മൂവാറ്റുപുഴ: 23 -ാം വയസ്സില്‍ ഒരു എന്‍ജിനീയറിങ് കോളേജ് കെട്ടിപ്പടുക്കാന്‍ സ്വപ്‌നത്തിന്റെ അസ്ഥിവാരം സമ്മാനിച്ച വലിയ മനുഷ്യന്‍. ഏഴു വര്‍ഷത്തെ പരിചയമാണ് അദ്ദേഹവുമായി ഉള്ളത്. ജീവിതത്തില്‍ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ കരുത്ത് പകര്‍ന്ന നിത്യ സാന്നിദ്ധ്യം. കൊച്ചിന്‍ എന്‍ജിനീയറിങ് കോളേജ് ചെയര്‍മാന്‍ ടി. ആര്‍. ഷംസുദ്ദീന് ഡോ. എ. പി. ജെ. അബ്ദുള്‍ കലാം ഇതെല്ലാമാണ്. ഡോ. കലാം കേരളത്തില്‍ അവസാനമായി വന്ന കോളേജാണ് മൂവാറ്റുപുഴ മണ്ണത്തൂരിലെ കൊച്ചിന്‍ എന്‍ജിനീയറിങ് കോളേജ്. അതും 80 ദിവസം മുമ്പ്. പുതിയ സംരംഭകരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി
കോളേജില്‍ തുടങ്ങിയ നവ സംരംഭകത്വ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു കലാം.
ഉദ്ദേശിച്ചതിലും അല്പം വൈകിയെങ്കിലും കോളേജില്‍ കുട്ടികള്‍ സജ്ജമാക്കിയ പുത്തന്‍ ആശയാവിഷ്‌കാരങ്ങള്‍ ഒന്നും വിടാതെ ഡോ. കലാം നോക്കിക്കണ്ടു. ഓരോന്നും ചോദിച്ചറിഞ്ഞു. കുട്ടികളുടെ പദ്ധതികള്‍ സാമ്പത്തികമായും സാമൂഹികമായും പ്രയോജനപ്പെടുത്താനുതകുന്ന നിര്‍ദേശങ്ങള്‍ നല്കി. 'കാന്തിക പ്രഭയുളള വാക്കുകളാല്‍ ഇവ വിവരിക്കുന്നതിന്റെ അലകള്‍ ഇപ്പോഴും കാതില്‍ കേള്‍ക്കുകയാണ് ഞാന്‍ ' . ഷംസുദ്ദീന്‍ പറയുന്നു. പിന്നീട് വേദിയിലും മുമ്പ് കാണാത്ത വിധം ആവേശത്തോടെ അദ്ദേഹം സംസാരിച്ചു. ആ കൈകള്‍കൊണ്ട് സമ്മാനം വാങ്ങാനും ഭാഗ്യമുണ്ടായി.
വടക്കാഞ്ചേരിയില്‍ കൊച്ചിന്‍ എന്‍ജിനീയറിങ് കോളേജ് ഏഴു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്തത് ഡോ. കലാമായിരുന്നു. പിന്നീട് രണ്ട് കോളേജുകള്‍ കൂടി തുടങ്ങിയ ഷംസുദ്ദീന് സ്വപ്‌നം കാണാന്‍ പറയുന്ന ഡോ.കലാമിന്റെ വാക്കുകളാണ് ശക്തി പകര്‍ന്നത്.
സ്വപ്‌നം കണ്ട് നേടിയ വിജയങ്ങള്‍കൊണ്ട് ദക്ഷിണ സമര്‍പ്പിക്കുകയാണ് ടി. ആര്‍. ഷംസുദ്ദീന്‍ എന്ന 30 വയസ്സുകാരന്‍.