കണ്ണീരും പ്രാര്‍ഥനയുമായി രാമേശ്വരം

Posted on: 30 Jul 2015


രാമേശ്വരം:
അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനുവേണ്ടി രാമേശ്വരം നഗരം കണ്ണീരും പ്രാര്‍ഥനയുമായി കാത്തിരുന്നു. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തെ ക്ഷേത്രനഗരത്തിന്റെ കീര്‍ത്തി വിശ്വത്തോളം ഉയര്‍ത്തിയ പ്രിയനായകന്റെ ഭൗതികശരീരം ജന്മനാട് വേദനയോടെ ഏറ്റുവാങ്ങി. മൃതദേഹം ഒരു നോക്കുകാണാന്‍ നാനാഭാഗത്തു നിന്നും വനിതകള്‍ ഉള്‍പ്പെടെ വന്‍ ജനാവലിയാണ് രാമേശ്വരം ബസ് സ്റ്റാന്‍ഡിന് സമീപം പൊതുദര്‍ശനത്തിനായി പ്രത്യേകം തയ്യാറാക്കിയ പന്തലിലെത്തിയത്.

കലാമിന്റെ മരണവിവരം അറിഞ്ഞതുമുതല്‍ മധുര, രാമനാഥപുരം ജില്ലകളില്‍ ദുഃഖത്തിന്റെ കനത്ത മുഖാവരണമാണ് കാണാന്‍ കഴിഞ്ഞത്. റോഡരികിലും സ്‌കൂളുകളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും കലാമിന്റെ വിവിധ രൂപത്തിലുള്ള വര്‍ണചിത്രങ്ങള്‍ പുഷ്പാലംകൃതമായിവെച്ചിരുന്നു. അവയ്ക്കു മുന്നില്‍ മെഴുകുതിരി കത്തിച്ച് എല്ലാവരും മൗനനിരതരായി. വിദ്യാര്‍ഥികള്‍ മൗനപ്രാര്‍ഥനയോടെ ആദരാഞ്ജലി അര്‍പ്പിച്ചു.

നാട്ടിലെ മുഴുവന്‍ ജനവും കറുത്ത ബാഡ്ജും കലാമിന്റെ ചിത്രവും ധരിച്ചായിരുന്നു എത്തിയത്. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും സന്നദ്ധസംഘടനകളും കലാമിന്റെ വീട്ടിലേക്ക് മൗനജാഥ നടത്തി. അദ്ദേഹം പഠിച്ച സ്‌കൂളുകളില്‍ പ്രത്യേക പ്രാര്‍ഥനയും ഫോട്ടോയില്‍ പുഷ്പാര്‍ച്ചനയും ഉണ്ടായിരുന്നു. നാടെങ്ങും ആ മരണത്തിന്റെ ആഘാതം ഏറ്റുവാങ്ങിയ നിലയിലായിരുന്നു.

എപ്പോഴും തിരക്കുള്ള ക്ഷേത്രനഗരമായ രാമേശ്വരം കഴിഞ്ഞ രണ്ടുനാളുകളില്‍ തികഞ്ഞ മൗനത്തിലായിരുന്നു. കടകള്‍ ഏറെയും തുറന്നിരുന്നില്ല. പോലീസ് സന്നാഹത്തിലും രാജ്യത്തെ പ്രമുഖ മാധ്യമ പ്രതിനിധി കളെയും കൊണ്ട് തെരുവും നാടും നിറഞ്ഞു. ഗതാഗതക്കുരുക്കും മറ്റ് അസൗകര്യങ്ങളും ഏറെയായിരുന്നു. രാമേശ്വരം നിവാസികള്‍ തങ്ങളുടെ പ്രിയനായകനുവേണ്ടി ഇതെല്ലാം സഹിച്ചു. രണ്ടുദിവസം രാത്രിയും പകലും അവര്‍ എല്ലാം മറന്ന് തങ്ങളുടെ തലവനെ ഒരുനോക്കുകാണാന്‍ കാത്തുനിന്നു. സംസ്‌കാര ദിവസമായ വ്യാഴാഴ്ച രാമേശ്വരത്തെ എല്ലാ കടകളും അടച്ച് ദുഃഖാചരണം നടത്താനാണ് തീരുമാനം. തമിഴ്‌നാട്ടിലെ വ്യാപാരികള്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി സംസ്ഥാനത്തെങ്ങും കടകളടയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മണല്‍ ലോറികളുടെ സര്‍വീസും വ്യാഴാഴ്ച പൂര്‍ണമായും നിര്‍ത്തിവെയ്ക്കും.



KALAM ZOOM

 

ga