മൂവാറ്റുപുഴ: കുട്ടികള്‍ നിറഞ്ഞ സദസ്സിന് മുന്നിലെ വേദിയില്‍ കലാമിന്റെ അടുത്തിരുന്നപ്പോള്‍ ആദ്യം വല്ലാത്ത ഉള്‍ഭയമായിരുന്നു മൂവാറ്റുപുഴ ഇലാഹിയ എന്‍ജിനീയറിങ് കോളേജ് മാനേജര്‍ കെ.എം. ഷംസുദ്ദീന്. ഇത്ര വലിയ മനുഷ്യനോട് മിണ്ടണോ, മിണ്ടിയാല്‍ ശരിയാകുമോ? ഈവിധ വിചാരങ്ങള്‍ കൊണ്ട് മനസ്സ് വല്ലാതെ വീര്‍പ്പുമുട്ടി. ഒടുവില്‍ എന്തുംവരട്ടെ എന്നു കരുതി സംസാരിച്ചു തുടങ്ങി. നിറമനസ്സിന്റെ സ്‌നേഹമധുരമായ മറു വാക്കുകള്‍ കൊണ്ടായിരുന്നു മറുപടി.
2013 ജൂണ്‍ നാലിന് മൂവാറ്റുപുഴ മുളവൂരിലെ ഇലാഹിയ എന്‍ജിനീയറിങ് കോളേജില്‍ എത്തിയ ഡോ. കലാമിന്റെ മഹത്വം ഷംസുദ്ദീന്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നതിങ്ങനെയാണ്.
വേദിയില്‍ തൊട്ടടുത്ത സീറ്റിലാണിരുന്നത്. പി.ടി. തോമസ് എം.പി.ക്കൊപ്പം ഡല്‍ഹിയില്‍ ഡോ. കലാമിനെ കാണാന്‍ ചെന്നപ്പോഴുള്ള ഓര്‍മകളായിരുന്നു മനസ്സില്‍.
ഡോ. കലാമെത്തുമ്പോള്‍ കോളേജങ്കണം കുട്ടികളെക്കൊണ്ട് നിറഞ്ഞിരുന്നു. കെട്ടിപ്പൊക്കിയ പന്തലിന് വെളിയിലേക്കൊഴുകുന്ന ജനങ്ങളും കുട്ടികളും. കലാം എത്തിയപ്പോള്‍ അകത്തേക്ക് കയറാന്‍ കുട്ടികള്‍ വാശിപിടിച്ചു. സെക്യൂരിറ്റി ജീവനക്കാര്‍ തയ്യാറായില്ല. എല്ലാം കലാം കാണുന്നുണ്ടായിരുന്നു.
അടുത്ത നിമിഷം എല്ലാവരെയും അമ്പരപ്പിച്ച് കലാം സെക്യൂരിറ്റി തലവന് നിര്‍ദേശം നല്കി. കുട്ടികള്‍ എല്ലാവരും അകത്ത് കയറട്ടെ, എത്ര തിരക്കായാലും കുഴപ്പമില്ല. അന്ന് നിറഞ്ഞുകവിഞ്ഞ, കുട്ടികളുടെ കൂട്ടത്തോട് നടത്തിയ പ്രഭാഷണം എക്കാലത്തെയും ആവേശം നിറഞ്ഞ വാക്കുകള്‍കൊണ്ടായിരുന്നു.
പ്രസംഗം കഴിഞ്ഞ് ഇറങ്ങാനൊരുങ്ങുമ്പോള്‍ കോളേജ് മുറ്റത്ത് വൃക്ഷത്തൈ നടാനും കലാം ആവേശത്തോടെ മുന്നില്‍ നടന്നെത്തിയതും നിറം മങ്ങാത്ത ഓര്‍മയാണ്.
പ്രിന്‍സിപ്പല്‍ ഡോ. ബാബു കുര്യന് കുറേ പുസ്തകങ്ങള്‍ കൈമാറിയാണ് ഡോ. കലാം അന്ന് പോയത്. ആ ഓര്‍മ ഡോ. ബാബു കുര്യന്‍ ഏറ്റവും ധന്യമായ അനുഭവമായാണ് മനസ്സില്‍ കുറിക്കുന്നത്.