കല്പറ്റ: ബദരീനാഥിലേക്കുള്ള വഴിമധ്യേ ജോഷിമഠിന് സമീപം കുത്തിയൊലിച്ചുവരുന്ന വെള്ളത്തില്‍ കണ്‍മുമ്പില്‍ കണ്ടതൊക്കെ ഒലിച്ചുപോയപ്പോള്‍ സദാശിവനും സംഘവും ആകെ പകച്ചു. വഴി അടഞ്ഞതോടെ നാലുദിവസം കഴിഞ്ഞാണ് ഇവര്‍ക്ക് നാട്ടിലേക്ക് തിരിക്കാനായത്.
മീനങ്ങാടി പോളിടെക്‌നിക്കിലെ ലക്ചററും കല്പറ്റ കെ.എസ്.ആര്‍.ടി.സി.ക്ക് സമീപം ചോലവയല്‍ കെ.കെ. സദാശിവന്റെ നേതൃത്വത്തിലാണ് മൂന്നുപേര്‍ ബദരീനാഥിലേക്ക് തിരിച്ചത്. സദാശിവന്റെ സഹോദരന്‍ ഡോ. പത്മനാഭന്റെ മകന്‍ ആനന്ദ്, വിദ്യാര്‍ഥി വി.എസ്. സജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ജൂണ്‍ 13-നാണ് ബദരീനാഥിലേക്ക് ഇവര്‍ പുറപ്പെട്ടത്. 14-ന്ഡല്‍ഹിയില്‍ നിന്ന് തിരിച്ചു. തൊട്ടടുത്ത ദിവസം ബദരീനാഥിന് 30 കിലോമീറ്റര്‍ അടുത്ത് എത്തി. ജോഷിമഠിലെത്തിയപ്പോഴാണ് ഇവരെ ദുരന്തം വേട്ടയാടിയത്.
മടങ്ങിപ്പോകാനും മുമ്പോട്ടുപോകാനും വയ്യാത്തവിധം റോഡ് ഒലിച്ചുപോയി. കണ്ണടച്ചുതുറക്കും മുമ്പ് വന്നവഴി നഷ്ടപ്പെട്ടപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. മോഹന്‍ജി ഓര്‍ഗനൈസേഷന്‍ തലവന്‍ മോഹന്‍ജി, ജമ്മുകശ്മീരിലെ വ്യവസായി സുമിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മുമ്പ് വയനാട്ടിലെത്തിയ മോഹന്‍ജിയുടെ നിര്‍ദേശപ്രകാരം സദാശിവന്റെ ചികിത്സാര്‍ഥമാണ് ബദരീനാഥിലേക്ക് പോയത്. റോഡ് അടഞ്ഞതോടെ നാലുദിവസം ജോഷിമഠിലെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡ് പീപ്പിളിന്റെ റെസ്റ്റ്ഹൗസില്‍ തങ്ങേണ്ടിവന്നു. ആ ദിവസങ്ങളിലെ ഒറ്റപ്പെടല്‍ പറയുമ്പോള്‍ സദാശിവന്റെ കണ്ണുകളില്‍ ഇപ്പോഴും ഭീതി.
ഒന്നും നഷ്ടപ്പെടാത്തവര്‍ സദാശിവനും സംഘവും മാത്രമായിരുന്നു. ക്യാമ്പിലുണ്ടായിരുന്ന അഞ്ഞൂറോളം പേരില്‍ നാലുമലയാളികളും ഇവര്‍ തന്നെ. 60 വര്‍ഷത്തിനുള്ളില്‍ ഇത്ര വലിയ പ്രകൃതിക്ഷോഭം ഉണ്ടാകുന്നത് ആദ്യമാണെന്ന് പ്രദേശവാസികളില്‍നിന്ന് മനസ്സിലായെന്ന് സദാശിവന്‍ പറഞ്ഞു.
ഒരു പോലീസുകാരന്റെ പുതിയകാര്‍ വെള്ളത്തില്‍ ഒലിച്ചുപോയതിനും സദാശിവന്‍ സാക്ഷിയായി. കാറില്‍ നിന്ന് ഇറങ്ങി മാറാന്‍
ഡ്രൈവര്‍ സീറ്റിലിരുന്ന ചെറുപ്പക്കാരനോട് പട്ടാളം പറഞ്ഞിട്ടും ഇറങ്ങിയില്ല. അല്പനിമിഷത്തിനുള്ളില്‍ കാറും ഇയാളും അപ്രത്യക്ഷമായി.
വന്‍മരങ്ങള്‍ കടപുഴകി വീഴുന്നതും പാറകള്‍ പൊട്ടി ഒലിക്കുന്നതും ഭീതിയോടെ മാത്രമേ ഓര്‍മിക്കാനാവൂ. പ്രകൃതിക്ഷോഭം കാരണം ചികിത്സ നടത്താതെ മടങ്ങേണ്ടിവന്നുവെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസമാണ് സദാശിവന്.
വെള്ളപ്പാച്ചിലിന് ശേഷം 250 കിലോമീറ്റര്‍ ദൂരം കാര്‍മാര്‍ഗം യാത്ര ചെയ്യാന്‍ 13 മണിക്കൂര്‍ സമയമെടുത്തു. തിരികെ വരുമ്പോള്‍ കഴിഞ്ഞ ദിവസം താമസിച്ച വസിഷ്ഠഗുഹ മണ്ണില്‍ മൂടിനില്‍ക്കുന്നതും കണ്ടു.
പട്ടാളത്തിന്റെ രക്ഷാപ്രവര്‍ത്തനം കണ്ടാല്‍ ആര്‍ക്കും അഭിമാനും തോന്നും. സ്വന്തം ജീവന്‍ പണയം വെച്ചാണ്പലരും ദുരന്തമുഖത്ത് ജോലിചെയ്യുന്നത്. തിരികെ ഡല്‍ഹിയിലെത്തിയപ്പോള്‍ അവിടെ അധികൃതരുടെ അനാസ്ഥ വിഷമിപ്പിച്ചു. മണിക്കൂറുകളോളം കാത്തുനിന്ന ശേഷം 'മോഹന്‍ജി' ഇടപ്പെട്ടാണ് വിമാനമാര്‍ഗം നാട്ടിലെത്തിയത്.