ദുബായ്: ഏതൊരു ഇന്ത്യക്കാരനെയുംപോലെ അബ്ദുല്‍ കലാമെന്ന രാഷ്ട്രനേതാവിനെ നെഞ്ചേറ്റിയ കലാകാരനാണ് ദുബായിലുള്ള അക്ബര്‍ സാഹിബ്. ശാസ്ത്രജ്ഞനായും രാഷ്ട്ര നേതാവായും കലാംനല്‍കിയ അതുല്യസംഭാവനകളോടുള്ള ആദരമായി അക്ബര്‍ വരച്ചത് കലാമിന്റെ ഒരു എണ്ണച്ചായചിത്രമാണ്.
ഫ്രീഡം ഫൈറ്റേഴ്‌സ്' എന്ന പരമ്പരയില്‍ ആദ്യത്തേത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യംനേടിത്തന്ന മഹാത്മാഗാന്ധിയുടെ ചിത്രമാണ്. പൊഖ്‌റാന്‍ ആണവ പരീക്ഷണത്തില്‍ മുഖ്യനേതൃത്വംനല്‍കിയ ഇന്ത്യയുടെ മിസൈല്‍ മാന്‍ അബ്ദുല്‍ കലാമിന്റേതാണ് രണ്ടാമത്തേത്.
ഗാന്ധിജിനേടിത്തന്ന സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിന് രാജ്യത്തെ പ്രാപ്തമാക്കിയ മഹദ് വ്യക്തിയെന്ന നിലയിലാണിതെന്ന് അക്ബര്‍ പറയുന്നു. 2009ല്‍ വരച്ച ഈ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പുതന്നെ 'ഞങ്ങള്‍ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കും' എന്നാണ്.
സ്വതസ്സിദ്ധമായ ചിരിയോടെ, താടിക്ക് കൈ കൊടുത്ത് നില്‍ക്കുന്ന കലാമിന്റെ പശ്ചാത്തലത്തില്‍ ആണവ പരീക്ഷണത്തെ ഓര്‍മപ്പെടുത്തുന്ന ചിത്രവും ചേര്‍ത്തിട്ടുണ്ട്.
മംഗലാപുരം സ്വദേശിയായ അക്ബര്‍ കുടുംബസമേതം ഖിസൈസിലാണ് താമസം. ദുബായില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു.