മരണമുഖത്തു നിന്ന് തിരിച്ചെത്തി മലയാളി കുടുംബം

Posted on: 24 Jun 2013

മുംബൈ: 'ഓര്‍ക്കാതിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത് അത്ര പേടിപ്പിക്കുന്നതാണ് ഓരോ രംഗങ്ങളും. പ്രകൃതിയുടെ താണ്ഡവവും. എല്ലാം നഷ്ടപ്പെട്ട മനുഷ്യരും മനസ്സില്‍ നിന്ന് മായുന്നില്ല. ലക്ഷക്കണക്കിനാളുകളാണ് ഹരിദ്വാരില്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഉഴലുന്നത്.' ഒറ്റ ശ്വാസത്തില്‍ ഇത് പറയുമ്പോഴും സോമനാഥന്റെ കണ്ണില്‍ നിന്ന് ഭീതിയകന്നിട്ടില്ല.

കുടുംബത്തോടൊപ്പം മുംബൈയില്‍ നിന്ന് ഒരു സംഘത്തെ നയിച്ച് ഹരിദ്വാറിലെത്തിയ സോമനാഥന്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തിരിച്ചെത്തിയത്. ഒരു നിമിത്തമെന്നോണം മുന്‍കൂട്ടി നിശ്ചയിച്ച തിയ്യതിയില്‍ നിന്നും മാറി രണ്ടു ദിവസം വൈകി പുറപ്പെട്ടതിന് ദൈവത്തോട് നന്ദി പറയുകയാണ് ഈ 31 അംഗ സംഘം. അല്ലെങ്കില്‍ ഇവര്‍ പറയുക മറ്റൊരു കഥയാകുമായിരുന്നു.

'എല്ലാ വര്‍ഷവും ഞാന്‍ ഒരു സംഘത്തേയും കൊണ്ട് ഋഷികേശിലും മറ്റും പോകാറുണ്ട്. ജൂണ്‍ 13-ന് യാത്ര തുടങ്ങാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എല്ലാ വര്‍ഷവും അങ്ങനെയാണ്. ഇത്തവണ പല കാരണങ്ങളാല്‍ രണ്ട് ദിവസം വൈകിപ്പോയി. ഞങ്ങളുടെ സംഘം താമസിച്ച ഹോട്ടലില്‍ നിന്ന് പോയ 19 പേരടങ്ങുന്ന ഗുജറാത്തി സംഘത്തിലെ രണ്ട് പേരാണ് തിരിച്ചെത്തിയത്. രക്ഷിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍. വൃദ്ധരായ മാതാപിതാക്കളെ കാണാതയവര്‍ എന്നിങ്ങനെ പല സംഘങ്ങളുണ്ടവിടെ'.- ഹരിദ്വാറിലെ വേദനിപ്പിക്കുന്ന രംഗങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് സോമനാഥന്‍.

ഞങ്ങള്‍ക്കു താമസിക്കാന്‍ ബുക്കു ചെയ്തിരുന്ന ഹോട്ടലുകള്‍ രണ്ടെണ്ണവും മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു പോയി. ഭക്ഷണ സാധനങ്ങളും പാചകക്കാരനുമൊക്കെയായി പോയതിനാല്‍ ഭക്ഷണത്തിന് കാര്യമായ പ്രശ്‌നമുണ്ടായില്ല. എല്ലാവരോടും തിരിച്ചു പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. എങ്ങനെ പോകണമെന്നു പറയുന്നില്ല. ഹരിദ്വാര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കാന്‍ സ്ഥലമില്ല. നിലവില്‍ ഓടുന്ന വണ്ടികളല്ലാതെ പ്രത്യേക വണ്ടികളൊന്നും ഓടുന്നില്ല. ഇത്രയധികം ജനങ്ങള്‍ സ്വന്തം നാടുകളിലേക്കെങ്ങനെ എത്തിപ്പെടും. റോഡില്‍ ഒരോ മുക്കുകളിലും ഗുജറാത്ത് സര്‍ക്കാറിന്റെ ബൂത്തുകളുണ്ട്. മറ്റൊരു സര്‍ക്കാറും ഒന്നും ചെയ്യുന്നില്ല. അവരുടെ ബസ്സുകളിലാണ് പലരും ഡല്‍ഹിയിലേക്ക് തിരിച്ചത്. സഹായത്തിന് എത്തിയ ആര്‍മിക്ക് ആ പ്രദേശത്തെ കുറിച്ച് കാര്യമായി അറിവില്ല. അതിനാല്‍ ഉള്‍പ്രദേശങ്ങളില്‍ ആയിരങ്ങളാണ് കുടുങ്ങി ക്കിടക്കുന്നത്. ഹെലികോപ്റ്ററിന് ചെല്ലാന്‍ കഴിയാത്ത ഇടങ്ങള്‍. ഇവരെ കൊള്ളയടിക്കുന്ന സംഘങ്ങളും ഇറങ്ങിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. കാണാതായവരുടെയും മരിച്ചവരുടെയും സര്‍ക്കാര്‍ കണക്കുകള്‍ ചെറുതാണ്. ഓരോ ധാമിലും ശരാശരി ഒരു ലക്ഷം പേരെങ്കിലും താമസിച്ചിരുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത് - സോമനാഥന്‍ പറയുന്നു.

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥനായ മാവേലിക്കര ചുനക്കര മലയില്‍ പുത്തന്‍ വീട്ടില്‍ സോമനാഥനും ഭാര്യ ജയയ്ക്കും പുറമേ മകന്‍ അനൂപും സംഘത്തിലുണ്ടായിരുന്നു. ജൂലായ് ഒന്നിന് തിരിച്ചെത്തുന്ന രീതിയില്‍ റെയില്‍വേ ടിക്കറ്റുകള്‍ ബുക്കു ചെയെ്തങ്കിലും മാറിയ പരിതസ്ഥിതിയില്‍ ജൂണ്‍ 21-ന് ബസ് മാര്‍ഗവും ഇവര്‍ ഗുജറാത്ത് മെയിലിലും മുംബൈയിലെത്തുകയായിരുന്നു.




 

ga