ലിലിയന്‍ വാട്‌സന്റെ 'ലൈറ്റ് ഫ്രം മെനി ലാംപ്‌സ്' (പല ദീപങ്ങളിലെ പ്രകാശം) ആണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകമെന്നുപറഞ്ഞ കലാമിന്റെ വാക്കുകളില്‍ നൂറുനൂറു വിജ്ഞാനദീപങ്ങളുടെ നിറവും തിളക്കവും നിഴലും നിലാവും മാറിമാറി ജ്വലിച്ചിരുന്നു.
തലമുറകളിലൂടെ നീളുന്ന വഴിവെളിച്ചമായിരുന്നു അത്
എനിക്കൊരുപാടുദൂരം പോകാനുണ്ട്. എന്നാല്‍, എനിക്കു തിരക്കില്ല. ചെറുചുവടുകള്‍വെച്ച് ഞാന്‍ നടക്കുന്നു; ഒന്നിനുപിറകെ ഒന്നുമാത്രം. എന്നാല്‍, ഓരോ ചുവടും മുന്നോട്ട്, ഉയര്‍ച്ചയിലേക്ക്...'' ഒരു തലമുറയെ മുഴുവന്‍ ആവേശഭരിതരും പ്രചോദിതരുമാക്കിയ എ.പി.ജെ. അബ്ദുല്‍ കലാമിനെ ഓര്‍ക്കുമ്പോള്‍, 'അഗ്‌നിച്ചിറകുകള്‍' എന്ന പുസ്തകത്തില്‍ അദ്ദേഹമെഴുതിയ ഈ വാക്കുകളാണ് എന്റെ മനസ്സിലുണരുന്നത്.
''Look at the sky. We are not alone. The whole universe is friendly to us and conspires only to give the best to those who dream and work...'' (നാമൊറ്റയ്ക്കല്ല. സൗഹൃദം നിറഞ്ഞതാണ് ഈ പ്രപഞ്ചം. സ്വപ്നങ്ങള്‍ കാണുന്നവരുടെയും അധ്വാനശീലരുടെയും വിജയത്തിനുവേണ്ടി ഒത്തുകളിക്കുന്ന പ്രപഞ്ചം...) നോക്കൂ, അദ്ദേഹം ഉപയോഗിച്ച വാക്ക് conspire എന്നാണ്. ഗൂഢാലോചന! ഒത്തുകളി! ആകാശവും നക്ഷത്രങ്ങളും ഗ്രഹമണ്ഡലങ്ങളും അഷ്ടദിക്കുകളും പഞ്ചഭൂതങ്ങളുമുള്‍പ്പെട്ട പ്രപഞ്ചം നമുക്കുവേണ്ടി ഗൂഢാലോചന നടത്തുക! തോല്‍പ്പിക്കാനല്ല, ഉയരണമെന്നു സ്വപ്നംകാണുന്നവരെ കൂടുതല്‍ ഉയര്‍ത്താന്‍വേണ്ടി...! പ്രപഞ്ചത്തിന്റെ വാത്സല്യം അത്ര ഉദാത്തമാണെന്നു വിശ്വസിക്കുന്ന ഒരു കവിമനസ്സില്‍നിന്നേ ഇങ്ങനെയൊരു സുന്ദരകല്പനയുണ്ടാകൂ.
അതായിരുന്നു അബ്ദുല്‍ കലാം. നിരാശാഭരിതമായ ഒരു സമൂഹത്തെ അസാധ്യവും ഭ്രാന്തവുമായ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ച മഹാഗുരു. ഏകലവ്യന്മാരായി ഇന്ത്യയെമ്പാടും അദ്ദേഹത്തെ പിന്തുടര്‍ന്ന ശതകോടി യുവാക്കളുടെ ദ്രോണാചാര്യര്‍. ഏകാന്തതയിലും തിരസ്‌കാരത്തിലും തളരാതെ സ്വപ്നങ്ങള്‍ കാണാന്‍ ഇന്ത്യന്‍ യുവത്വത്തെ പഠിപ്പിച്ച കര്‍മയോഗി. ആ മഹാഗുരുവിനെ ഓര്‍ക്കുമ്പോള്‍ത്തന്നെ മനസ്സ് അദൃശ്യമായൊരു ഊര്‍ജപ്രവാഹത്താല്‍ നിറയുന്നു. അദ്ദേഹം പ്രചോദിപ്പിച്ച കോടാനുകോടി ഇന്ത്യക്കാരിലൊരാളാണ് ഞാനുമെന്നതില്‍ അഭിമാനവും അദ്ദേഹം ജീവിച്ച കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ കൃതാര്‍ഥതയും തോന്നുന്നു.
മറ്റാരുടെയും വാക്കുകള്‍ ഞങ്ങളുടെ തലമുറയെ ഇത്ര സ്വാധീനിച്ചിട്ടില്ല. സ്വപ്നങ്ങള്‍ കാണുക, കണ്ടുകൊണ്ടേയിരിക്കുക അദ്ദേഹം ഇന്ത്യയിലെ യുവാക്കളോടു പറഞ്ഞു. സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ടായിരിക്കണം. പറക്കാന്‍ ആകാശം വേണം. ചെന്നെത്താന്‍ ലക്ഷ്യസ്ഥാനവും വേണം. അതേസമയം, അജ്ഞാതമായ ഒരു ഭാവിക്കുവേണ്ടിമാത്രം പ്രവര്‍ത്തിക്കരുത്, അതിലര്‍ഥമില്ല. മലഞ്ചെരിവുകളെ ആസ്വദിക്കാതെ കൊടുമുടിമാത്രം ലക്ഷ്യംവെയ്ക്കുന്നവന്റെ മലകയറ്റംപോലെയാണത്. മലഞ്ചെരിവിലാണു ജീവന്‍, ഉച്ചിയിലല്ല. കയറുന്നതിലാണു സന്തോഷം, എത്തുന്നതിലല്ല. പ്രവൃത്തിയിലാണ് ആനന്ദം, ലക്ഷ്യപ്രാപ്തിയിലല്ല. എന്നാല്‍, ചെറിയലക്ഷ്യം വെച്ചുപുലര്‍ത്തുകയെന്നത് വലിയ പ്രതിസന്ധിയുമാണ്. അതു കുറ്റകരമാണ്. ഉന്നതലക്ഷ്യങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുകതന്നെ വേണം.
''My message, especially to young people is to have courage to think differently, courage to invent, tot ravel the unexplored path, courage to discover the impossible and to conquer the problems and succeed. These are great qualities that they must work towards. This is my message to the young people.''
ഒരു നാടിന്റെ സ്വപ്നങ്ങള്‍ക്ക് അഗ്‌നിച്ചിറകുകള്‍ നല്‍കിയ ശാസ്ത്രജ്ഞന്റെ ജീവിതസന്ദേശം ഈ വാക്കുകളിലുണ്ട്. 1931ല്‍ രാമേശ്വരത്തെ ഒരു സാധാരണ മീന്‍പിടിത്തക്കാരനു ജനിച്ച ആസാദ് എന്ന കുട്ടിയില്‍നിന്ന് എ.പി.ജെ. അബ്ദുല്‍ കലാമെന്ന രാഷ്ട്രപതിയിലേക്കും 'ഭാരതരത്‌ന'ത്തിലേക്കുമുള്ള ഉയര്‍ച്ചയുടെ കഥകൂടിയാണ് ആ സന്ദേശം. അസാധ്യമായ സ്വപ്നങ്ങള്‍ കാണുക, സ്ഥിരോത്സാഹത്തിലൂടെ അത് സാക്ഷാത്കരിക്കുക, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും നൈതികതയും മൂല്യബോധവും വിടാതെ പിന്തുടരുക, ദൈവവിശ്വാസത്തിന്റെയും ലാളിത്യത്തിന്റെയും വഴികളില്‍ ഉറച്ചുനില്‍ക്കുക, വിജയത്തിലും പരാജയത്തിലും ഒരുപോലെ ആനന്ദിക്കാന്‍ ശീലിക്കുക തുടങ്ങി അദ്ദേഹം അനുവര്‍ത്തിച്ച നിഷ്ഠകളും പ്രമാണങ്ങളും അമൂല്യസന്ദേശങ്ങള്‍തന്നെയായിരുന്നു. സ്വപ്നംകാണാന്‍ മറന്നുതുടങ്ങിയ ഒരു തലമുറയെ ഉണര്‍ത്തുകയും ഉദ്ദീപിപ്പിക്കുകയും ചെയ്ത ജീവിതസന്ദേശം! ഇങ്ങനെ ഋഷിതുല്യമായ നിസ്സംഗതയും രാജകീയമായ വിജയങ്ങളും ഒരേ അളവില്‍ കൈവരിച്ച മറ്റൊരാളെയും സമീപകാല ഇന്ത്യന്‍ ചരിത്രത്തില്‍ നമുക്കു ചൂണ്ടിക്കാട്ടാനില്ല. ഇത്രയേറെ മനുഷ്യരെ ഇത്രയധികം സ്വാധീനിച്ച മറ്റൊരാളെ എടുത്തുകാട്ടാനുമില്ല! സ്വതന്ത്ര ഇന്ത്യയുടെ സ്വാഭിമാനത്തിന്റെ ശില്പിയാണദ്ദേഹം. ''എന്റെ ജീവിതമാണ് എന്റെ സന്ദേശം'' എന്നുപറഞ്ഞ മഹാത്മാഗാന്ധി രാഷ്ട്രപിതാവാണെങ്കില്‍ അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ രാഷ്ട്രശില്പിയായിരുന്നു അബ്ദുല്‍ കലാം.

ലിലിയന്‍ വാട്‌സന്റെ 'ലൈറ്റ് ഫ്രം മെനി ലാംപ്‌സ്' (പല ദീപങ്ങളിലെ പ്രകാശം) ആണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകമെന്നുപറഞ്ഞ കലാമിന്റെ വാക്കുകളില്‍ നൂറുനൂറു വിജ്ഞാനദീപങ്ങളുടെ നിറവും തിളക്കവും നിഴലും നിലാവും മാറിമാറി ജ്വലിച്ചിരുന്നു. തലമുറകളിലൂടെ നീളുന്ന വഴിവെളിച്ചമായിരുന്നു അത്. യുവാക്കളോടായിരുന്നു അദ്ദേഹത്തിന്റെ എല്ലാ സംവാദങ്ങളും. ''നമ്മുടെ രാജ്യത്ത് 540 ദശലക്ഷം യുവാക്കളുണ്ട്. ഇവരാണ് നമ്മുടെ ശക്തി. ഇന്ത്യയെ വികസിതരാഷ്ട്രമാക്കുന്നതിന് അവര്‍ പങ്കുവഹിച്ചേ മതിയാവൂ. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ സംരംഭകത്വപരിശീലനം ഒരു ഭാഗമായിത്തീരണം. തൊഴില്‍തേടുന്നവരായല്ല, തൊഴിലുത്പാദകരായാണ് അവര്‍ മാറേണ്ടത്. നദികള്‍തമ്മില്‍ ബന്ധിപ്പിക്കല്‍, 'പുര'യുടെ നിര്‍വഹണം, എല്ലാറ്റിനുമുപരി ഇന്ത്യയെ വികസിതരാഷ്ട്രമാക്കിമാറ്റല്‍ തുടങ്ങി ഭാരിച്ച ചുമതലകള്‍ അവരെ കാത്തിരിക്കുന്നു. അവര്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും ഈ മുഖ്യനിയോഗം മനസ്സില്‍വെച്ചുകൊണ്ടുള്ളതായിരിക്കണം'' കലാം പറഞ്ഞു.
ദൈവത്തിന്റെ ചൈതന്യം ആ വാക്കുകളിലും പ്രവൃത്തിയിലും എന്നുമുണ്ടായിരുന്നു. ''മതവും മിസൈലും എയ്‌റോ ഡൈനാമിക്‌സും സയന്‍സുമെല്ലാം എനിക്ക് ദൈവത്തോടടുക്കാനുള്ള വഴികള്‍ മാത്രമാണ്. മനുഷ്യനെ ദൈവത്തില്‍നിന്നകറ്റാനുള്ളതാണ് ശാസ്ത്രമെന്നു ചിലര്‍ പറയുമ്പോള്‍, അദ്ഭുതം തോന്നാറുണ്ട്. ആത്മസാക്ഷാത്കാരത്തിന്റെയും ആത്മീയസമ്പൂര്‍ണതയുടെയും മാര്‍ഗമാണ് ശാസ്ത്രമെന്നാണ് എനിക്കുതോന്നിയിട്ടുള്ളത്'' കലാം എഴുതി. താങ്കളുടെ ഉള്ളിലെ ദൈവികാഗ്‌നിയെ കണ്ടെത്താന്‍ എങ്ങനെയാണു സാധിച്ചതെന്നു ചോദിച്ച യുവാവിനോട് അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു: ''എന്തിന്റെപേരില്‍ ഓര്‍മിക്കപ്പെടാനാണ് ഞാനിഷ്ടപ്പെടുന്നത് എന്നചോദ്യം സ്വയം ചോദിച്ചുകൊണ്ട് നിങ്ങളോരോരുത്തരും ജീവിതത്തിനു ലക്ഷ്യം രൂപപ്പെടുത്തണം. ഈ ചോദ്യം നിങ്ങള്‍ക്ക് ശരിയായ ഉത്തരവും ദിശാബോധവും സമ്മാനിക്കും. ദിശ നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞാല്‍ സാധ്യമായ എല്ലാ സ്രോതസ്സുകളില്‍നിന്നും വിവരങ്ങളാര്‍ജിക്കണം, കഠിനമായി അധ്വാനിക്കണം, സ്വന്തം പാതയില്‍ ഉറച്ചുനില്‍ക്കണം, പ്രയത്‌നിക്കണം. പ്രശ്‌നങ്ങള്‍ നിങ്ങളുടെമേല്‍ ആധിപത്യംനേടാനനുവദിക്കരുത്. മറിച്ച് നിങ്ങള്‍ പ്രശ്‌നത്തിനുമേല്‍ ആധിപത്യം നേടണം. ഇങ്ങനെ കൈവരുന്ന ഓരോ വിജയവും അടുത്ത വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കണം.''
ആരായിരുന്നു ഇന്ത്യക്ക് കലാം? ഈ ചോദ്യത്തിന് ഉത്തരങ്ങളേറെയാണ്. ശാസ്ത്രജ്ഞന്‍, ഭരണകര്‍ത്താവ്, എഴുത്തുകാരന്‍, കവി, ഗവേഷകന്‍, തത്ത്വജ്ഞാനി, പ്രബോധകന്‍... അങ്ങനെ പലര്‍ക്കും പലതായിരുന്നു കലാം. മിസൈലുകളെയും അക്ഷരങ്ങളെയും ഒരുപോലെ പ്രണയിച്ച, വാക്കുകള്‍ക്ക് മിസൈലുകളെക്കാള്‍ വേധശക്തിയുണ്ടെന്നു തിരിച്ചറിഞ്ഞ സ്വപ്നാടകനായ കര്‍മയോഗിയായിരുന്നു അദ്ദേഹം. ആ വ്യക്തിത്വത്തിന്റെ വൈവിധ്യപൂര്‍ണമായ നിമ്‌നോന്നതികളില്‍ കര്‍ണാടകസംഗീതവും വീണയും കവിതയും മാത്രമല്ല, അപാരമായ സഹജീവിസ്‌നേഹവും അഗാധമായ ദീനാനുകമ്പയും നിരുപാധികമായ ദൈവചൈതന്യവും പൂവിട്ടുനിന്നിരുന്നു. ഉന്നതിയിലേക്കുള്ള പടവുകള്‍ ചവിട്ടിക്കയറുമ്പോഴും ഏറ്റവും ലളിതമായ ജീവിതംമാത്രം നയിച്ച് മാതൃകകാണിക്കാനും അദ്ദേഹത്തിനു സാധിച്ചു.
രാജ്യത്തെ യുവാക്കളോടു സംസാരിച്ചുനില്‍ക്കെ സംഭവിച്ച ആ മരണത്തിലെ യാദൃച്ഛികത രാജ്യത്തെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരിക്കാം. എന്നാല്‍, കലാമിനെ സംബന്ധിച്ചിടത്തോളം അതിനെക്കാളാഗ്രഹിക്കുന്ന ഒരു മരണം വേറെയുണ്ടാവാനിടയില്ല. യുവാക്കളോടും കുട്ടികളോടും സംസാരിച്ചുകൊണ്ടേയിരിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവുംവലിയ ഇഷ്ടവും ദൗത്യവും. രാജ്യത്തിലെ യുവാക്കള്‍ക്കു മുഴുവന്‍ ചിറകുള്ള സ്വപ്നങ്ങള്‍തന്നാണ് അദ്ദേഹം പോകുന്നത്. ലക്ഷ്യബോധം, അധ്വാനം, സ്ഥിരോത്സാഹം, രാജ്യസ്‌നേഹം എന്നീ ഗുണങ്ങളില്‍ പടുത്തുയര്‍ത്തുന്ന ഒരു യുവശക്തിയാണ് അദ്ദേഹം വിഭാവനംചെയ്തത്. യുവാക്കള്‍ക്കുവേണ്ടി സംസാരിച്ചുനില്‍ക്കെ അദ്ദേഹം വിടവാങ്ങുന്നത് ഇന്ത്യന്‍ യുവസമൂഹത്തിന്റെ ഉത്തരവാദിത്വമേറ്റുന്നു. ''ഞാന്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് തങ്ങളുടേതായ ദൗത്യങ്ങളില്‍ സ്വയമര്‍പ്പിക്കാനുള്ള സാഹചര്യമൊരുക്കുകമാത്രമേ ചെയ്തിട്ടുള്ളൂ'' എന്ന് എളിമയോടെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിലും അതില്‍നിന്ന് മഹാവിജയങ്ങളുടെ സ്വപ്നനിര്‍മിതികള്‍ ഇനി സൃഷ്ടിച്ചെടുക്കേണ്ടത് ഇവിടത്തെ യുവാക്കളാണ്. അതിനെക്കാള്‍ വലിയ ഒരു ആദരാഞ്ജലിയും അദ്ദേഹത്തിനു നല്‍കാന്‍ അവര്‍ക്കില്ല.
''ഞാന്‍ ജനിച്ചത് കഴിവുകളോടുകൂടിയാണ്, ആശയങ്ങളോടും സ്വപ്നങ്ങളോടും കൂടിയാണ്, നന്മയോടും മഹത്ത്വത്തോടും കൂടിയാണ്. ഞാന്‍ പറക്കും, ആത്മവിശ്വാസത്തോടെ...!'' അദ്ദേഹം രാജ്യത്തോടു പറഞ്ഞു. ആ വാക്കുകള്‍ ഇവിടത്തെ ഓരോ യുവാവും ആവര്‍ത്തിക്കണം. അവ വെറും വാക്കുകളല്ല. ഒരു രാജ്യത്തെ മുഴുവന്‍ ജനതയുടെയും ഹൃദയത്തില്‍ കൊളുത്തിവെച്ച ആത്മവിശ്വാസത്തിന്റെ വിളക്കുകളാണ്. പലദീപങ്ങളില്‍നിന്നുള്ള പലനിറമുള്ള നാളങ്ങള്‍. ആ വെളിച്ചം പൊലിയാതിരിക്കട്ടെ. ആ പ്രകാശം ഇന്ത്യക്കു വഴികാണിക്കട്ടെ. ആ സ്വപ്നങ്ങള്‍ സഫലമാവട്ടെ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ!