മറക്കാനാവാതെ പി.എം. നായര്‍

തിരുവനന്തപുരം: ഡോ. എ.പി.ജെ. അബ്ദുല്‍ കലാം രാഷ്ട്രപതിയായിരുന്ന കാലം. ഒരു വിദേശരാജ്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങുകയായിരുന്നു അദ്ദേഹം. പുലര്‍ച്ചെ ഏഴിനാണ് വിമാനം പുറപ്പെടേണ്ടത്. തലേനാള്‍ ആ രാജ്യത്തിന്റെ പ്രസിഡന്റും കുടുംബവുമായി കലാം കുറേസമയം ചെലവഴിച്ചിരുന്നു. മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവേയാണ് കലാമിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എം. നായരുടെയടുത്തേയ്ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തുന്നത്.
ആതിഥേയ രാജ്യത്തിന്റെ പ്രസിഡന്റും ഭാര്യയും കലാമിനെ കാണാന്‍ വീണ്ടുമെത്തുന്നു. പുലര്‍ച്ചെ ആറരയോടെ തന്നെ അദ്ദേഹമെത്തുകയാണ്. കലാമുമായി കഴിഞ്ഞ ദിവസം ഏറെസമയം ചെലവഴിച്ച പ്രസിഡന്റിന് വീണ്ടും അദ്ദേഹത്തെ കാണാന്‍ ആഗ്രഹം. പക്ഷേ ഇത് ഔദ്യോഗികപരിപാടിയിലില്ല. പി.എം. നായര്‍ക്ക് സംഭ്രമം അടക്കാനായില്ല.
ഇക്കാര്യം കലാമിനെ അദ്ദേഹം അറിയിച്ചു. ചിരിച്ചുകൊണ്ട് കലാം മറുപടി നല്‍കി. ''അതിനെന്താ... അദ്ദേഹം വരട്ടെ. കുറച്ചുനേരം സംസാരിച്ചശേഷം മടക്കയാത്ര തുടങ്ങാം''. നീല ഷര്‍ട്ടും മുണ്ടും ഹവായ് ചെരിപ്പുമിട്ട് 'കൂളായി' നില്‍ക്കുന്ന കലാമിനെക്കണ്ട് പി.എം. നായര്‍ പറഞ്ഞു. ''സര്‍... ഈ വസ്ത്രങ്ങള്‍ മാറണം. രാഷ്ട്രത്തലവനുമായുള്ള കൂടിക്കാഴ്ച ഔദ്യോഗിക വേഷത്തിലാകണം''.
അദ്ദേഹം വസ്ത്രം മാറിവന്നു. പക്ഷേ നീല ഷര്‍ട്ടും ഹവായ് ചെരിപ്പും മാറ്റിയിട്ടില്ല. പി.എം. നായര്‍ വീണ്ടും പറഞ്ഞു. ''സാര്‍...പൂര്‍ണമായും ഔദ്യോഗിക വേഷത്തിലാകണം''. ചിരിച്ചുകൊണ്ട് കലാം അതും അനുസരിച്ചു.
നാല്‍പത് വര്‍ഷം നീണ്ടുനിന്ന തന്റെ ഔദ്യോഗിക ജീവിതത്തിനിടെ കലാമിനോളം നൈര്‍മല്യവും, സത്യസന്ധതയും, ദയയും, എളിമയും, കാര്യക്ഷമതയുമുള്ള മറ്റൊരാളോടൊപ്പം പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
രാഷ്ട്രപതിഭവന്‍ കാണാനായി അമ്പത് പേരടങ്ങുന്ന കലാമിന്റെ കുടുംബാംഗങ്ങള്‍ എത്തിയ സംഭവത്തെക്കുറിച്ചും പി.എം. നായര്‍ ഓര്‍ക്കുന്നു. അവര്‍ക്ക് യാത്രചെയ്യാനായി രാഷ്ട്രപതി ഭവനിലെ ഒരു ഔദ്യോഗിക വാഹനവും ഉപയോഗിച്ചില്ല. പകരം രണ്ട് ബസുകള്‍ അവര്‍ക്കായി കലാം ചാര്‍ട്ടര്‍ ചെയ്തുെവച്ചിരുന്നു. രാഷ്ട്രപതി ഭവനില്‍ അവര്‍ ഒരാഴ്ച ചെലവഴിച്ചു. 92 വയസ്സുള്ള മൂത്ത സഹോദരന്‍ കലാംസാറിന്റെ മുറിയില്‍ അദ്ദേഹത്തോടൊപ്പമാണ് കിടന്നത്.
കുടുംബാംഗങ്ങള്‍ മടങ്ങി. രാഷ്ട്രപതി ഭവനിലെ മുറിയുടെ വാടകയും ഭക്ഷണച്ചെലവും കണക്കുകൂട്ടി കലാം മൂന്നര ലക്ഷം രൂപ പി.എം. നായരെ ഏല്‍പിച്ചു. കലാം സാറിനൊപ്പം കിടന്ന മൂത്തസഹോദരന്റെ മുറിയുടെ വാടകയും അദ്ദേഹം നല്‍കാനൊരുങ്ങിയെങ്കിലും പി.എം. നായര്‍ അത് വാങ്ങിയില്ല. മൂന്നര ലക്ഷം രൂപ സര്‍ക്കാരിലേക്ക് അടയ്ക്കുകയും ചെയ്തു. രാമേശ്വരത്ത് കലാംസാറിനെ ഒരു നോക്ക് കാണാനെത്തുമ്പോള്‍ പി.എം. നായരുടെ ഓര്‍മകളില്‍ കണ്ണുനീരിന്റെ നനവ് പടരുന്നു.
''ദൈവത്തെ പോലൊരാളാണ് കലാം സാര്‍. അദ്ദേഹമിപ്പോള്‍ ദൈവത്തോടൊപ്പം കഴിയുന്നു. ഇങ്ങനെയൊരാള്‍ ഇനിയുണ്ടോ ? ലോകത്തിന്റെയാകമാനം നഷ്ടമാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍...''