടുണ്ട്.

വ്യോമസേനയിലെ അഞ്ച് പേര്‍, ഐ.ടി.ബി.പി.യിലെ ആറ് പേര്‍, നൈനിത്താള്‍ ദുരന്ത പ്രതികരണ സേനയിലെ (എന്‍.ഡി.ആര്‍.എഫ്.) ഒമ്പത് പേര്‍ എന്നിങ്ങനെയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച അതിരാവിലെ മുതലേ മരിച്ചവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയിരുന്നു.
മരിച്ച ജോമോന്‍ 2010 ആഗസ്ത് 19-നാണ് സര്‍വീസില്‍ പ്രവേശിച്ചത്. മാര്‍ബിള്‍-മൊസൈക് ജോലിക്കാരനായ ജോര്‍ജ്കുട്ടിയുടെയും വീട്ടമ്മയായ ജോളിയുടെയും മകനാണ്. സഹോദരി: പ്രിയ.

പത്താംക്ലാസ് വരെ തിരുനല്ലൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പഠിച്ച ജോമോന്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയത് പൂച്ചാക്കല്‍ ശ്രീകണേ്ഠശ്വരം എസ്.എന്‍.വി.എച്ച്.എസ്.എസ്സില്‍ നിന്നാണ്. പിന്നീട് സെന്റ് ജോസഫ് ഐ.ടി.ഐ.യില്‍ നിന്ന് സിവില്‍ ഡിപ്ലോമ നേടി.
ഒരു വര്‍ഷത്തോളം വിശാഖപട്ടണത്ത് നാവികസേനയില്‍ ജോലി ലഭിക്കുന്നതിനുള്ള പരിശീലനവും പൂര്‍ത്തിയാക്കി. പിന്നീടാണ് ഐ.ടി.ബി.പി.യില്‍ ചേര്‍ന്നത്. ഹെലികോപ്റ്റര്‍ നിയന്ത്രിച്ചിരുന്നവരില്‍ ഒരാളായ ഫ്ലൈറ്റ് ലഫ്റ്റനന്റ് കെ. പ്രവീണ്‍ മധുര സ്വദേശിയാണ്.
ആഴത്തിലുള്ള മലഞ്ചെരിവുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എന്‍.എ.കെ. ബ്രൗണ്‍ പറഞ്ഞു. കയറില്‍ത്തൂങ്ങി താഴെയിറങ്ങിയാണ് അപകടം നടന്ന സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കോപ്റ്ററിലെ കോക്പിറ്റ് വോയ്‌സ് റെക്കോഡര്‍ പരിശോധിച്ച ശേഷമേ അപകടകാരണം തിരിച്ചറിയാനാവൂ. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും ബ്രൗണ്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും രക്ഷാപ്രവര്‍ത്തനം നടത്തുന്ന സേനാംഗങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും ഗൗച്ചറിലെത്തിയതായിരുന്നു വ്യോമസേനാ മേധാവി. എത്ര പ്രതികൂല കാലാവസ്ഥയായാലും ഉത്തരാഖണ്ഡില്‍ പലയിടങ്ങളിലായി കുടുങ്ങിയിട്ടുള്ള എല്ലാവരെയും സുരക്ഷിതമായി എത്തിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്കി.
അപകടം രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. ബുധനാഴ്ച രാവിലെ മഴ പെയ്‌തെങ്കിലും അല്പസമയത്തിനുള്ളില്‍ കാലാവസ്ഥ അനുകൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടരാനായി. ബദരീനാഥ്, ഹര്‍സില്‍ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടന്ന മലയാളികളെല്ലാം ഹെലികോപ്റ്ററില്‍ സുരക്ഷിതസ്ഥാനങ്ങളിലെത്തി. ഹര്‍സിലില്‍ കുടുങ്ങിയ മൂന്ന് മലയാളികളെ ഹെലികോപ്ടറില്‍ ദരാസുവിലെത്തിച്ചു. അവിടെ നിന്ന് റോഡ് മാര്‍ഗം ഇവരെ ബുധനാഴ്ച രാത്രിയോടെ ഹരിദ്വാറിലെത്തിച്ചു.

ഹര്‍സിലില്‍ നിന്നും ബദരിയില്‍ നിന്നുമായി ചൊവ്വാഴ്ച വ്യോമസേന 636 പേരെ രക്ഷപ്പെടുത്തി. കരസേന ബദരിയില്‍ നിന്ന് പാണ്ഡുകേശപര്‍ പാലം വഴി 2,000 പേരെയും ഹെലികോപ്റ്ററില്‍ 444 പേരെയും രക്ഷപ്പെടുത്തി. ഹര്‍സിലില്‍ നിന്ന് കരസേന രക്ഷപ്പെടുത്തിയത് 600 പേരെയാണ്. ഐ.ടി.ബി.പി. 400 പേരെ രക്ഷപ്പെടുത്തി. ബദരിയില്‍ 2,750 പേരും ഹര്‍സിലില്‍ 540 പേരും ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പ്രളയബാധിതരില്‍ ഇതുവരെ 92,000 പേരെ രക്ഷിച്ചെന്നാണ് കണക്കുകള്‍.

സുരക്ഷിതമെന്ന് അവസാനവാക്ക്; പിന്നെയറിഞ്ഞത് ദുരന്തവാര്‍ത്ത

പള്ളിപ്പുറം: 'കനത്ത മൂടല്‍മഞ്ഞും തോരാമഴയുമാണിവിടെ. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഞങ്ങളുടെ കമ്പനിയിലെ 25പേരും സുരക്ഷിതരാണ്. ഇനി ഞാന്‍ വിളിക്കാന്‍ വൈകും. ആരും ഭയപ്പെടേണ്ട. അമ്മച്ചിയോടുകൂടി പറയണം'. പറന്നിറങ്ങുന്ന ഹെലിക്കോപ്റ്ററിന്റെ ഇരമ്പലിനുള്ളില്‍ ജോമോന്റെ ശബ്ദം നേര്‍ത്തലിഞ്ഞുപോയപ്പോള്‍ അച്ഛന്‍ ജോര്‍ജുകുട്ടി ഓര്‍ത്തില്ല, മകന്റെ അവസാനത്തെ വിളിയായിരിക്കുമെന്ന്.

പ്രളയബാധിതരെ രക്ഷപ്പെടുത്തുന്നതിനായി കേദാര്‍നാഥില്‍ എത്തിയശേഷം തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മകന്‍ വിളിച്ചതെന്ന് ഇദ്ദേഹം പറയുന്നു. മൂന്നുവര്‍ഷംമുന്‍പ് 2010 ആഗസ്ത് 19നാണ് ജോമോന്‍ ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി പോലീസില്‍ കോണ്‍സ്റ്റബിളായി ചേര്‍ന്നത്. പരിശീലനവും തുടര്‍ന്നുള്ള ജോലിയും ഉത്തരാഖണ്ഡില്‍ തന്നെയായിരുന്നു. 40 ദിവസത്തെ അവധിക്ക് വന്നശേഷം രണ്ടുമാസം മുന്‍പാണ് ജോമോന്‍ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. തിരുനല്ലൂര്‍ പള്ളിയിലെ പെരുന്നാളും കൂടി, അപ്പച്ചന് സ്വര്‍ണമാലയും അമ്മച്ചിക്ക് വളയും സമ്മാനിച്ചായിരുന്നു മടക്കം.

മൂന്നുവര്‍ഷമായി ഉത്തരാഖണ്ഡില്‍ ഒന്നാംകമ്പനിയില്‍ ജോലിചെയ്തിരുന്ന ജോമോന്‍, നിത്യേന വീട്ടിലേക്ക് വിളിക്കുമായിരുന്നു. കേദാര്‍നാഥില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയശേഷം ഒരു കൂട്ടുകാരന്റെ മൊബൈലില്‍നിന്നാണ് ജോമോന്‍ വിളിച്ചതെന്നും അച്ഛന്‍ ജോര്‍ജുകുട്ടി ഓര്‍ക്കുന്നു. ഡിസംബറില്‍ലീവിനെത്തുമെന്നായിരുന്നു ജോമോന്‍ അറിയിച്ചിരുന്നത്. 26 വയസ്സുള്ള മകനുവേണ്ടി ആ സമയം വിവാഹം ആലോചിക്കാനായിരുന്നു കുടുംബാംഗങ്ങള്‍ തീരുമാനിച്ചത്.

തോരാമഴയില്‍ തേങ്ങലടങ്ങാതെ പൊറ്റേച്ചിറയില്‍ വീട്

കെ.ആര്‍. സേതുരാമന്‍
പള്ളിപ്പുറം: ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഉത്തരാഘണ്ഡിലെ അപകടത്തില്‍ പള്ളിപ്പുറം സ്വദേശിയായ ജോമോന്‍ ഉള്‍പ്പെട്ടെന്ന വാര്‍ത്ത ടി.വി. ചാനലുകളില്‍ മിന്നിമറഞ്ഞത്. അതോടെ ചേന്നം പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തധികാരികളുടെ ഫോണിലടക്കം അന്വേഷണമെത്തി. വീട്ടുപേരില്ലാതിരുന്നതിനാല്‍ ആദ്യം ദുരന്തത്തില്‍പ്പെട്ടത് ആരാണെന്ന് തിരിച്ചറിഞ്ഞില്ല. എന്നാല്‍ തുടര്‍ന്നുള്ള നിമിഷങ്ങളില്‍ ചേന്നം പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 9-ാം വാര്‍ഡ് കെ.ആര്‍.പുരം പൊറ്റേച്ചിറയില്‍ വീട്ടില്‍ ജോര്‍ജ് കുട്ടിയുടെയും ജോളിയുടെയും മകനാണ് അപകടത്തില്‍പ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.

ഇതോടെ ആളുകള്‍ ഒറ്റയ്ക്കും കൂട്ടമായും ഈ വീട്ടിലെക്കെത്തി. ആദ്യം വീട്ടുകാര്‍ അമ്പരന്നു. ദുരന്തത്തെക്കുറിച്ചറിഞ്ഞതോടെ കൂട്ടക്കരച്ചില്‍. സ്വീകരണമുറിയിലെ സെറ്റിയില്‍ തളര്‍ന്നുവീണ അമ്മ ജോളിയെ ആശ്വസിപ്പിക്കാന്‍ ഇവിടെയെത്തിയവര്‍ക്കാര്‍ക്കുമായില്ല. രണ്ടുമണിയോടെ പള്ളിപ്പുറം വില്ലേജോഫീസര്‍ പി.ജി. രവീന്ദ്രന്‍ വീട്ടിലെത്തി. അപ്പോഴും ഔദ്യോഗിക സ്ഥിരീകരണമുണ്ടായില്ല. ധൈര്യം സംഭരിച്ചുനിന്ന ജോര്‍ജുകുട്ടി അടുത്ത ബന്ധുക്കളെ കണ്ടപ്പോള്‍ നിയന്ത്രണംവിട്ടു കരഞ്ഞു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി മകളുടെ കല്യാണ ആല്‍ബത്തില്‍നിന്ന് മകന്റെ ഫോട്ടോ പരതിയപ്പോഴും ആ അച്ഛന്റെ നിലവിളി ഉച്ചത്തിലായി.





 

ga