കലാമിന്റെ ഇന്ത്യ: അഭിപ്രായ സര്‍വേയുമായി കല്പാത്തി സ്വദേശിയും സംഘവും

Posted on: 31 Jul 2015


പാലക്കാട്:
കൗമാര ഭാവനകളെ ഉണര്‍ത്താനും ദേശീയസ്വത്വം സ്വരൂപിക്കാനും അഭിലഷിച്ച് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ആശയങ്ങളെക്കുറിച്ചുള്ള അഭിപ്രായസര്‍വേയുമായി കല്പാത്തിസ്വദേശിയും സംഘവും. കലാമിന്റെവിയോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വിഷന്‍-2020ലെ ഇന്ത്യക്കാരന്‍ എന്താവണമെന്ന അഭിപ്രായം സ്വരൂപിക്കാനാണ് കല്പാത്തിസ്വദേശി പ്രകാശ് മുത്തുസ്വാമിയും സഹപ്രവര്‍ത്തകരും ഓണ്‍ലൈന്‍ സര്‍വേക്ക് തുടക്കം കുറിച്ചത്. ദേശഭക്തിയാവണം മുന്നോട്ടുനയിക്കേണ്ടതെന്ന കലാമിന്റെ അഭിപ്രായത്തോടൊപ്പമാണ് ചുരുങ്ങിയ സമയത്തിനകം ഏറ്റവും കൂടുതല്‍പ്പേര്‍ അണിനിരന്നത്. ഇന്ത്യന്‍ മൂല്യങ്ങളെയും സംസ്‌കാരത്തെയും സംരക്ഷിക്കാനാവണം, വാക്കിലും പ്രവര്‍ത്തിയിലും സത്യസന്ധതയും സുതാര്യതയും പാലിക്കാനാവണം തുടങ്ങിയ ആശയങ്ങള്‍ക്കൊപ്പവും ഏറെപ്പേര്‍ ഇഷ്ടം പങ്കുവെച്ചു.

കലാമിന്റെ സ്വപ്‌നങ്ങള്‍ക്കും പ്രയത്‌നങ്ങള്‍ക്കുമുള്ള ആദരാഞ്ജലിയായിട്ടാണ് സര്‍വേ തുടങ്ങിയതെന്ന് പ്രകാശ് മുത്തുസ്വാമി പറയുന്നു. 55 ചോദ്യങ്ങളുള്‍പ്പെടുന്നതാണ് ചോദ്യാവലി. ഇവയ്ക്ക് ലഭിക്കുന്ന മറുപടികളില്‍ എറ്റവും കൂടുതല്‍പ്പേര്‍ അനുകൂലിക്കുന്നവയെന്ന രീതിയില്‍ പിന്നീട് ക്രമീകരിക്കാനാണ് പദ്ധതി. ഓരോ ഭാരതീയനും ഉണ്ടായിരിക്കേണ്ട പ്രധാന 20 മൂല്യങ്ങള്‍ പൊതുജന വീക്ഷണത്തിലൂടെ തിരിച്ചറിയുകയും ഇത് സര്‍ക്കാരുമായി പങ്കുവെക്കുകയുമാണ് ലക്ഷ്യം.

പ്രകാശിന്റെ നേതൃത്വത്തില്‍ കോയമ്പത്തൂര്‍ പാപ്പനായിക്കന്‍പാളയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രിയല്‍ സോഫ്‌റ്റ്വെയര്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഓം (ഓട്ടോമേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് മാനേജ്‌മെന്റ് സിസ്റ്റം) ആണ് സര്‍വേ മങ്കി എന്ന ലിങ്ക് വഴി അഭിപ്രായരൂപവത്കരണത്തിന് ഇറങ്ങിയിട്ടുള്ളത്.

ജലവിഭവം കുറവുള്ള രാജ്യങ്ങളില്‍ ജലത്തിന്റെ നിയന്ത്രണത്തിലും വിനിയോഗത്തിലും ക്രമീകരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദുബായ് കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ 22 വര്‍ഷം പ്രകാശ് പ്രവര്‍ത്തിച്ചിരുന്നത്. നാലുമാസം മുമ്പാണ് നാട്ടിലെത്തിയത്.
പാലക്കാട്ടെ പ്രമുഖ അഭിഭാഷകനും സാമൂഹികപ്രവര്‍ത്തകനുമായ വി.എസ്. മുത്തുസ്വാമിയുടെ മകനാണ് ഇദ്ദേഹം. ഭാര്യ പ്രീത, മക്കള്‍ ശ്രേയ, നിരഞ്ജന്‍, പുണ്യ എന്നിവര്‍ക്കൊപ്പം കോയമ്പത്തൂരാണ് താമസം. info@ausmystems.com എന്ന ഇ-മെയില്‍ വിലാസംവഴി ബന്ധപ്പെട്ടാലും സര്‍വേയില്‍ പങ്കാളിയാവാന്‍ കഴിയും.



KALAM ZOOM

 

ga