രാമേശ്വരം: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാം അവസാനം സ്വന്തം നാട്ടിലെത്തിയത് കോളേജില്‍ പഠിപ്പിച്ച അധ്യാപകനെ കാണാന്‍. പതിനൊന്ന് ദിവസം മുമ്പ് തന്നെ കണ്ട് അനുഗ്രഹം വാങ്ങി മടങ്ങിയ പ്രിയശിഷ്യന്റെ ദേഹവിയോഗം ദിണ്ടുക്കല്‍ സ്വദേശിയായ അധ്യാപകന്‍ ഫാ. ചിന്നദുൈരക്ക് താങ്ങാനാകുന്നില്ല.
50-54 കാലഘട്ടത്തില്‍, തിരുച്ചിയിലെ വളനാര്‍ കോളേജിലായിരുന്നു അബ്ദുല്‍ കലാമിന്റെ ബിരുദപഠനം. അവിടെ ഫിസിക്‌സ് അധ്യാപകനായിരുന്നു ഫാ. ചിന്നദുരൈ. ഇദ്ദേഹം ഇപ്പോള്‍ ദിണ്ടുക്കലിലാണ് താമസിക്കുന്നത്. അബ്ദുല്‍ കലാം തമിഴ്‌നാട്ടിലും മധുര ഭാഗത്തും എത്തുമ്പോള്‍ 91കാരനായ പൂര്‍വാധ്യാപകനെക്കണ്ട് അനുഗ്രഹം തേടാറുണ്ട്.
കഴിഞ്ഞ 18ന് കരൂര്‍ ജില്ലയിലെ അരവക്കുറിച്ചിയില്‍ എത്തിയ അദ്ദേഹം, മധുരയ്ക്ക് പോകുന്ന വഴിയില്‍ പ്രൊഫ. ചിന്നദുൈരയെ കാണാനെത്തിയിരുന്നു. അപ്പോള്‍ അദ്ദേഹം രചിച്ച ഒരു പുസ്തകം ഓട്ടോഗ്രാഫ് ചെയ്ത് അധ്യാപകന് നല്‍കി. 'എന്റെ ബഹുമാന്യനായ അധ്യാപകന്‍ റവ. ഫാ. ചിന്നദുൈരക്ക്' എന്നായിരുന്നു പുസ്തകത്തില്‍ കുറിച്ചിരുന്നത്. മുമ്പും പ്രൊഫ. ചിന്നദുൈരയെ കാണാനെത്തുമ്പോള്‍ അദ്ദേഹം ഉപഹാരമായി തന്റെ പുസ്തകങ്ങള്‍ സമ്മാനിക്കാറുണ്ടായിരുന്നു. അവസാനമായി അധ്യാപകനെ കാണാനെത്തിയ ദിവസം അദ്ദേഹം മധുരയില്‍നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള ജന്മദേശമായ രാമേശ്വരത്ത് പോയിരുന്നില്ല.
മരണത്തിന് 10 ദിവസം മുമ്പ് കണ്ട ശിഷ്യന്റെ പുസ്തകസമ്മാനം അധ്യാപകന്‍ അപൂര്‍വവസ്തുവായി സൂക്ഷിക്കുന്നു. ജന്തുക്കളെ കൊല്ലാനും തിന്നാനുമുള്ള മാനസികാവസ്ഥ ഇല്ലാത്തതിനാലാണ് ശിഷ്യന്‍ സസ്യഭോജിയായതെന്ന് വിശ്വസിക്കുന്ന വൈദികന്‍കൂടിയായ ഗുരുനാഥന്‍, ശിഷ്യന്റെ ആത്മാവിനായി കഴിഞ്ഞദിവസം പ്രാര്‍ഥിച്ചു. അബ്ദുല്‍ കലാം നല്‍കിയ പുസ്തകം അദ്ദേഹത്തിന്റെ ചിത്രത്തിനുമുന്നില്‍ െവച്ചാണ് പ്രൊഫ. ചിന്നദുരൈ പ്രാര്‍ഥിച്ചത്. കലാമിന്റെ മറ്റ് ആരാധകരും പ്രാര്‍ഥനയിലും ചിത്രത്തിലെ പുഷ്പാര്‍ച്ചനയിലും പങ്കുചേര്‍ന്നു.