മഹാനായ കലാംസാറിനോടൊപ്പമുള്ള ഓര്‍മ്മകളുടെ പേരിലായിരിക്കും ഞാന്‍ ഓര്‍മ്മിക്കപ്പെടുക
എട്ടുമണിക്കൂറായിരിക്കുന്നു ഞങ്ങള്‍ തമ്മില്‍ അവസാനമായി സംസാരിച്ചിട്ട്. ഉറക്കം വരുന്നില്ല, ഓര്‍മ്മകള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നു, ചിലപ്പോള്‍ കണ്ണുനീര്‍ത്തുള്ളികളായി...
27 ന് ഉച്ചക്കാണ് ഞങ്ങള്‍ ഒന്നിച്ചുള്ള ആ ദിവസം തുടങ്ങിയത്, ഗുവാഹത്തിക്കുള്ള വിമാനത്തിലായിരുന്നു ഞങ്ങള്‍. അദ്ദേഹത്തിന്റെ സീറ്റ് 1എയും എന്റേത് 1 സിയും. അദ്ദേഹം ഇരുണ്ട നിറത്തിലുള്ള കലാം സ്യൂട്ടാണ് ധരിച്ചിരുന്നത്. 'നല്ല നിറ'മെന്നു പറഞ്ഞ് അദ്ദേഹത്തോടുള്ള സംസാരം തുടങ്ങി. അദ്ദേഹമിട്ടു കാണുന്ന അവസാനത്തെ നിറമാണിതെന്ന് ഞാന്‍ ചിന്തിച്ചുപോലുമില്ല.

മഴയുള്ള കാലാവസ്ഥയില്‍ രണ്ടര മണിക്കൂര്‍ നീളുന്ന യാത്രയായിരുന്നു അത്. എനിക്ക് ടര്‍ബുലന്‍സിനെ പേടിയാണ്, അദ്ദേഹമാണെങ്കില്‍ ആ കാര്യത്തില്‍ അഗ്രഗണ്യനും. അദ്ദേഹമെന്നെ കാണുമ്പോഴോക്കെ
ഞാന്‍ തണുത്തുവിറച്ചുകൊണ്ടിരിക്കും. ജനലിന്റെ ഗ്ലാസ് താഴ്തിയിട്ട ശേഷം ഇനി പേടിയുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
വീണ്ടും രണ്ടര മണിക്കൂര്‍ കാറില്‍ യാത്രയുണ്ടായിരുന്നു ഐ.ഐ.എം ഷില്ലോങിലേക്ക്. ഈ അഞ്ചുമണിക്കൂറും ഞങ്ങള്‍ ധാരാളം സംസാരിച്ചു, ചര്‍ച്ച ചെയ്തു, വാദപ്രതിവാദവും നടത്തി. കഴിഞ്ഞ ആറുവര്‍ഷം നൂറുകണക്കിന് വിമാനയാത്രകളിലും നീണ്ട റോഡുയാത്രകളിലും ഇതുതന്നെയായിരുന്നു സംഭവിച്ചത്.
ഈ അവസാനത്തെ ഒന്നിച്ചുള്ള യാത്രയില്‍ അവിസ്മരണീയമായ മൂന്നു പ്രധാന സന്ദര്‍ഭങ്ങളുണ്ട്.
പഞ്ചാബിലെ ഭീകരാക്രമണത്തില്‍ അദ്ദേഹം അത്രയേറെ ദുഖിതനായിരുന്നു. അവിടെ മരിച്ചുവീണ നിരപരാധികളായിരുന്നു അതിന് കാരണം. ' ഘശ്മയഹല ജഹമില േഋമൃവേ' ആയിരുന്നു ഐ.ഐ.എം ഷില്ലോങിലെ പ്രഭാഷണ വിഷയം. അതുമായി ബന്ധപ്പെടുത്തി അദ്ദേഹം പറഞ്ഞു. മലിനീകരണം പോലെ തന്നെ ഭൂമിയിലെ ജീവന് ഭീഷണിയാണ് മനുഷ്യനിര്‍മിതമായ ശക്തികളുമെന്ന് അദ്ദേഹം പറഞ്ഞു. അക്രമങ്ങളും മലിനീകരണവും വീണ്ടുവിചാരമില്ലാത്ത മനുഷ്യന്റെ ചെയ്തികളും നമ്മളെ ഭൂമിക്ക് പുറത്തുപോകാന്‍ പ്രേരിപ്പിക്കുന്നതിനേക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. അത് മുപ്പതുവര്‍ഷം കൊണ്ട് സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ നിങ്ങളൊക്കെ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ജനാധിപത്യത്തിന്റെ ഉപരിസ്ഥാപനമായ പാര്‍ലമെന്റില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടപടികള്‍ തടസ്സപ്പെടുന്നതായിരുന്നു ഞങ്ങള്‍ ചര്‍ച്ച ചെയ്ത രണ്ടാമത്തെ വിഷയം. എന്റെ കാലത്ത് രണ്ട് സര്‍ക്കാരുകളെ കണ്ടിട്ടുണ്ട്. അതിനു ശേഷം അതിലേറെ സര്‍ക്കാരുകളേയും കണ്ടു. ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത് ശരിയല്ല. വികസന രാഷ്ട്രീയത്തിലൂന്നി പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്താനുള്ള വഴി കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐ.ഐ.എമ്മിലെ കുട്ടികള്‍ക്ക് അപ്രതീക്ഷിതമായി നല്‍കാനുള്ള ഒരു അസൈന്‍മെന്റിനുള്ള ചോദ്യം തയ്യാറാക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അത് പ്രഭാഷണത്തിന് അവസാനം നല്‍കാനുള്ളതാണ്. പാര്‍ലമെന്റ് നടപടികള്‍ കൂടുതല്‍ ഫലപ്രദവും ആകര്‍ഷകവുമാക്കാനുള്ള മൂന്ന് നൂതന വഴികളാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കുറച്ചു സമയങ്ങള്‍ക്ക് ശേഷം തനിക്ക് കണ്ടെത്താനാകാത്ത പരിഹാരത്തേക്കുറിച്ച് എങ്ങനെയാണ് അവരോട് ചോദിക്കുകയെന്നും പറഞ്ഞു. അടുത്ത ഒരു മണിക്കൂര്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ മാറിമറിഞ്ഞു. ഞങ്ങളുടെ വരാനിരിക്കുന്ന പുസ്തകത്തില്‍ ഇത് ഒരു ചര്‍ച്ചയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാമത്തെ സംഭവം അദ്ദേഹത്തിന്റെ സുന്ദരമായ മാനുഷിക മുഖം വ്യക്തമാക്കുന്നതായിരുന്നു. ആറ-എഴ് കാറുകളുള്ള കോണ്‍വോയിയായാണ് ഞങ്ങള്‍ സഞ്ചരിച്ചത്. ഞങ്ങള്‍ രണ്ടുപേരും അതിലെ രണ്ടാമത്തെ കാറിലായിരുന്നു. തൊട്ടുമുമ്പില്‍ ഒരു തുറന്ന ജിപ്‌സി ജീപ്പ്, അതില്‍ മൂന്നു സൈനികരും. രണ്ട് പേര്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ മെലിഞ്ഞ ഒരു സൈനികന്‍ തോക്കുപിടിച്ച് നില്‍ക്കുകയാണ്.
ഒരു മണിക്കൂറിനു ശേഷം കലാം അദ്ദേഹം നില്‍ക്കുന്നതെന്തിനാണ്, തളരില്ലേ.. ഇതൊരു ശിക്ഷപോലെയല്ലേ എന്നു ചോദിച്ചു. അദ്ദേഹത്തോട് ഇരിക്കാന്‍ പറഞ്ഞ് ഒരു വയര്‍ലെസ് സന്ദേശം അയക്കാമോ എന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. സുരക്ഷക്കുവേണ്ടി അദ്ദേഹത്തിന് നല്‍കിയ നിര്‍ദ്ദേശമായിരിക്കും അതെന്ന് പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു.
അദ്ദേഹം വിശ്വസിക്കാന്‍ തയ്യാറായില്ല. റേഡിയോ സന്ദേശമയക്കാന്‍ ശ്രമിച്ചു, പക്ഷേ അത് പ്രവര്‍ത്തിക്കുന്നില്ല. അടുത്ത ഒന്നര മണിക്കൂറിനുള്ളില്‍ കൈകൊണ്ട് ആംഗ്യം കാണിച്ച് സൈനികനോട് ഇരിക്കാന്‍ പറയാന്‍ മൂന്നുവട്ടം എന്നോട് ആവശ്യപ്പെട്ടു. ഒടുവില്‍ അത് വിശ്വസിച്ച ശേഷം തനിക്ക് അയാളെ കാണണമെന്നും നന്ദി പറയണമെന്നും ആവശ്യപ്പെട്ടു. പിന്നീട് ഐ.ഐ.എം ഷില്ലോങിലെത്തിയ ശേഷം ആ സൈനികനെ തിരഞ്ഞുപിടിച്ച് കലാമിനടുത്തെത്തിച്ചു. അദ്ദേഹം സൈനികന് ഹസ്തദാനം നല്‍കി നന്ദിപറഞ്ഞു. താങ്കള്‍ തളര്‍ന്നോ? ഭക്ഷണം കഴിക്കുന്നോ? ഞാന്‍ കാരണം നീണ്ട നേരം എഴുന്നേറ്റ് നിര്‍ത്തിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിത പെരുമാറ്റം കണ്ട് സൈനികന്റെ ഉത്തരം മുട്ടി. സാര്‍, താങ്കള്‍ക്ക് വേണ്ടി ആറ് മണിക്കൂര്‍ നില്‍ക്കാന്‍ തയ്യാറാണ് എന്ന് സൈനികന്‍ പറഞ്ഞ്.
അതിനു ശേഷം ഞങ്ങള്‍ പ്രഭാഷണം നടക്കുന്ന സ്ഥലത്തേക്കു പോയി. പ്രഭാഷണത്തിന് വൈകി പോകാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ തനിക്ക് വേണ്ടി ഒരിക്കലും കാത്തിരിക്കരുതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.
തുടര്‍ന്ന് കോട്ടില്‍ മൈക്ക് ഘടിപ്പിക്കുന്നതിനിടെ അദ്ദേഹം ചോദിച്ചു. 'ഫണ്ണി ഗൈ ആര്‍ യു ഡൂയിങ് വെല്‍?. 'ഫണ്ണി ഗൈ' എന്ന് അദ്ദേഹം പറുന്നതിന്, അതിന്റെ ടോണ്‍ അനുസരിച്ച് പല അര്‍ത്ഥങ്ങളുണ്ട്. നിങ്ങളത് നന്നായി ചെയ്തു, ചില കാര്യങ്ങളില്‍ വീഴ്ച പറ്റി.. അങ്ങനെ. അതായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞ അവസാനത്തെ വാക്കുകള്‍. ശരി എന്നു പറഞ്ഞ് ഞാന്‍ ചിരിച്ചു.
രണ്ട് മിനുട്ട് നേരത്തെ പ്രഭാഷണത്തിന് ശേഷം ഒരു വാചകം അവസാനിച്ച് അല്പം നീണ്ട വിരാമം. ഞാനദ്ദേഹത്തെ നോക്കി. അദ്ദേഹം താഴെ വീഴുന്നു.
ഞങ്ങള്‍ അദ്ദേഹത്തെ കൈയിലെടുത്തു. ഡോക്ടര്‍ ഓടിയെത്തി. ഞങ്ങളെക്കൊണ്ടാകുന്നതൊക്കെ ചെയ്തു. അദ്ദേഹത്തിന്റെ നോട്ടം ഇപ്പോഴുമോര്‍മ്മയുണ്ട്. അദ്ദേഹത്തിന്റെ തല എന്റെ കൈകളിലായിരുന്നു. കൈ ചുരുട്ടിപ്പിടിച്ചിരുന്നു. എന്റെ വിരല്‍ അദ്ദേഹം പിടിച്ചിരിക്കുകയായിരുന്നു.
അഞ്ചുമിനിട്ടിനുള്ളില്‍ ഞങ്ങള്‍ തൊട്ടടുത്ത ആസ്പത്രിയിലെത്തിയിരുന്നു. അടുത്ത അഞ്ചുമിനിട്ടിനുള്ളില്‍ മിസൈന്‍ മാന്‍ ലോകം വിട്ടു പോയെന്ന് അവര്‍ സൂചന നല്‍കി. ഞാന്‍ അവസാനമായി ഒരിക്കല്‍കൂടി അദ്ദേഹത്തിന്റെ കാലില്‍ തൊട്ടു വന്ദിച്ചു. വിട, പഴയ സുഹൃത്തേ, എന്റെ ചിന്തകളില്‍ വച്ച് വീണ്ടും കാണാം, അടുത്ത ജന്മത്തില്‍ നേരിട്ട് കാണാം......
അങ്ങയോട് ഏറെ കടപ്പാടുള്ള വിദ്യാര്‍ത്ഥി
ശ്രീജന്‍ പാല്‍ സിങ്
(കലാമിനൊപ്പം വിവിധ പദ്ധതികളില്‍ പങ്കാളിയായിട്ടുള്ള ശ്രീജന്‍ പാല്‍ സിങ് കലാമിനൊപ്പം ടാര്‍ജറ്റ് ത്രീ ബില്യണ്‍ (2011) എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.)