രാമേശ്വരം: അബ്ദുല്‍ കലാമിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പ്രമുഖരെത്തുന്ന സാഹചര്യത്തില്‍, കനത്ത സുരക്ഷാവലയത്തിലായി ക്ഷേത്രനഗരമായ രാമേശ്വരം ദ്വീപ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമുള്‍പ്പെടുന്ന ദേശീയനേതാക്കള്‍ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ രാമേശ്വരത്തേക്ക് വ്യാഴാഴ്ച എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും എത്തുമെന്നാണ് സൂചന.
തമിഴ്‌നാട് ഗവര്‍ണര്‍ റോസയ്യ, കേരള ഗവര്‍ണര്‍ പി.സദാശിവം എന്നിവരും വ്യാഴാഴ്ച ദ്വീപിലെത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്‌നാവിസ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും കലാമിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും.
സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി, അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് െവക്കുന്ന വസതിയിലും ശവസംസ്‌കാരം നടക്കുന്ന തങ്കച്ചിമഠത്തിലും കനത്ത കാവലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരെല്ലാം രണ്ടുദിവസമായി രാമേശ്വരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലാ പോലീസ് സൂപ്രണ്ട് മയില്‍വാഹനനാണ് സംസ്ഥാന പോലീസിന്റെ സുരക്ഷാച്ചുമതല.
കേന്ദ്ര സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ടാസ്‌ക് ഫോഴ്‌സും അര്‍ധസൈനികരും ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മധുര വഴി രാമേശ്വരത്തെത്തി. വെടിയുണ്ട തുളയ്ക്കാത്ത വാഹനങ്ങളും വിമാനമാര്‍ഗം രാമേശ്വരത്ത് എത്തിച്ചിട്ടുണ്ട്. രാമനാഥപുരം, ശിവഗംഗ, ധര്‍മപുരി, കരൂര്‍, മധുര, ദിണ്ടുക്കല്‍ ജില്ലകളില്‍ നിന്നായി അയ്യായിരത്തോളം പോലീസുകാരെയാണ് രാമേശ്വരത്ത് വിന്യസിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെ മധുരയില്‍നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം രാമേശ്വരത്ത് എത്തുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. രാഹുല്‍ഗാന്ധി ബുധനാഴ്ച രാത്രിതന്നെ മധുരയിലെത്തി. അവിടെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തങ്ങുന്ന അദ്ദേഹം, ഹെലികോപ്റ്ററില്‍ വ്യാഴാഴ്ച രാവിലെ ദ്വീപിലെത്തും. സംസ്ഥാന മുഖ്യമന്ത്രി ജയലളിതയുടെ അഭാവമാണ് ശ്രദ്ധിക്കപ്പെട്ടത്. ശാരീരിക അസ്വാസ്ഥ്യം കാരണം തനിക്ക് എത്താന്‍ കഴിയില്ലെന്ന് അവരുടെ ഔദ്യോഗിക അറിയിപ്പുണ്ടായിട്ടുണ്ട്. എന്നാല്‍, ജയലളിതയുടെ വിശ്വസ്തന്‍ ഒ.പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തില്‍ ഭൂരിപക്ഷം മന്ത്രിമാരും ബുധനാഴ്ച ഉച്ചമുതല്‍ രാമേശ്വരത്തുണ്ട്. ഡി.എം.കെ. േനതാവ് എം.കെ.സ്റ്റാലിനും രാമേശ്വരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.