കലാമിന് അന്ത്യവിശ്രമം പേയ്ക്കരിമ്പിലെ രണ്ടര ഏക്കറില്‍

Posted on: 30 Jul 2015


രാമേശ്വരം: മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ അന്ത്യവിശ്രമത്തിന് സര്‍ക്കാര്‍ ഒരുക്കിയത് രാമേശ്വരം-മധുര ദേശീയപാതയോരത്തെ രണ്ടര ഏക്കറിലെ വിശാല ഭൂമി. രാമേശ്വരം ടൗണില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ മാറി തങ്കച്ചിമഠത്ത് പേയ്ക്കരിമ്പ് എന്ന സര്‍ക്കാര്‍ഭൂമിയിലാണ് കബറടക്കം നടന്നത്.

മൂന്ന് സ്ഥലങ്ങളായിരുന്നു കലാമിന്റെ അന്ത്യവിശ്രമത്തിനായി ആദ്യം കണ്ടെത്തിയിരുന്നത്. രാമനാഥപുരം ജില്ലാ കളക്ടര്‍ കെ.നന്ദകുമാറും ജില്ലാ പോലീസ് മേധാവി മയില്‍വാഹനനും കലാമിന്റെ സഹോദരന്‍ എ.പി.ജെ.ചിന്നമരയ്ക്കാറുടെ മകന്‍ ജയ്‌നുലാബ്ദീന്‍, മകള്‍ സഫിയ എന്നിവരുമായി ചൊവ്വാഴ്ച രാത്രി കൂടിയാലോചിച്ചാണ് അന്തിമ തീരുമാനമെടുത്തത്.

ചൊവ്വാഴ്ച രാത്രിതന്നെ അന്ത്യവിശ്രമസ്ഥലത്ത് ഒരുക്കത്തിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. കേന്ദ്ര ഏജന്‍സികള്‍ രാത്രിതന്നെ സ്ഥലത്തെത്തി സുരക്ഷാനടപടികള്‍ വിലയിരുത്തി. മുഖ്യമന്ത്രി ജയലളിതയ്ക്കുവേണ്ടി മന്ത്രിമാരായ ഒ.പനീര്‍ശെല്‍വം, നത്തം വിശ്വനാഥന്‍ എന്നിവര്‍ ബുധനാഴ്ച രാവിലെ രാമേശ്വരത്തെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. ആദ്യം 1.32 ഏക്കര്‍ സ്ഥലമാണ് കബറിടത്തിനായി നിശ്ചയിച്ചിരുന്നത്. എന്നല്‍, ബുധനാഴ്ച രാവിലെയാണ് രണ്ടര ഏക്കര്‍ സ്ഥലം കബറിനായി നല്‍കാന്‍ തീരുമാനിച്ചതെന്ന് രാമേശ്വരം നഗരസഭാ അധികൃതര്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

പാമ്പന്‍പാലമാണ് രാമേശ്വരം ദ്വീപ് ഭൂമിയെ രാമനാഥപുരവുമായി ബന്ധിപ്പിക്കുന്നത്. പാമ്പന്‍പാലം കടന്ന് രാമേശ്വരത്തേക്കുള്ള പാതയില്‍ ആറ് കിലോമീറ്റര്‍ പിന്നിടുമ്പോള്‍ വലതുവശത്താണ് പേയ്ക്കരിമ്പ്. കിലോമീറ്ററുകളോളം ആര്യവേപ്പ് മാത്രം നിറഞ്ഞ ഈ ഭൂമി, കലാമിന്റെ അന്ത്യവിശ്രമസ്ഥലമെന്ന നിലയില്‍ ഇനി ജനഹൃദയങ്ങളില്‍ നിറയും. കലാമിന്റെ ജീവിതസന്ദേശം ലോകത്തിന് പകരുന്ന നിലയില്‍ ഉചിതമായ സ്മാരകമായി വൈകാതെ പേയ്ക്കരിമ്പ് മാറുമെന്ന് അധികൃതര്‍ അറിയിച്ചു.



KALAM ZOOM

 

ga