കവയിത്രി സുഗതകുമാരി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനെ ഓര്‍ക്കുന്നു
മനസ്സിന് പ്രിയപ്പെട്ട ആളായിരുന്നു ഡോ. എ.പി.ജെ. അബ്ദുല്‍ കലാം. കുഞ്ഞുങ്ങളുടേത് പോലെയുള്ള നിഷ്‌കളങ്കത ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിലെ ഏറ്റവും ഹൃദ്യമായ, ആകര്‍ഷണീയമാക്കിയ സ്വഭാവവിശേഷവും അതുതന്നെ. നല്ല ഓര്‍മകളാണ് എനിക്ക് പ്രിയപ്പെട്ട കലാമിനെക്കുറിച്ചുള്ളത്.
രണ്ടുതവണ മാത്രമേ അദ്ദേഹത്തെ അടുത്ത് കാണാനും രണ്ടുവാക്ക് സംസാരിക്കാനും എനിക്ക് സാധിച്ചിട്ടുള്ളൂ. ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് പത്മശ്രീ വാങ്ങാനുള്ള ഭാഗ്യമായിരുന്നു ആദ്യത്തേത്. പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. ''ഞാന്‍ കേരളത്തില്‍ നിന്നാണ് വരുന്നത് തിരുവനന്തപുരത്ത് നിന്ന്.'' തിരുവനന്തപുരം എന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം മിന്നി. ''ഓ...തിരുവനന്തപുരം... അത് എങ്ക ഊര് താന്‍'' എന്നായിരുന്നു മറുപടി. അമ്മാ അഭിനന്ദനങ്ങള്‍- അദ്ദേഹം ആശംസിച്ചു.
പിന്നീട് 2014 മെയ് 28ന് അദ്ദേഹത്തെ കാണാനും സംസാരിക്കാനും അവസരമുണ്ടായി. അന്ന് തിരുവനന്തപുരം വിമന്‍സ് കോളേജില്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനമുണ്ടായിരുന്നു. അന്ന് പൂര്‍വവിദ്യാര്‍ത്ഥിനിയെന്ന നിലയില്‍ എന്നെയും അവര്‍ ആദരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇരിക്കാനും ഇത്തിരിനേരം സംസാരിക്കാനും കുട്ടികളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം കണ്ടു മനസ്സിലാക്കാനും എനിക്ക് സാധിച്ചു. കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥിനി തപ്പിത്തടഞ്ഞ് സ്റ്റേജിലേക്ക് വന്നതും അവളുടെ കൈ പിടിച്ചുകൊണ്ട് സ്വപ്‌നം കാണാനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും അദ്ദേഹം ഉപദേശിച്ചതും ഞാന്‍ ഓര്‍ക്കുന്നു.
എന്നെ സംബന്ധിച്ചിടത്തോളം അതൊരു വിശേഷദിവസവുമായിരുന്നു. ആറന്മുള സമരം കൊടുമ്പിരിക്കൊണ്ട കാലമാണത്. ഞാന്‍ അദ്ദേഹത്തിന്റെ തൊട്ടടുത്തിരിക്കുമ്പോഴാണ് എന്റെ മൊബൈലില്‍ ഒരു ഫോണ്‍വിളി വന്നത്. ദേശീയഹരിത ട്രിബ്യൂണല്‍ ആറന്മുള വിമാനത്താവള പദ്ധതിയെ തള്ളിക്കളഞ്ഞിരിക്കുന്നു എന്ന വാര്‍ത്തയായിരുന്നു അത്. അദ്ദേഹത്തിന്റെ പ്രഭാഷണത്തിനുശേഷം കുട്ടികളോട് സംസാരിക്കാന്‍ ഞാന്‍ എഴുന്നേറ്റു. എന്റെ മാതൃവിദ്യാലയത്തിലേക്ക് ആദ്യമായി ഈ വാര്‍ത്ത ഞാന്‍ എത്തിക്കുന്നു എന്ന മുഖവുരയോടെയാണ് ഞാന്‍ തുടങ്ങിയത്. കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു നിര്‍ത്തിയതോടെ ഉയര്‍ന്ന അത്യുച്ചത്തിലുള്ള ഹര്‍ഷാരവവും കൈയടിയും ഉയര്‍ന്നു.
കുട്ടികളോട് രണ്ട് വാക്ക് പറഞ്ഞിട്ട് തിരിച്ചുവന്നിരുന്നപ്പോള്‍ കലാം എന്നോട് ചോദിച്ചു എന്താണ് സംഭവമെന്ന്. ഞാന്‍ വളരെ ചുരുക്കി വിവരം പറഞ്ഞു. ''വെരിഗുഡ്'' എന്ന് അദ്ദേഹം പ്രതികരിച്ചു.
മടങ്ങുംനേരം അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് ഞാന്‍ വന്ദിച്ചു. ''അരുത് അരുത്'' എന്ന് അദ്ദേഹം വിലക്കി. എന്നാല്‍ ആ മഹാസാത്വികന്റെ കാല്‍തൊട്ട് വന്ദിച്ച ധന്യതയോടെയാണ് ഞാന്‍ മടങ്ങിയത്. ചന്ദ്രനില്‍ നമ്മുടെ ബഹിരാകാശ പേടകം ഇറങ്ങിയപ്പോള്‍ അതില്‍ ത്രിവര്‍ണപതാകയുടെ മുദ്രണം വേണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥര്‍ പറഞ്ഞ ഇക്കാര്യം എന്റെ മനസ്സിലേക്ക് ഓടിയെത്തുകയാണ്.
സ്‌നേഹത്തിന്റെയും കളങ്കമറ്റ മനസ്സിന്റെയും അതിസൂക്ഷ്മമായ ശാസ്ത്രബോധത്തിന്റെയും അതിനൊക്കെയപ്പുറമുള്ള ഗാഢമായ ദേശഭക്തിയുടെയും ചൈതന്യവത്തായ പ്രതീകമായിരുന്നു അദ്ദേഹം. നമുക്ക് ആ മഹാത്മാവിനെ സ്മരിക്കാം. വന്ദിക്കാം.