രാമേശ്വരം: പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ സംസ്‌കാര ചടങ്ങിന് അസാധാരണമായ സുരക്ഷാ ക്രമീകരണങ്ങളാണ് രാമേശ്വരത്ത് ഒരുക്കിയത്. കേന്ദ്ര സുരക്ഷാ സേനയും ടാസ്‌ക് ഫോഴ്‌സും ചൊവ്വാഴ്ച തന്നെ ദ്വീപിലെത്തിയിരുന്നു. മുന്‍ സര്‍വസൈന്യാധിപനായ കലാമിന്റെ അന്ത്യയാത്രാ ചടങ്ങുകളുടെ ചുമതല സൈന്യത്തിനായിരുന്നു. യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്ന ദിവസത്തില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ സുരക്ഷാ വീഴ്ചയുണ്ടാകാതിരിക്കാന്‍ സൈന്യവും കേന്ദ്രസേനയും തമിഴ്‌നാട് പോലീസും ശ്രദ്ധ ചെലുത്തി.
എല്‍.ടി.ടി.ഇ.യുടെ ആക്രമണ ഭീഷണി ഒഴിവായ ശേഷം അധികം സുരക്ഷാക്രമീകരണങ്ങള്‍ രാമേശ്വരത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ തമിഴ്‌നാട്ടില്‍ അടുത്തിടെ ഏതാനും എല്‍.ടി.ടി.ഇ. അംഗങ്ങളെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് സുരക്ഷാ ഏര്‍പ്പാടുണ്ടാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലെ പാക് കടലിടുക്കിലും മന്നാര്‍ ഉള്‍ക്കടല്‍ പ്രദേശത്തും അതീവ സുരക്ഷാനിര്‍ദേശം കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും രാമേശ്വരത്ത് എത്തുന്ന പശ്ചാത്തലത്തിലാണ് ഇതുണ്ടായത്.
കിഴക്കന്‍ തീരത്ത് ചെന്നൈ മുതല്‍ തൂത്തുക്കുടി വരെയായിരുന്നു സുരക്ഷാ ക്രമീകരണമൊരുക്കിയത്. ഇവിടെ വിവിധ പ്രദേശത്തായി കോസ്റ്റ് ഗാര്‍ഡിന്റെ മൂന്ന് അതിവേഗ ബോട്ടുകളും ഒരു തെരച്ചില്‍ കപ്പലും കടലില്‍ ഉണ്ടായിരുന്നു. പുറമെ രാമേശ്വരം മണ്ഡപത്തില്‍ വ്യാമസേനയുടെ രണ്ട് തിരച്ചില്‍ വിമാനങ്ങളും സജ്ജമാക്കിയിരുന്നു. തമിഴ്‌നാട്, പോണ്ടിച്ചേരി തീരത്ത് വ്യോമനിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ചെന്നൈയില്‍ നിന്നും വ്യോമസേനയുടെ വിമാനവും ഹെലികോപ്റ്ററുമാണ് ആകാശനിരീക്ഷണം നടത്തിയത്.
അനിയന്ത്രിതമായ തിരക്കായിരുന്നു രാമേശ്വരത്ത് കലാമിന്റെ പൊതുദര്‍ശന വേദിയില്‍ തുടങ്ങി സംസ്‌കാര ചടങ്ങുവരെ ഉണ്ടായത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപെട്ടു. സംസ്‌കാര ചടങ്ങില്‍ മൈതാനത്തിന് ഉള്ളിലേക്ക് തള്ളിക്കയറാന്‍ ജനക്കൂട്ടം ശ്രമിച്ചപ്പോള്‍ വനിതാ പോലീസ് ഉള്‍പ്പെടെയുള്ളവര്‍ വന്‍ ചെറുത്തു നില്പാണ് നടത്തിയത്.
സംസ്‌കാര ചടങ്ങിന് ശേഷം പ്രധാനമന്ത്രി പുറത്തിറങ്ങുമ്പോള്‍ ജനക്കൂട്ടം ആര്‍ത്തു വിളിക്കുകയും അടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. നേതാക്കള്‍ പുറത്തിറങ്ങും മുന്‍പേ കബറിടത്തിലേക്ക് പോകാന്‍ ജനം തിരക്കുകൂട്ടി. ഈ സമയം ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പോലീസ് ലാത്തി ചാര്‍ജ് നടത്തി. പിന്നീട് അവര്‍ക്ക് സന്ദര്‍ശന സമയം അനുവദിച്ചു. കബറടക്കം കാണാനുള്ള ആകാംക്ഷമൂലം ജനക്കൂട്ടം തെങ്ങിന് മുകളില്‍ വരെ ഇടം പിടിച്ചിരുന്നു. മൈതാനത്ത് സമീപത്തെ നിര്‍മാണം പൂര്‍ത്തിയാകാത്ത പഴയ കെട്ടിടത്തിന്റെ മുകളില്‍ നിരവധി പേര്‍ കയറിയത് അപകടഭീഷണി ഉയര്‍ത്തിയിരുന്നു.