രാമേശ്വരം: ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഭൗതിക ശരീരം രാമേശ്വത്തിനടുത്ത് പേയ്ക്കരിമ്പില്‍ ഖബറടക്കി. അതിരാവിലെ അദ്ദേഹത്തിന്റെ വസതയില്‍ നിന്നും വിലാപയാത്രയായാണ് ഭൗതിക ശരീരം പേയ്ക്കരിമ്പിലെത്തിച്ചത്.
വ്യാഴാഴ്ച രാവിലെ മുഹിദീന്‍ ആണ്ടവര്‍ മുസ്ലിം പള്ളിയില്‍ മയ്യത്ത് നമസ്‌ക്കാരത്തിന് കൊണ്ടുപോയ ശേഷമാണ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കാന്‍ പെയ്ക്കരിമ്പിലെത്തിച്ചത്. കേന്ദ്രമന്ത്രിമാരും വിവിധ രാഷ്ട്രീയ, സാമൂഹിത, സാംസ്‌കാരിക മണ്ഡലത്തെ പ്രമുഖങ്ങളും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി ഉമ്മചാണ്ടി, ഗവര്‍ണര്‍ വി.സദാശിവം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
|
ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു. ഫോട്ടോ: എസ് ശ്രീകേഷ് |
രാമേശ്വരത്ത് തീരാവേദനയോടെ മനുഷ്യസാഗരം ആര്‍ത്തലക്കുകയായിരുന്നു. ജനഹൃദയങ്ങള്‍ കീഴടക്കി അനശ്വരതയിലേക്ക് മടങ്ങിയ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ഭൗതികദേഹം വിങ്ങലോടെയാണ് ജന്മനാട് ഏറ്റുവാങ്ങിയത്. തിങ്കളാഴ്ച ഷില്ലോങ്ങില്‍ അന്തരിച്ച കലാമിന്റെ ഭൗതികശരീരം ബുധനാഴ്ചയാണ് നാട്ടിലെത്തിച്ചത്. വഴികാട്ടിയും ഗുരുവും സുഹൃത്തും സഹോദരനുമൊക്കെയായിരുന്നു ദ്വീപുകാര്‍ക്ക് കലാം. അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.
ബുധനാഴ്ച രാത്രി ഏറെ വൈകി കലാമിന്റെ കുടുംബവീടായ ഹൗസ് ഓഫ് കലാമില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചു.
ന്യൂഡല്‍ഹിയില്‍നിന്ന് കലാമിന്റെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം ബുധനാഴ്ച ഉച്ചയ്ക്ക് 12.30 നാണ് മധുരയിലെത്തിയത്. അവിടെ സംസ്ഥാന ഗവര്‍ണര്‍ റോസയ്യയും ചീഫ് സെക്രട്ടറി ജ്ഞാനദേശികനും ചേര്‍ന്ന് പുഷ്പചക്രം അര്‍പ്പിച്ച് മൃതദേഹം ഏറ്റുവാങ്ങിയപ്പോള്‍ സമയം 12.50.
|
ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഭൗതിക ശരീരത്തിന് അരികില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. ഫോട്ടോ: എസ് ശ്രീകേഷ് |
ഡല്‍ഹിയില്‍ നിന്ന് കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കര്‍, വെങ്കയ്യ നായിഡു, പൊന്‍ രാധാകൃഷ്ണന്‍, മുന്‍ കേന്ദ്രമന്ത്രി സെയ്യദ് ഷാനവാസ് ഹുസൈന്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. 1.30ന് മധുര വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെര്‍മിനലില്‍ നിന്ന് മൃതദേഹവും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റര്‍ രാമേശ്വരത്തേക്ക് പറന്നുയര്‍ന്നു. മറ്റൊരു ഹെലികോപ്റ്ററില്‍ നേതാക്കള്‍ അനുഗമിച്ചു. രാമേശ്വരത്ത് പാമ്പന്‍ പാലത്തിന് സമീപമുള്ള നാവികസേനയുടെ ഹെലിപ്പാഡില്‍ കൊണ്ടുവന്ന മൃതദേഹത്തെ സൈനിക വാഹനത്തിലേക്ക് മാറ്റി. അവിടെ മൂന്ന് സേനയും മുന്‍ സര്‍വസൈന്യാധിപനായ മുന്‍ രാഷ്ട്രപതിക്ക് അന്തിമോപചാരമര്‍പ്പിച്ചു. പ്രത്യേക വാഹനത്തില്‍ പിന്നെ പൊതുദര്‍ശനവേദിയായ കുച്ചിപ്പുള്ളി മണ്ഡപം ക്യാമ്പ് പ്രദേശത്തേക്ക്. കലാം ഒരുപാട് സഞ്ചരിച്ചിട്ടുള്ള പാമ്പന്‍ പാലത്തിലൂടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം നീങ്ങി.
മണ്ഡപം ക്യാമ്പ് പ്രദേശം അക്ഷരാര്‍ഥത്തില്‍ ജനനിബിഡമായിരുന്നു. മുന്‍ നിശ്ചയിച്ചതിലും ഒന്നര മണിക്കൂര്‍ വൈകി 3.45നാണ് പൊതുദര്‍ശന സ്ഥലത്ത് കലാമിന്റെ ഭൗതികദേഹം എത്തിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം വന്‍ജനാവലി രാവിലെ മുതല്‍ ഈ പ്രദേശത്ത് കാത്തുനില്‍ക്കുകയായിരുന്നു. ഉത്തരേന്ത്യയില്‍ നിന്നുപോലും നൂറുകണക്കിന് വിദ്യാര്‍ഥികളാണ് അവര്‍ മനസ്സില്‍ ഗുരുനാഥനായി സ്വീകരിച്ചിട്ടുള്ള കലാമിന് ആദരവ് അര്‍പ്പിക്കാന്‍ എത്തിയിരുന്നത്. പരീക്കറും വെങ്കയ്യ നായിഡുവും ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ മൃതദേഹത്തെ ആദ്യം വണങ്ങി.
വെങ്കയ്യ നായിഡു കേന്ദ്രസര്‍ക്കാറിന്റെ സന്ദേശം ജനങ്ങളെ അറിയിച്ചു. സംസ്‌ക്കാര ചടങ്ങില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ എത്തുന്ന കാര്യവും നായിഡു സൂചിപ്പിച്ചു. പിന്നാലെ ഒ. പനീര്‍ ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിമാര്‍ മുല്ലപ്പൂ അര്‍പ്പിച്ച് തൊഴുതു.
അബ്ദുല്‍ കലാമിന്റെ ബന്ധുക്കളും മതപണ്ഡിതരും പ്രാര്‍ഥന അര്‍പ്പിച്ചശേഷമാണ് ജനങ്ങള്‍ക്ക് കാണാനുള്ള സൗകര്യമൊരുക്കിയത്. ഇടയ്ക്ക് കലാമിന്റെ വയോധികനായ സഹോദരന്‍ ചിന്ന മരയ്ക്കാര്‍ അനുജന് അഞ്ജലി അര്‍പ്പിക്കാന്‍ ബന്ധുക്കളുടെ സഹായത്തോടെ എത്തി. വിവശതയോടെ മുല്ലപ്പൂ അര്‍പ്പിച്ച് ചിന്ന മരയ്ക്കാര്‍ തൊഴുതു.
|
ഫോട്ടോ: എസ് ശ്രീകേഷ്
|
രാത്രി എട്ടുമണിക്ക് പൊതു ദര്‍ശനവേദിയില്‍ നിന്ന് കലാമിന്റെ ഭൗതികശരീരം മാറ്റുമ്പോഴും നാനാദിക്കില്‍ നിന്നും ജനങ്ങള്‍ എത്തിക്കൊണ്ടിരുന്നു. സൈനിക വാഹനത്തിലാണ് അവിടെനിന്ന് വീട്ടിലേക്ക് ഭൗതികദേഹം കൊണ്ടുപോയത്. രാമേശ്വരം ക്ഷേത്രത്തിന് മുന്നിലെ വഴിയിലൂടെ വാഹനം കടക്കുമ്പോള്‍ റോഡ് ജനനിബിഡമായിരുന്നു. എട്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കൊച്ചുകലാം പിച്ചവെച്ചു നടന്നിരുന്ന, ക്ഷേത്രത്തിന് മുന്നിലെ ഇടവഴിയിലൂടെ അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം വീട്ടിലേക്ക് എടുക്കുമ്പോള്‍ ദ്വീപ് നെടുവീര്‍പ്പിട്ടു.
ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍, ഡി.എം.കെ. നേതാവ് സ്റ്റാലിന്‍, വിവിധ കക്ഷി നേതാക്കളായ ജി.കെ. വാസന്‍, വൈകോ, ഇ.വി. കെ.എസ്. ഇളങ്കോവന്‍, ചലച്ചിത്ര നടന്‍മാരായ വിജയകാന്ത്, വടിവേലു, വിവേക് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.