രാമേശ്വരം: രാമേശ്വരം ദ്വീപിനെ അനാഥമാക്കി അവരുടെ നായകന്‍ എ.പി.ജെ.അബ്ദുല്‍ കലാം ആ മണ്ണോടുചേര്‍ന്നു. കാലത്തെ സാക്ഷിനിര്‍ത്തി അദ്ദേഹം ചരിത്രമായി. അന്തരിച്ച മുന്‍ രാഷ്ട്രപതിക്ക് വിടനല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, ഗവര്‍ണര്‍മാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, സൈന്യാധിപന്മാര്‍, ശാസ്ത്രകാരന്മാര്‍ തുടങ്ങിയവര്‍ കബറൊരുക്കിയ രാമേശ്വരം പേയ്ക്കരിമ്പ് മൈതാനത്ത് എത്തിയിരുന്നു. അവര്‍ക്കുപുറമെ, അറിയപ്പെടാത്ത പതിനായിരങ്ങള്‍കൂടി ദ്വീപില്‍ ഒത്തുചേര്‍ന്നപ്പോള്‍ അത്, രാജ്യം സ്‌നേഹിച്ച, രാജ്യത്തെ സ്‌നേഹിച്ച ആ വലിയ മനുഷ്യന് ഈ ഭൂമിയില്‍നിന്നുള്ള അര്‍ഹിക്കുന്ന യാത്രയയപ്പായി.
രാമേശ്വരം ക്ഷേത്രത്തിനടുത്ത പള്ളിവാസല്‍ തെരുവില്‍ ബുധനാഴ്ച രാത്രി ഭൗതികദേഹം പൊതുദര്‍ശനത്തിന് വെച്ചു. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ അന്ത്യയാത്രാച്ചടങ്ങുകള്‍ തുടങ്ങി. ബന്ധുക്കളുടെ അശ്രുപൂജയ്ക്കുശേഷം 9.30ന് മൂന്ന് സൈനികവിഭാഗങ്ങളും ചേര്‍ന്ന് ചുമലിലേറ്റി മൃതദേഹം തൊട്ടട്ടുത്ത മൊഹിദീന്‍ ആണ്ടവന്‍ മുസ്ലിം പള്ളിയിലെത്തിച്ചു. മയ്യത്ത് നമസ്‌കാരത്തിനുശേഷം അന്ത്യയാത്ര തുടങ്ങി. കുടുംബവീടായ 'ഹൗസ് ഓഫ് കലാ'മില്‍നിന്ന് പേയ്ക്കരിമ്പ് മൈതാനത്തേക്കുള്ള ആറ് കിലോമീറ്റര്‍ ദൂരം വ്യാഴാഴ്ച രാവിലെതന്നെ ജനനിബിഡമായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി നിറകണ്ണുകളോടെ കാത്തുനിന്നു. പോലീസും സൈന്യവും ഏറെ പണിപ്പെട്ടാണ് പള്ളിവാസല്‍ തെരുവില്‍നിന്ന് പ്രധാന റോഡിലേക്ക് വാഹനവ്യൂഹത്തെ എത്തിച്ചത്.
മുന്നില്‍ മൂന്ന് സൈന്യങ്ങളുടെയും വാഹനങ്ങള്‍ നീങ്ങി. സൈനികവാഹനത്തിന്റെ പിന്നില്‍ ഘടിപ്പിച്ച പുഷ്പാലംകൃതമായ മഞ്ചത്തിലായിരുന്നു ദേശീയപതാക പുതപ്പിച്ച കലാമിന്റെ ഭൗതികദേഹം. ഈ വാഹനവ്യൂഹത്തോടൊപ്പം ജനങ്ങളും പേയ്ക്കരിമ്പിലേക്ക് ഒഴുകി. 10.30ന് കലാമിന്റെ മൂത്ത സഹോദരന്‍ ചിന്നമരയ്ക്കാറും ബന്ധുക്കളും മൈതാനത്തെത്തി. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെത്തി. 11 മണിയോടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വാഹനം കബര്‍സ്ഥാനിലെത്തി. വാഹനത്തില്‍നിന്ന് മൃതദേഹം, മൈതാനത്തൊരുക്കിയ പീഠത്തിലേക്ക് സൈനികോദ്യോഗസ്ഥര്‍ മാറ്റി. പൂര്‍ണ സൈനികബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍.

11.05ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി പുഷ്പചക്രമര്‍പ്പിച്ചു. ഭൗതികദേഹത്തെ ചുറ്റി പ്രധാനമന്ത്രി വണങ്ങി. തമിഴ്‌നാട് ഗവര്‍ണര്‍ റോസയ്യ, കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കര്‍, വെങ്കയ്യ നായിഡു, പൊന്‍ രാധാകൃഷ്ണന്‍, കേരള ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, സിദ്ധരാമയ്യ, ചന്ദ്രബാബു നായിഡു, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേരളത്തിന്റെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, ഒ.പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള തമിഴ്‌നാട് മന്ത്രിമാര്‍ തുടങ്ങിയവര്‍ മൃതദേഹത്തെ വണങ്ങി.
11.35ന് ഭൗതികദേഹത്തില്‍ പുതപ്പിച്ചിരുന്ന ദേശീയപതാക മാറ്റി സൈന്യം, മൃതദേഹം രാമേശ്വരം ജമാഅത്ത് ഭാരവാഹികള്‍ക്ക് കൈമാറി. കബറടക്ക ചടങ്ങുകള്‍ മതപണ്ഡിതരുടെയും ജമാഅത്ത് ഭാരവാഹികളുടെയും നിയന്ത്രണത്തിലായിരുന്നു.
കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദും മുന്‍ കേന്ദ്രമന്ത്രി സെയ്ദ് ഷാനവാസ് ഹുസൈനും മതപരമായ ചടങ്ങുകളില്‍ പങ്കെടുത്തു. ഭൗതികദേഹം കുഴിയില്‍ വെച്ചപ്പോള്‍ 21 ആചാരവെടികള്‍ മുഴങ്ങി. കലാമിന്റെ സേവനങ്ങളെ ജനക്കൂട്ടം ഉച്ചത്തില്‍ വാഴ്ത്തി. പ്രധാനമന്ത്രിയും രാഹുല്‍ അടക്കമുള്ള നേതാക്കളും കലാമിന്റെ സഹോദരന്‍ ചിന്നമരയ്ക്കാറുടെയും ബന്ധുക്കളുടെയും സമീപമെത്തി അനുശോചനമറിയിച്ചു. ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമാണ് പ്രധാനമന്ത്രിയും മറ്റു നേതാക്കളും മടങ്ങിയത്.
രാമേശ്വരത്തിന്റെ മണ്ണില്‍നിന്ന് സ്വപ്‌നങ്ങളുടെ അഗ്നിച്ചിറകുകള്‍ വിടര്‍ത്തി പറന്നുയര്‍ന്ന് ജനമനസ്സുകള്‍ കീഴടക്കിയ അബ്ദുല്‍ കലാം, തന്റെ വീടിന്റെ ആറ് കിലോമീറ്റര്‍ അപ്പുറം ആറടി മണ്ണിലേക്ക് മടങ്ങുമ്പോള്‍ സമയം 12.30. ഉടല്‍ മണ്ണിനുനല്‍കി, ഉയിര്‍ തന്നെ സ്‌നേഹിക്കുന്ന ജനതയ്ക്കുനല്‍കി, കലാമിന്റെ വിടവാങ്ങല്‍ പൂര്‍ത്തിയാകുമ്പോള്‍, കബറില്‍ ആദരവിന്റെ പൂക്കള്‍ നിറഞ്ഞിരുന്നു.