ഒടുവിലത്തെ ആമണിക്കൂറുകള്‍

Posted on: 29 Jul 2015



അബ്ദുല്‍ കലാമിന്റെ അവസാനനിമിഷങ്ങളില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സന്തതസഹചാരിയായ ശ്രീ ജന്‍ പാല്‍ സിങ്ങിന്റെ ഹൃദയസ്പൃക്കായ വിവരണം. അവസാനശ്വാസംവരെ നിവര്‍ന്നുനിന്ന് കര്‍മനിരതനാവാന്‍ ആഗ്രഹിച്ച ഒരു കര്‍മയോഗിയുടെ രേഖാചിത്രം


നിദ്ര എന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഓര്‍മകള് തുള്ളിത്തുളുമ്പി. ചിലപ്പോഴൊക്കെ അത് ചുടുകണ്ണീരായി ഒഴുകി. ജൂലായ് 27, ഗുവാഹാട്ടിയിലേക്കുള്ള വിമാനത്തില്, ഉച്ചയ്ക്ക് 12 മണിക്കായിരുന്നു ഞങ്ങള് ഒരുമിച്ചുള്ള ആ ദിവസം തുടങ്ങിയത്.
1എ ആയിരുന്നു ഡോ.കലാമിന്റെ സീറ്റ് നമ്പര്. എന്റേത് 1സി യും. കറുത്ത 'കലാം സ്യൂട്ട്' ആയിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. 'നല്ല നിറം'! വേഷത്തെ പുകഴ്ത്തിക്കൊണ്ട് ഞാന് മിണ്ടാട്ടത്തിന് തുടക്കമിട്ടു. ശ്യാമവര്ണം പുണര്ന്ന ആ വേഷത്തിലാണ് അദ്ദേഹത്തെ ഞാന് അവസാനമായി കാണുകയെന്നത് ഞാനറിഞ്ഞേയില്ല.
മഴമേഘങ്ങള് നിറഞ്ഞ ആകാശത്തിലൂടെ നീണ്ട, രണ്ടരമണിക്കൂര് യാത്ര. വിമാനം മേഘച്ചുഴിയില് വീണ് ഉലയുന്നത് ഞാന് വെറുത്തു. എന്നാല് ആ മേഘക്ഷോഭത്തെയെല്ലാം അദ്ദേഹം എന്നേ മറികടന്നിരിക്കുന്നു. ഉലയുന്ന വിമാനത്തില് പേടിച്ചിരിക്കുന്ന എന്നെ കാണുമ്പോഴെല്ലാം വിമാനജാലകവാതില് താഴ്ത്തി പുറം കാഴ്ചകളെ മറച്ച് അദ്ദേഹം പറയുമായിരുന്നു' ഇനി നിനക്ക് പേടിപ്പിക്കുന്നതൊന്നും കാണേണ്ടല്ലോ'.
ആകാശയാത്രയ്ക്കുശേഷം വീണ്ടും രണ്ടരമണിക്കൂര് നീണ്ട മറ്റൊരു യാത്ര. കാറില് ഷില്ലോങ്ങിലെ ഐ.ഐ.എമ്മിലേക്ക്. ഈ അഞ്ചുമണിക്കൂര് യാത്രയില് ഞങ്ങള് മനസ്സുതുറന്നു, തര്ക്കിച്ചു, സംവദിച്ചു.

കഴിഞ്ഞ ആറുവര്ഷക്കാലമായി ഞങ്ങളൊരുമിച്ചു നടത്തിയ നൂറുകണക്കിന് നീണ്ട ആകാശയാത്രകളിലും അതിലേറെ നീണ്ട കാര്യാത്രകളിലുംപെട്ട ഒന്നായിരുന്നു ഇതും. ഒന്നിച്ചുള്ള ഓരോ യാത്രയെയുമെന്നതുപോലെ ഇതും വേറിട്ട ഒരനുഭവമായിരുന്നു. ഞങ്ങള് സംസാരിച്ച മൂന്നു കാര്യങ്ങളാണ് ഞങ്ങളൊരുമിച്ചുള്ള ആ 'അവസാനയാത്രയുടെ' അനശ്വരമായ അടയാളങ്ങള്.
വേദനിപ്പിച്ച പഞ്ചാബ്
പഞ്ചാബില് അന്നുരാവിലെ നടന്ന ആക്രമണം ഡോ. കലാമിനെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു. നിഷ്‌കളങ്കര്ക്ക് ജീവന് നഷ്ടമായത് അദ്ദേഹത്തിന്റെ മനസ്സിനെ നൊമ്പരപ്പെടുത്തി. ജീവിക്കാന് പറ്റിയ ഗ്രഹമായി ഭൂമിയെ പരുവപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ഐ.ഐ.എമ്മില് അദ്ദേഹം സംസാരിക്കേണ്ടിയിരുന്നത്. പഞ്ചാബ് സംഭവത്തെ ഈ വിഷയവുമായി ബന്ധിപ്പിച്ച അദ്ദേഹം പറഞ്ഞു 'മലിനീകരണംപോലെ, മനുഷ്യന്റെ ബലപ്രയോഗവും ഭൂമിയെ വാസയോഗ്യമല്ലാതാക്കുമെന്നു തോന്നുന്നു.' ഹിംസാത്മകതയും മലിനീകരണവും വീണ്ടുവിചാരമില്ലാത്ത മാനുഷികകടന്നുകയറ്റങ്ങളും ഇമ്മട്ടില്‍ തുടരുകയാണെങ്കില് നാം ഭൂമിയെ ഉപേക്ഷിച്ചുപോകാന് നിര്ബന്ധിതരാവും. 'ഇത്തോതില് പോയാല് ഒരുപക്ഷെ ഒരു മുപ്പതു വര്ഷംകൊണ്ട്' അദ്ദേഹം പറഞ്ഞു. നിങ്ങള് ചെറുപ്പക്കാര് എന്തെങ്കിലും ചെയ്‌തേ പറ്റൂ...ഭൂമി നിങ്ങളുടെ ഭാവിലോകംകൂടിയാണ്.

പാര്‍ലമെന്റ് ഇങ്ങനെ മതിയോ

കുറച്ചുകൂടി ദേശീയ വിഷയങ്ങളിലൂന്നിയായിരുന്നു കാര് യാത്രയിലെ രണ്ടാംഘട്ടത്തിലെ സംഭാഷണം. കഴിഞ്ഞ രണ്ടുദിവസങ്ങളായി കലാം വളരെ വിഷമത്തിലായിരുന്നു. രാജ്യത്തെ ജനാധിപത്യത്തിന്റെ പരമോന്ന കോവിലായ പാര്‌ലമെന്റ് പ്രവര്ത്തനക്ഷമമല്ലാത്തതാണ് അദ്ദേഹത്തെ ആകുലപ്പെടുത്തിയത്.
'ഞാന് പ്രസിഡന്റായിരിക്കുമ്പോള് രണ്ട് സര്ക്കാറുകളുടെ പ്രവര്ത്തനം കണ്ടു. അതിനുശേഷവും ഒട്ടേറെ ഭരണകൂടങ്ങള് മാറിവന്നു. എന്നിട്ടും കാര്യങ്ങള് ശരിയായ ദിശയിലല്ല. ജനാധിപത്യം മികവുറ്റതാക്കാന് പാര്‌ലമെന്റ് സംവിധാനം കൃത്യമായി പ്രവര്ത്തിക്കണം. ഇതിന് ഒരു വഴി കാണണം'അദ്ദേഹം പറഞ്ഞു.
ഇതിനുശേഷം ഐ.ഐ.ഐം. ഷില്ലോങ്ങിലെ വിദ്യാര്ഥികള്ക്കായി ഒരു അപ്രതീക്ഷിത ചോദ്യം തയ്യാറാക്കാന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രഭാഷണത്തിന്റെ അവസാനം നല്കാനായിരുന്നു ഈ ചോദ്യം. പാര്‌ലമെന്റിനെ കാര്യക്ഷമമാക്കാന് മൂന്ന് നിര്‌ദേശങ്ങള് നല്കണമെന്ന് വിദ്യാര്ഥികളോട് ആവശ്യപ്പെടാന് അദ്ദേഹം തീരുമാനിച്ചിരുന്നു. എന്നാല് കുറച്ചുസമയം കഴിഞ്ഞപ്പോള് അദ്ദേഹം അതില്‌നിന്ന് പിന്വാങ്ങി.
'എനിക്ക് ഉത്തരം കാണാന് കഴിയാത്ത പ്രശ്‌നമാണിത്. ആ വിഷയത്തില് പരിഹാരം കാണണമെന്ന് എങ്ങനെ അവരോട് ആവശ്യപ്പെടാന് എനിക്ക് സാധിക്കും'ഇതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. അടുത്ത ഒരുമണിക്കൂറിനുള്ളില് ഈ വിഷയത്തിലുള്ള അഭിപ്രായങ്ങളും നിര്‌ദേശങ്ങളും ഞങ്ങള് അക്കമിട്ട് തയ്യാറാക്കി. ഈ സംഭാഷണം അടുത്ത പുസ്തകമായ 'അഡ്വാന്റേജ് ഇന്ത്യയില്' ഉള്‌പ്പെടുത്താനും ധാരണയായി.

Dr. Kalams handbag placed where it always is supposed be. I put it there & he never came back for it

Posted by Srijan Pal Singh on Monday, July 27, 2015

ആ കോണ്‍സ്റ്റബിളിനെ എനിക്കു കാണണം

മൂന്നാമത്, അദ്ദേഹത്തിനുള്ള വിനയത്തിന്റേയും ലാളിത്യത്തിന്റേയും സൗന്ദര്യത്തെക്കുറിച്ചാണ്. ഏഴ് കാറുകളടങ്ങുന്ന വാഹനവ്യൂഹത്തില്‍ രണ്ടാമത്തെ കാറിലായിരുന്നു ഞങ്ങളുടെ യാത്ര. മുമ്പില് ഒരു തുറന്ന ജിപ്‌സിയില് മൂന്ന് സൈനികര്. രണ്ട് പേര് ഇരുവശങ്ങളിലും ഇരിക്കുന്നു. മെലിഞ്ഞ ഒരു സൈനികന് തോക്കുമേന്തി നടുവില്‍ നില്ക്കുകയാണ്.
ഏറെനേരം അതുനോക്കിയിരുന്ന കലാം പറഞ്ഞു. 'എന്തിനാണ് അയാള് നില്ക്കുന്നത്. അയാള്ക്ക് മടുക്കില്ലേ. ഇതൊരു ശിക്ഷപോലെയാണ് എനിക്ക് തോന്നുന്നത്. അയാളെ ഇരിക്കാന് അനുവദിക്കുന്നതിന് ഒരു വയര്‌ലെസ് സന്ദേശം നല്കാന് താങ്കള് പറയുമോ?'.
സുരക്ഷയുടെ ഭാഗമായി തോക്കുമായി നില്ക്കണമെന്ന് അയാള്ക്ക് ഉന്നതഉദ്യോഗസ്ഥന്റെ കര്ശന നിര്‌ദേശം ഉണ്ടാകുമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താന് ഞാന്‍ ശ്രമിച്ചു. അദ്ദേഹത്തിന് തൃപ്തിയായില്ല. ഞങ്ങള് റേഡിയോസന്ദേശം അയയ്ക്കാന് തീരുമാനിച്ചു. എന്നാല് അത് പ്രവര്ത്തിച്ചില്ല. ഒന്നരമണിക്കൂര് ആ യാത്ര നീണ്ടു. ആ പട്ടാളക്കാരനെ ഇരിക്കാന് അനുവദിച്ചുകൊണ്ട് കഴിയുമെങ്കില് ആംഗ്യം കാണിക്കാന് ഇതിനിടെ അദ്ദേഹം മൂന്നുതവണ എന്നോട് ആവശ്യപ്പെട്ടു. ഒടുവില് ആ പട്ടാളക്കാരനുവേണ്ടി കൂടുതലായൊന്നും ചെയ്യാന് കഴിയില്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ആ പട്ടാളക്കാരനെ നേരിട്ടുകണ്ട് നന്ദിപറയാന് ആഗ്രഹിക്കുന്നതായി കലാം പറഞ്ഞു.
പിന്നീട് ഐ.ഐ.എം. ഷില്ലോങ്ങില് എത്തിയപ്പോള് സുരക്ഷാ സൈനികരുടെ ഇടയിലൂടെ എന്റെ കണ്ണ് സഞ്ചരിച്ചു. ഒടുവില് ഞാന് ആ പട്ടാളക്കാരനെ കണ്ടെത്തി. കലാമുമായി കൂടിക്കാഴ്ചയ്ക്ക് അവസരവും ഒരുക്കി.
മുറിക്കുള്ളില് പട്ടാളക്കാരനെ കണ്ട കലാം അദ്ദേഹത്തിന് ഹസ്തദാനംചെയ്ത് പറഞ്ഞു. 'നന്ദി, പ്രിയ കൂട്ടുകാരാ.. നിങ്ങള് ക്ഷീണിച്ചുവോ? എന്തെങ്കിലും കഴിച്ചാലോ? ഞാന് കാരണം നിങ്ങള് ഏറെനേരം നില്‌ക്കേണ്ടിവന്നു. അതിന് ഞാന് ക്ഷമചോദിക്കുന്നു.' കറുത്ത വസ്ത്രമണിഞ്ഞ ആ പട്ടാളക്കാരന് കലാമിന്റെ പെരുമാറ്റം കണ്ട് അമ്പരന്നു. അയാളുടെ തൊണ്ട ഇടറി. വാക്കുകള് മുറിഞ്ഞു.. എന്നിട്ട് പറഞ്ഞു. 'സര്, താങ്കള്ക്കുവേണ്ടി ആറുമണിക്കൂറും നില്ക്കാന് ഞാന് തയ്യാറാണ്.

അവസാന നിമിഷങ്ങള്‍

പിന്നീട് ഞങ്ങള് പ്രസംഗമുറിയിലേക്കു പോയി. ഇത്തരം കാര്യങ്ങളില് വൈകിയെത്താന് അദ്ദേഹത്തിന് ഒരിക്കലും താത്പര്യമുണ്ടായിരുന്നില്ല. കുട്ടികളെ ഒരിക്കലും കാത്തുനിര്ത്തിക്കൂടാ, അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ഞാനദ്ദേഹത്തിന്റെ മൈക്ക് ശരിയാക്കി, പ്രസംഗത്തെക്കുറിച്ച് വിശദീകരിച്ചു, പിന്നെ കമ്പ്യൂട്ടറിന്റെ മുന്നില് ഇരിപ്പുറപ്പിച്ചു.
കോട്ടില് മൈക്ക് പിന്‌ചെയ്യുമ്പോള് അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. 'തമാശക്കാരന് തന്നെ, നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ..?' തമാശക്കാരന് എന്നദ്ദേഹത്തിന്റെ വിളിക്ക് സന്ദര്ഭത്തിനനുസരിച്ച് നാനാര്ഥങ്ങള് ഉണ്ടെന്ന് എനിക്കറിയാം. ചിലപ്പോള് അതൊരഭിനന്ദനമാവാം, ചിലപ്പോള് അത് നീ തകിടംമറച്ചല്ലോ എന്ന അര്ഥത്തിലാവാം. ഞാന് പറയുന്നതു ശ്രദ്ധിക്കൂ എന്നോ, നീ അവധാനതയില്ലാതെ ചെയ്തു എന്നോ ആകാം. നല്ല മൂഡില് കളിയായുള്ള ഒരു പ്രയോഗവുമാവാം. കഴിഞ്ഞ ആറുവര്ഷം കൊണ്ടെനിക്ക് ആ വിളിയുടെ അര്ഥവ്യത്യാസങ്ങള് ഉള്ളംകൈയിലെ രേഖകള്‌പോലെ ഹൃദിസ്ഥമാണ്. ഇത്തവണ അതവസാനത്തെ ഗണത്തിലുള്ളതായിരുന്നു.
തമാശക്കാരന്തന്നെ, നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ അദ്ദേഹം വീണ്ടും ചോദിച്ചു. അതേ ഞാന് പുഞ്ചിരിച്ച് പ്രതിവചിച്ചു. അതായിരുന്നു അദ്ദേഹം പറഞ്ഞ അവസാനവാക്കുകള്. പ്രസംഗം രണ്ടുമിനിറ്റ് കഴിഞ്ഞപ്പോള്, ഒരു വാചകം കഴിഞ്ഞ് ദീര്ഘമായൊരു ഇടവേള എനിക്കനുഭവപ്പെട്ടു. ഞാന് അദ്ദേഹത്തെ നോക്കി. താഴേക്കദ്ദേഹം വീഴുകയായിരുന്നു.
ഞങ്ങള് അദ്ദേഹത്തെ പൊക്കിയെടുത്തു. ഡോക്ടര്മാര് കുതിച്ചെത്തുംമുമ്പ് ഞങ്ങളെക്കൊണ്ടാവുന്നതെല്ലാം ചെയ്തു. ഒരു കൈകൊണ്ട് ഞാന് അദ്ദേഹത്തിന്റെ തലതാങ്ങി, മുക്കാലുമടഞ്ഞ കണ്ണുകളിലെ ആ നോട്ടം ഞാന് ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ കൈകള് എന്റെ കൈവിരലുകളെ ഇറുക്കെപ്പിടിച്ചിരുന്നു. മുഖം നിശ്ചലമായിരുന്നു. പ്രതിഭ സ്ഫുരിച്ച ആ കണ്ണുകള്ക്ക് അനക്കമുണ്ടായിരുന്നില്ല. ഒരു വാക്കു പോലും അദ്ദേഹം പറഞ്ഞില്ല. വേദനയുടെ ലാഞ്ചന പ്രകടിപ്പിച്ചതേയില്ല. ലക്ഷണങ്ങള് പക്ഷെ പ്രകടമായിരുന്നു.
അഞ്ചു മിനിറ്റിനുള്ളില് ഞങ്ങള് അടുത്തുള്ള ആസ്പത്രിയിലെത്തി. എതാനും മിനിറ്റിനുള്ളില് 'മിസൈല് മാന്' എന്നെന്നേക്കുമായി പറന്നു പോയി എന്നവര് സൂചിപ്പിച്ചു. ഞാന് അദ്ദേഹത്തിന്റെ പാദങ്ങളില് സ്പര്ശിച്ചു. വിട, മുതിര്ന്ന സുഹൃത്തെ, എന്റെ മഹാനായ വഴികാട്ടീ.. ഓര്മകളില്‍ താങ്കള്‍ നിറയും. അടുത്ത ജന്മത്തിലും ഇനിയും കണ്ടുമുട്ടാം.
ആലോചിക്കുമ്പോള് ഓര്മകളുടെ ചെപ്പ് തുറന്നുവന്നു. നിങ്ങള് ചെറുപ്പമാണ്, എങ്ങനെ നിങ്ങള് ഓര്മിക്കപ്പെടണമെന്നാണ് ആഗ്രഹം എന്ന് അദ്ദേഹം ഇടയ്ക്കിടെ ചോദിക്കുമായിരുന്നു. ഞാന് പലപ്പോഴും നല്ല ഉത്തരങ്ങള് കണ്ടെത്താന് ശ്രമിക്കും. ഒരിക്കല് അതു കേട്ടുമടുത്ത് ഞാന് തിരിച്ചുചോദിച്ചു. 'ആദ്യം അങ്ങ് പറയൂ..എങ്ങനെ ഓര്മിക്കപ്പെടണമെന്നാണ് ആഗ്രഹം..? രാഷ്ട്രപതി, ശാസ്ത്രജ്ഞന്, എഴുത്തുകാരന്, മിസൈല് മാന്, ഇന്ത്യ 2020.. തിരഞ്ഞെടുക്കാനെളുപ്പമായതു കൊണ്ട് ഉത്തരം എളുപ്പമാവുമെന്നു ഞാന് കരുതി., പക്ഷെ, അദ്ദേഹം എന്നെ വീണ്ടും അത്ഭുതപ്പെടുത്തി. 'അധ്യാപകന്' അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചമുമ്പ് അദ്ദേഹം ചിലത് പറഞ്ഞത് ഞാന് ഓര്ക്കുന്നു. മിസൈല് കാലത്തെ അദ്ദേഹത്തിന്റെ സൗഹൃദങ്ങളെപ്പറ്റി സംസാരിച്ചിരിക്കുകയായിരുന്നു ഞങ്ങള്. ഇടയ്ക്കദ്ദേഹം പറഞ്ഞു'കുട്ടികള് മാതാപിതാക്കളെ സംരക്ഷിക്കേണ്ടതുണ്ട്. നിര്ഭാഗ്യവശാല് പലപ്പോഴും ഇത് സംഭവിക്കുന്നില്ല'അദ്ദേഹം ഖിന്നനായി. ഒന്നു നിര്ത്തി; അദ്ദേഹം വീണ്ടും തുടര്ന്നു' മുതിര്ന്നവര് രണ്ടു കാര്യങ്ങളാണ് ചെയ്യേണ്ടത്. മരണക്കിടക്കയിലേക്ക് സ്വത്തിനെ വലിച്ചിഴയ്ക്കാതിരിക്കുക, അത് കുടുംബകലഹത്തെ വിളിച്ചുവരുത്തും. രണ്ടാമത് ജോലിചെയ്യുമ്പോള് മരിക്കുക, രോഗശയ്യയില് നീളാതെ അവസാനശ്വാസംവരെ നിവര്ന്നു നില്ക്കുക. വിടപറച്ചിലുകള് ഹ്രസ്വമായിരിക്കണം, തീര്ത്തും ഹ്രസ്വം'.
ജീവന് വെടിയുമ്പോള് അദ്ദേഹം അധ്യാപകനായിരുന്നു. താന് ആരായി അറിയപ്പെടണം എന്നാണോ അദ്ദേഹം ആഗ്രഹിച്ചത് അതായി. അവസാന ശ്വാസം പോകുന്നതിന് തൊട്ടുമുമ്പുവരെ നിവര്ന്നുനില്ക്കുകയായിരുന്നു അദ്ദേഹം, പ്രസംഗിച്ചുകൊണ്ട് പ്രവര്ത്തനനിരതനായി. മഹാനായ ഒരധ്യാപകനായാണ് അദ്ദേഹം വിടപറഞ്ഞത്, നിവര്ന്നുയര്ന്നുനിന്നു കൊണ്ട്. ജനങ്ങളുടെ സ്‌നേഹാദരങ്ങളല്ലാതെ മറ്റൊന്നും സമ്പാദിച്ചുകൂട്ടാതെയാണ് അേദ്ദഹം വിടപറഞ്ഞത്. അദ്ദേഹത്തിന്റെ അവസാനശ്വാസംവരെ സഫലമായിരുന്നു.
ഒരുമിച്ചുകഴിച്ച ഉച്ചയൂണുകളും അത്താഴങ്ങളും ഇനിയെനിക്ക് അന്യം. എന്നെ എന്നുമെന്നും അമ്പരപ്പിച്ച ആ ആകാംക്ഷകളും എളിമയും എനിക്കിനി നഷ്ടമാവും. വാക്കുകള്‌കൊണ്ടും പ്രവൃത്തികൊണ്ടും പഠിപ്പിച്ച ജീവിതപാഠങ്ങള് നഷ്ടമാവും. വിമാനം പിടിക്കാനുള്ള ഓട്ടങ്ങളും യാത്രകളും ദീര്ഘ വാദപ്രതിവാദങ്ങളും നഷ്ടമാവും. അങ്ങെന്നെ സ്വപ്നം കാണാന് പഠിപ്പിച്ചു, അത് യാഥാര്ഥ്യമാക്കാതിരിക്കുന്നത് കഴിവിനെ ഇകഴ്ത്തുന്നതിനു തുല്യമാണെന്നു പഠിപ്പിച്ചു. അദ്ദേഹം പോയി, പക്ഷെ ആ ദൗത്യം മുന്നില് പ്രകാശിക്കുന്നു. കലാം അങ്ങ് അനശ്വരനാവട്ടെ...

കലാമിന്റെ സന്തത സഹചാരിയാണ് ശ്രീജന്‍പാല്‍ സിങ്. വന്‍തോതില്‍ വിറ്റഴിഞ്ഞ 'ടാര്‍ജറ്റ് 3 ബില്യണ്‍' എന്ന പുസ്തകം കലാമുമായി ചേര്‍ന്ന് രചിച്ചു. ലഖ്‌നൗ സ്വദേശിയായ ശ്രിജന്‍പാല്‍ സിങ്, കലാമിനൊപ്പം ഒട്ടേറെ പദ്ധതികള്‍ക്കൊപ്പം സഹകരിച്ചിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് 'അഡ്വാന്റേജ് ഇന്ത്യ' എന്ന പുസ്തകം രിചിക്കാനിരിക്കെയാണ് കലാമിന്റെ വിയോഗം.



KALAM ZOOM

 

ga