ഹൈദരാബാദ് ഡി.ആര്‍.ഡി.ഒയില്‍ അബ്ദുള്‍ കലാമിന്റെ സഹപ്രവര്‍ത്തകനായിരുന്ന ടി.കെ സുധാകരന്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു
സൗമ്യനും ലളിത ജീവിതം നയിച്ചിരുന്നയാളുമായ എ.പി.ജെ അബ്ദുള്‍ കലാം ഹൈദരാബാദിലെ ഡി.ആര്‍.ഡി.ഒയുടെ കീഴിലുള്ള ആര്‍.സി.ഐ മിസൈല്‍ ഉത്പാദന കേന്ദ്രത്തിന്റെ ഡയറക്ടറായ സമയത്താണ് (1991) ഞാന്‍ അവിടുത്തെ ഗാട്ടക് പ്രജക്ടില്‍ ജോലി ചെയ്തിരുന്നത്. പ്രൊജക്ടിന്റെ പൂര്‍ത്തീകരണ സമയത്ത് അദ്ദേഹവുമായി അടുത്ത് ഇടപെഴകാന്‍ സാധിച്ചിട്ടുണ്ട്. മലയാളി-അയ്യപ്പ സമാജം പ്രവര്‍ത്തനങ്ങളിലും അദ്ദേഹവുമായി ഇടപെഴകിയിട്ടുണ്ട്. അദ്ദേഹം കവിത എഴുതിയിരുന്നത് താമസ സ്ഥലമായ കഞ്ചന്‍ ഭാഗിലെ ബാച്ച്‌ലര്‍ കോര്‍ട്ടേഴ്‌സില്‍ വെച്ചാണ്. രുദ്രവീണയും യോഗിയുടെ ആത്മകഥയും അദ്ദേഹത്തിന്റെ മുറിയില്‍ കാണാമായിരുന്നു. അദ്ദേഹം രസം സ്വന്തമായി പാചകം ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ കൃതി മൈ ജേര്‍ണി 1995 ലാണ് ഹൈദരാബാദ് സ്റ്റാഫ് കോളേജില്‍ വെച്ച് പ്രകാശനം ചെയ്തത്. അത് എന്റെ യാത്ര എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ എനിക്ക് സാധിച്ചു. പ്രകൃതി സംരക്ഷകനും സര്‍വോപരി മനുഷ്യസ്‌നേഹിയുമായ അദ്ദേഹം എല്ലാത്തരം ജോലിക്കാരേയും ഒരു പോലെയാണ് കണ്ടിരുന്നത്.