കാലം കടന്ന് കലാം

ടി.ജെ. ശ്രീജിത്ത്‌ Posted on: 29 Jul 2015


'ഞാന്‍ ആശയസംവാദം നടത്തിയ 11 ദശലക്ഷം യുവതീയുവാക്കളും ചുറ്റുമുള്ളവരില്‍നിന്ന് വ്യത്യസ്തരാകുവാന്‍, അതുല്യവും സമാനതകളില്ലാത്തതുമായ വ്യക്തിത്വങ്ങളാകുവാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, സമൂഹം അവരെ മറ്റെല്ലാവരേയും പോലെ ആക്കുവാന്‍ രാപകലില്ലാതെ കഠിനമായി അധ്വാനിക്കുന്നു -എ.പി.ജെ. അബ്ദുല്‍ കലാം'

കാലത്തിനപ്പുറത്തേക്ക് കലാമെന്ന പ്രതിഭാസം സഞ്ചരിക്കുമെന്ന് അടിവരയിടുന്നതായിരുന്നു ഒന്നിരുട്ടിവെളുക്കും മുമ്പേ വാട്‌സ് അപ്പിലും ഫേസ്ബുക്കിലും സംഭവിച്ചത്. താളുകള്‍ അധികം മറിക്കാനില്ലാത്ത ഫേസ്ബുക്കിന്റെയോ വാട്‌സ് അപ്പിന്റെയോ ചരിത്രത്തില്‍ ഒരു രാഷ്ട്രനേതാവിന് ഇത്രയേറെ ആദരം ലഭിക്കുന്നത് ആദ്യമായിട്ടായിരിക്കും.
ജനകീയനായ രാഷ്ട്രപതിയുടെ മരണവിവരമറിഞ്ഞവര്‍ സ്വന്തം പ്രൊഫൈല്‍ ചിത്രങ്ങള്‍ എ.പി.ജെ. അബ്ദുല്‍ കലാമിന്റേതാക്കി, വാട്‌സ് അപ്പിലെ ഡിസ്‌പ്ലേ ചിത്രങ്ങളില്‍ കലാം ചിരിച്ചു, ചിന്തിച്ചു... മിസൈല്‍ വേഗത്തിലായിരുന്നു പലരുടേയും ചിത്രങ്ങളും ചിന്തകളും മാറിയത്. പലപ്പോഴായി കലാം പറഞ്ഞ വാചകങ്ങള്‍ സ്റ്റാറ്റസുകളായിമാറി.
'ഞാന്‍ മരിച്ചാല്‍ അവധി പ്രഖ്യാപിക്കരുത്, എന്നെ സ്‌നേഹിക്കുന്നെങ്കില്‍ അവധിക്ക് പകരം ഒരു ദിവസം അധികം ജോലി ചെയ്യുക' എന്ന കലാം വാക്കുകള്‍ റോക്കറ്റിനേക്കാള്‍ വേഗത്തില്‍ നവമാധ്യമങ്ങളിലൂടെ സഞ്ചരിച്ചു. 'മുമ്പ് പല നേതാക്കളുടെയും മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ നാളെ അവധി കിട്ടുമല്ലോ എന്ന് കരുതിയിരുന്നു... എന്നാല്‍ ഇന്ന് ആദ്യമായി കണ്ണ് നിറഞ്ഞു... ഭാരതത്തെ ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ നിര്‍ത്തിയ മിസൈല്‍ മാന്‍ നമ്മെ വിട്ടുപിരിഞ്ഞു'. ഒരുപക്ഷേ, ഈ വാചകങ്ങളായിരിക്കാം തിങ്കളാഴ്ച രാത്രി ഏറ്റവുമധികം ഷെയര്‍ ചെയ്യപ്പെട്ടത്.
അദ്ദേഹത്തോടൊപ്പം ചിത്രമെടുക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ അത് പോസ്റ്റ് ചെയ്തു. പ്രത്യേകശൈലിയിലുള്ള അദ്ദേഹത്തിന്റെ മുടിയുടെ ആകൃതിമാത്രമായിരുന്നു ചിലരുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍.
അദ്ദേഹത്തെ വിമര്‍ശിക്കാനും ചിലരുണ്ടായി. എന്നാല്‍ അതിന് കിട്ടിയ മറുപടികള്‍ ഇങ്ങനെയായിരുന്നു; 'ബുദ്ധിജീവി ആകാന്‍ ഒരു സുവര്‍ണാവസരം... ആവശ്യം പോലെ വിമര്‍ശിച്ചോളൂ... ഓഫര്‍ അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ തീരുന്നതുവരെ മാത്രം...'




KALAM ZOOM

 

ga