തമിഴകം തേങ്ങി; കലാം ഇനി അമരന്‍

Posted on: 31 Jul 2015


രാമേശ്വരം:
തായ്മണ്ണിലേക്ക് മടങ്ങിയ എ.പി.ജെ.അബ്ദുല്‍ കലാം തമിഴര്‍ക്ക് മറക്കാന്‍ കഴിയാത്ത അമരനായി. മാമനിതനെന്ന് വിശേഷിപ്പിച്ച അദ്ദേഹത്തെ അന്ത്യയാത്രാവേളയില്‍ അമരന്‍ (മരണമില്ലാത്തവന്‍) എന്നാണ് തമിഴകം വിളിച്ചത്. രാഷ്ട്രപതിയായിരുന്നപ്പോഴും പിന്നീടും തമിഴ്‌നാട്ടില്‍ എവിടെയുമെത്തിയിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടില്‍ തമിഴകം തേങ്ങി.

വിദ്യാര്‍ഥികളെ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന കലാമിന്റെ ദേഹവിയോഗം തമിഴകത്തെ കുട്ടികളുടെ മനസ്സില്‍ മായാത്ത വേദനയായി. വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം എന്നും വഴികാട്ടിയായിരുന്നു. അവര്‍ സ്‌കൂളുകളിലും പൊതുസ്ഥലത്തും കൂട്ടത്തോടെ അദ്ദേഹത്തിന് അശ്രുപൂജ നല്‍കി. രാമേശ്വരത്തിന്റെ സമീപ ജില്ലകളില്‍നിന്നും വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ മൃതദേഹം കാണാനും അന്ത്യയാത്രയില്‍ പങ്കെടുക്കാനും എത്തിയിരുന്നു. രാഷ്ട്രീയത്തിന് അതീതനായ കലാമിന് രാഷ്ട്രീയഭേദമില്ലാതെ തമിഴ്ജനത യാത്രാമൊഴി നല്‍കി. രാഷ്ട്രീയ, സിനിമാ, സാമൂഹിക മേഖലയിലെ പ്രമുഖരെല്ലാം രാമേശ്വരത്തെത്തിയിരുന്നു.

ജീവിതാവസാനം വരെ തമിഴ്‌മൊഴി മറക്കാത്ത കലാമിന്റെ മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ തമിഴകം ഉറക്കമിളച്ച് പ്രാര്‍ഥനയോടെ കാത്തിരുന്നു. ടൂറിസ്റ്റ് കേന്ദ്രമായ രാമേശ്വരത്ത് രണ്ടുദിവസമായി കടകളുള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയായിരുന്നു. ഭക്ഷണവും കുടിവെള്ളവും കിട്ടാതെ ക്ലേശിച്ചവര്‍ ഏറെ. ഈ ബുദ്ധിമുട്ടുകള്‍ സഹിച്ചും അദ്ദേഹത്തിന്റെ അന്ത്യയാത്രയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. വിലാപയാത്ര ആരംഭിച്ചപ്പോള്‍ കലാമിന്റെ ആരാധകര്‍ ശവമഞ്ചമേന്തിയ വാഹനത്തോടൊപ്പം ഓടുകയായിരുന്നു. പോലീസിന്റെ നിയന്ത്രണം ഒരുഘട്ടത്തിലും വിലപ്പോയില്ല. റോഡിനിരുവശത്തും ദേശീയപതാകയേന്തി നിന്നവര്‍ കൈകൂപ്പി വണങ്ങി. വന്ദേമാതരം, ഭാരത് മാതാ കീ ജയ്, അബ്ദുല്‍ കലാം കീ ജയ് എന്നിവ അവര്‍ വിളിക്കുന്നുണ്ടായിരുന്നു. കബറടക്കം നടന്ന മൈതാനത്തിനുചുറ്റും കൂടിയവരും പ്രിയനായകന്റെ പേരും അമരത്വവും ഉച്ചത്തില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളുടെ ഏകോപനവും രാമേശ്വരത്തുണ്ടായിരുന്നു. മുഖ്യമന്ത്രി ജയലളിത ഒഴികെ മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും രണ്ടുനാള്‍ മുമ്പേ രാമേശ്വരത്ത് എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള വി.ഐ.പി.കളും ലക്ഷക്കണക്കിന് സാധാരണക്കാരും തിങ്ങിനിറഞ്ഞ ക്ഷേത്രനഗരം തിരക്കിലമര്‍ന്നെങ്കിലും ഒട്ടും വീര്‍പ്പുമുട്ടനുഭവിച്ചില്ല.

രാമേശ്വരത്തിന് സമീപത്തെ ജില്ലകളില്‍ കടയടപ്പ് പൂര്‍ണമായിരുന്നു. അടഞ്ഞ ഷട്ടറുകള്‍ക്കുമുന്നില്‍ കലാമിന്റെ വര്‍ണചിത്രങ്ങള്‍ പതിച്ചിരുന്നു. രാമേശ്വരത്തും പരിസരത്തും എല്ലായിടത്തും റോഡരികില്‍ കലാമിന്റെ ചിത്രങ്ങള്‍ അലങ്കരിച്ചുവെച്ചിരുന്നു. അവയില്‍ അദ്ദേഹത്തിന്റെ വാക്കുകളും വിശേഷണവും നിറഞ്ഞു. ചിത്രത്തിനുമുന്നില്‍ പുഷ്പാര്‍ച്ചനയും മെഴുകുതിരി തെളിക്കലും വ്യാഴാഴ്ചയും തുടര്‍ന്നു. ഓട്ടോറിക്ഷ, ടാക്‌സികള്‍ എന്നിവയിലും കരിങ്കൊടിയും കലാമിന്റെ ചിത്രവും കാണാമായിരുന്നു. തമിഴ്‌നാട്ടിലെ പ്രധാന പത്രങ്ങള്‍ 10 പേജ് അടങ്ങുന്ന കലാമിന്റെ ബഹുവര്‍ണചിത്രമുള്ള, വിവിധ സ്ഥാപനങ്ങളുടെ അനുസ്മരണ പരസ്യങ്ങളുമായാണ് രണ്ടുനാള്‍ പുറത്തിറങ്ങിയത്.
കലാമിനോടുള്ള ആദരസൂചകമായി തമിഴ്‌നാട്ടില്‍ കോടതി ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി നല്കിയിരുന്നു. ഒരു ലക്ഷത്തോളം ചരക്കുലോറികള്‍ ഓടിയില്ല. പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം ഒരുമണിക്കൂര്‍ നിര്‍ത്തിവെച്ചു. രാവിലെ ഒന്‍പതിന് ശേഷം സംസ്ഥാനത്ത് പാല്‍ വിതരണം നിര്‍ത്തിവെച്ചു. തിയേറ്ററുകളില്‍ പകല്‍ പ്രദര്‍ശനം റദ്ദാക്കി. രാമേശ്വരം ഉള്‍പ്പെടെ തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയില്ല.

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍പ്പോലും ബാറുകള്‍ അടച്ചിട്ടു. കലാമിന്റെ കബറടക്ക ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് എത്താന്‍ മധുര, തിരുച്ചി എന്നിവിടങ്ങളില്‍നിന്ന് രാമേശ്വരത്തേക്ക് പ്രത്യേക ബസ് സര്‍വീസ് ഉണ്ടായിരുന്നു. മധുരയില്‍നിന്ന് രാമേശ്വരത്തേക്ക് വ്യാഴാഴ്ച രാവിലെയും ഉച്ചയ്ക്ക് മടക്കയാത്രയ്ക്കും റെയില്‍വേ പ്രത്യേക െട്രയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തി. മധുര-രാമേശ്വരം പാസഞ്ചറില്‍ വ്യഴാഴ്ച നാല് ബോഗികള്‍ അധികം ചേര്‍ത്തിരുന്നു.



KALAM ZOOM

 

ga