പാമ്പന്‍ എക്‌സ്പ്രസ്: കലാമിന്റെ ഇനിയും സഫലമാകാത്ത സ്വപ്‌നം

Posted on: 31 Jul 2015

രാമേശ്വരം: രാമേശ്വരം ദ്വീപ് നിവാസികളുടെ ജീവിതത്തിന്റെ ഭാഗമാണ് പാമ്പന്‍പാലം. ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന ഏകമാര്‍ഗമാണ് 2.5 കിലോമീറ്റര്‍ നീളമുള്ള പാലം. പാമ്പന്‍പാലത്തോടു ചേര്‍ന്നുള്ള റെയില്‍വേ പാലത്തിലൂടെ രാമേശ്വരത്തുനിന്ന് ചെന്നൈയ്ക്ക് ഒരു എക്‌സ്പ്രസ് തീവണ്ടിയെന്നത് കലാമിന്റെ സ്വപ്‌നമായിരുന്നു.

പാമ്പന്‍പാലത്തിന്‍റെ 100-ാം വാര്‍ഷികം 2014 ജനവരിയില്‍ ആഘോഷിച്ചപ്പോള്‍ മുഖ്യാതിഥി കലാമായിരുന്നു. പാമ്പന്‍ എക്‌സ്പ്രസ് എന്ന പേരില്‍ തീവണ്ടി പാലത്തിന്റെ ശതാബ്ദി സ്മാരകമായി തുടങ്ങണമെന്ന ആഗ്രഹം അബ്ദുല്‍ കലാം തന്റെ പ്രസംഗത്തില്‍ അന്ന് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇനിയും അത് യാഥാര്‍ഥ്യമായില്ല. ഈ തീവണ്ടിയില്‍ ശീതീകരണ സംവിധാനമുള്ള ഒരു കാര്‍ഗോ കോട്ടും വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

രാമേശ്വരത്തെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യം കയറ്റി അയയ്ക്കുന്നതിനായിരുന്നു ഈ കോച്ച്. കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ കലാമിന്റെ ആഗ്രഹപ്രകാരം പുതിയ തീവണ്ടിയുടെ പ്രഖ്യാപനമുണ്ടാകുമെന്ന് ദ്വീപ് നിവാസികള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ യാഥാര്‍ഥ്യമായില്ലെന്ന് മാത്രം.

വലിയ തിരകളുള്ള കടലിന് കുറുകെ കഴിഞ്ഞ നൂറുവര്‍ഷമായി അചഞ്ചലമായി നിലകൊള്ളുന്ന പാമ്പന്‍ പാലം ഒരു എന്‍ജിനിയറിങ് വിസ്മയം തന്നെയാണ്. മെക്‌സിക്കോയില്‍ മാത്രമാണ് പാമ്പന്‍പാലത്തിന് സമാനമായ സാഹചര്യത്തില്‍ കടല്‍പ്പാലം നിര്‍മിക്കപ്പെട്ടിട്ടുള്ളത്. കലാം രാഷ്ട്രപതിയായിരുന്ന കാലത്താണ് പാമ്പന്‍ റെയില്‍പാലം ഉള്‍പ്പെടുന്ന തീവണ്ടിപ്പാത ബ്രോഡ്‌ഗേജാക്കി മാറ്റിയത്. പാമ്പന്‍ പാലത്തിന് സമീപം അബ്ദുല്‍ കലാമിന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാനുള്ള ഒരു പദ്ധതിക്ക് ഭരണകൂടം ആലോചന തുടങ്ങിയിട്ടുണ്ട്.



KALAM ZOOM

 

ga