തൃപ്പൂണിത്തുറ: അഞ്ജന്‍ -ഡോ. എ.പി.ജെ. അബ്ദുള്‍ കലാം എന്നും മനസ്സില്‍ സൂക്ഷിച്ചിട്ടുള്ള ഒരു പേരാണിത്. തൃപ്പൂണിത്തുറ പുതിയകാവിനടുത്ത് കുരീക്കാടുള്ള ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മന്ദിരം ഉദ്ഘാടനം ചെയ്യാന്‍, രാഷ്ട്രപതിയായിരിക്കെ 2005 ഡിസംബര്‍ 17ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം എത്തിയപ്പോഴാണ് ഈ ബന്ധം മുളച്ചത്.
സെറിബ്രല്‍ പാള്‍സി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് ജീവിതയാത്രയില്‍ പരിശീലനം നല്‍കി കൈത്താങ്ങാകുന്ന ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ ഫിസിയോ തെറാപ്പിക്കായിട്ടാണ് അന്ന് അഞ്ജന്‍ എത്തിയിരുന്നത്. നന്നായി ചിത്രം വരയ്ക്കാനറിയുന്ന അഞ്ജന് മുന്നില്‍ എത്തിയ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ''എന്നെ ഒന്നു വരയ്ക്കാമോ'' എന്ന് ചോദിച്ചു. അഞ്ജന് സന്തോഷം. രാഷ്ട്രപതി ഒരു കൊച്ചുകുട്ടിയെപ്പോലെ അഞ്ജന് മുന്നിലിരുന്നു.
ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ കാരിക്കേച്ചറാണ്. അഞ്ജന്‍ വരച്ചുനല്‍കിയത്. അദ്ദേഹം ഏറെ സന്തോഷത്തോടെ അത് ഏറ്റുവാങ്ങി രാഷ്ട്രപതി ഭവനിലേക്ക് കൊണ്ടുപോയി. 'ടേണിങ് പോയിന്റ്' എന്ന തന്റെ പുസ്തകത്തില്‍ ഡോ. കലാം ഈ ചിത്രം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അഞ്ജന്‍ സമ്മാനിച്ച ചിത്രത്തില്‍, കലാം കൈയൊപ്പിട്ട് നല്‍കിയത് ഇന്നും അഞ്ജന്‍ നിധിപോലെ സൂക്ഷിക്കുന്നുണ്ട്.
തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര 'അഞ്ജന'ത്തില്‍ സതീഷിന്റെയും ലതികയുടെയും മകനായ അഞ്ജന്‍ അന്ന് തൃപ്പൂണിത്തുറ പാലസ് സ്‌കൂളില്‍ എട്ടാം ക്ലൂസ്സില്‍ പഠിക്കുകയായിരുന്നു. ഇന്ന് അഞ്ജന്‍ കുരീക്കാട് ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ ഡ്രോയിങ്-കമ്പ്യൂട്ടര്‍ അധ്യാപകനാണ്.
ആദര്‍ശില്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം വന്നപ്പോഴത്തെ അനുഭവങ്ങള്‍ മറക്കാനാകാത്തതാണെന്ന് ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റ് എക്‌സി. സെക്രട്ടറി എസ്. അശ്വിന്‍കുമാര്‍ പറഞ്ഞു. സെറിബ്രല്‍ പാള്‍സി അവസ്ഥയിലുള്ള ഹരിത എന്ന കുട്ടിയുടെ അടുത്തെത്തി രാഷ്ട്രപതി ഷേക്ഹാന്‍ഡ് കൊടുത്ത കാര്യം മറാക്കാനാകില്ല. കൈ അധികം ഉയര്‍ത്താന്‍ പറ്റാത്ത കുട്ടിയുടെ കൈ. ഷേക്ഹാന്‍ഡ് കൊടുത്ത് പതുക്കെ പതുക്കെ ഉയര്‍ത്തിയതാണ് അതില്‍ പ്രധാനം.
ഈ കുട്ടിയുടെ ബ്രെയിന്‍ എത്രത്തോളം വര്‍ക്ക് ചെയ്യാന്‍ പറ്റും എന്നാണ് താന്‍ ഇതിലൂടെ ശ്രമിച്ചതെന്നു കൂടി അബ്ദുള്‍ കലാം അന്ന് പറയുകയുണ്ടായി. എല്ലാ ക്ലൂസ് മുറികളിലും പോയി കുട്ടികള്‍ക്ക് ഷേക്ഹാന്‍ഡ് കൊടുത്ത അദ്ദേഹം, ആകര്‍ഷ് എന്ന കുട്ടി കാലുകൊണ്ട് കൊടുത്ത ഓട്ടോഗ്രാഫില്‍ കൈയൊപ്പിട്ട് കൊടുത്ത സംഭവങ്ങളൊക്കെ മറക്കാനാകാത്തതാണ്.
ആദര്‍ശ് സ്‌പെഷല്‍ സ്‌കൂളിന്റെ സ്വന്തം മന്ദിരം ഉദ്ഘാടനം ചെയ്യാനായിട്ടായിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍ കലാം എത്തിയത്. അന്ന് 80 കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇന്ന് 150 കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. ഒരു മണിക്കൂറാണ് ആദര്‍ശിലെ കുട്ടികളുമായി അന്ന്, രാഷ്ട്രപതിയായിരിക്കെ അദ്ദേഹം ചെലവഴിച്ചത്.