രാമേശ്വരം: രാമേശ്വരം ദ്വീപ് നാലുദിവസമായി കടുത്ത മരവിപ്പിലായിരുന്നു. ഈ ചെറുദ്വീപിനെ പാമ്പന്‍പാലം കടത്തി ആഗോളപ്രശസ്തിയിലേക്ക് ഉയര്‍ത്തിയ അബ്ദുല്‍ കലാം എന്ന മനുഷ്യന്‍ അവര്‍ക്കൊപ്പം ഇനിയില്ല എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ പാടുപെടുംപോലെ. കലാമിന്റെ കബറടക്കം നടന്ന വ്യാഴാഴ്ച ദ്വീപില്‍ ജീവിതം സ്തംഭിച്ചുനിന്നു.
ക്ഷേത്രനഗരമായ രാമേശ്വരത്തെ ജനതയ്ക്ക് അബ്ദുല്‍ കലാമിനെ അവരുടെ സഹോദരനായും ഗുരുവായും സ്‌നേഹിതനായും സ്വീകരിക്കാന്‍ ഒരു വേലിക്കെട്ടിന്റെയും പ്രതിബന്ധമില്ലായിരുന്നെന്ന് വ്യാഴാഴ്ച തിരിച്ചറിഞ്ഞു. ഈ നാട് ഒന്നടങ്കമാണ് കലാമിന്റെ വീട്ടിലും മയ്യത്ത് നിസ്‌കാരം നടന്ന പള്ളിമുറ്റത്തും കബറടക്കം നടന്ന പേയ്ക്കരിമ്പിലും എത്തിയത്. മത്സ്യത്തൊഴിലാളികളും കുട്ടികളും ക്ഷേത്രച്ചുറ്റുവട്ടത്തെ അഗ്രഹാരങ്ങളിലുള്ളവരും ഒരേ മനസ്സോടെയാണ് കലാമിന് വിട നല്‍കിയത്. സ്വന്തം വീട്ടിലെ ഒരംഗത്തെ നഷ്ടപ്പെട്ടതുപോലെയാണ് ഓരോ വ്യക്തിയും കലാമിന്റെ വേര്‍പാടിനെ കാണുന്നത്. കലാമിനെക്കുറിച്ച് എന്തെങ്കിലും അനുഭവം പങ്കുെവക്കാത്തവരായി, അഭിമാനം കൊള്ളാത്തവരായി ആരെയും ദ്വീപില്‍ കണ്ടെത്താനായില്ല.
ദ്വീപിലെ കച്ചവടസ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും വ്യാഴാഴ്ച അടഞ്ഞുകിടന്നു. വീടുകള്‍ അടച്ചിട്ട് ജനങ്ങള്‍ ഒന്നടങ്കം കലാമിന്റെ ശവസംസ്‌കാരത്തിനെത്തി. നാടുമുഴുവന്‍ ഹര്‍ത്താലിന്റെ പ്രതീതിയിലായിരുന്നു. കലാമിന് ദ്വീപില്‍ ഉചിതമായ സ്മാരകം, അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് ഉയരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.