രാമേശ്വരം: മതങ്ങള്‍ക്ക് അതീതനായി ജീവിച്ച ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിന്റെ അന്ത്യചടങ്ങുകള്‍ ബന്ധുക്കളുടെ ആഗ്രഹപ്രകാരം മതാചാരപ്രകാരമാണ് നടത്തിയത്. കലാമിന്റെ മരണത്തിനുപിന്നാലെ തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി അദ്ദേഹത്തിന്റെ ബന്ധുക്കളുമായി സംസാരിച്ച രാമനാഥപുരം ജില്ലാ ഭരണകൂടം ഈയാവശ്യം അംഗീകരിക്കുകയായിരുന്നു. ജില്ലാ കളക്ടര്‍ നന്ദകുമാര്‍, പോലീസ് സൂപ്രണ്ട് മയില്‍വാഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ കേന്ദ്രസേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് കബറടക്കം നടന്നത്.
ബുധനാഴ്ച പകല്‍ രാമേശ്വരത്ത് പൊതുദര്‍ശനത്തിനുവെച്ച കലാമിന്റെ ഭൗതികശരീരം, രാത്രി 10 മണിയോടെ പള്ളിവാസല്‍ തെരുവിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറ്റി. കേന്ദ്രസേന കൊണ്ടുവന്ന മൃതദേഹപേടകം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് കൈമാറി. വ്യാഴാഴ്ച രാവിലെ 9.30ന് മൃതദേഹത്തില്‍ മതാചാരപ്രകാരമുള്ള വസ്ത്രമാറ്റവും മറ്റു ചടങ്ങുകളും നടത്തിയ ശേഷം പച്ചത്തുണി പുതച്ചു. തുടര്‍ന്ന് സമീപത്തെ മുഹിദീന്‍ ആണ്ടവര്‍ പള്ളിയിലേക്ക് മയ്യത്ത് നിസ്‌കാരത്തിനായി മൃതശരീരം കൊണ്ടുപോയി. ഇമാം അബ്ദുള്‍ റഹ്മാന്‍ യാസിന്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ജവാഹിറുള്ള എം.എല്‍.എ., മുന്‍ എം.എല്‍.എ. ഹസന്‍ അലി എന്നിവര്‍ പ്രസംഗിച്ചു. കാല്‍ മണിക്കൂര്‍ നീണ്ട നമസ്‌കാരത്തിനുശേഷം കേന്ദ്രസേന വീണ്ടും മൃതദേഹപേടകം ഏറ്റുവാങ്ങി. പിന്നീടാണ് അന്ത്യവിശ്രമസ്ഥലത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചത്.
അവിടെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആദരാഞ്ജലികള്‍ക്കുശേഷം കലാമിന്റെ ബന്ധുക്കളും ജമാഅത്ത് ഭാരവാഹികളും കബറടക്കത്തിനുള്ള ഒരുക്കം തുടങ്ങി. കേന്ദ്രസേന അപ്പോള്‍ മാറിനിന്നു. കബറിലേക്ക് മൃതദേഹം മാറ്റുന്നതുമുതല്‍ മണ്ണ് മൂടുന്നതുവരെയുള്ള ചടങ്ങുകള്‍ ആചാരപ്രകാരമാണ് നടന്നത്. പിന്നീട് ബന്ധുക്കളുടെ പ്രാര്‍ഥന ഉണ്ടായി. ഇതിനുശേഷം കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തി.