
ഓക്‌സിടോസിന്‍: പ്രകൃതവും പ്രയോഗവും
ഗര്‍ഭിണികളില്‍ പ്രസവം എളുപ്പമാക്കാനും പ്രസവാനന്തരം മുലപ്പാലൊഴുക്ക് സുഗമമാക്കാനും കരുതലോടെ മാത്രം ഉപയോഗിക്കുന്ന ഹോര്‍മോണാണ് ഒക്‌സിടോസിന്‍. നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കാന്‍ കഴിയുന്ന ഈ ഹോര്‍മോണിന് ഗര്‍ഭാശയത്തിന്റെ സങ്കോചവികാസങ്ങളെ സ്വാധീനിക്കാന്‍ കഴിവുണ്ട്. കന്നുകാലി ഫാമുകളില്‍ പശുക്കളിലും എരുമകളിലും പാലുത്പാദനം വര്‍ധിപ്പിക്കാന്‍ അനധികൃതമായി ഇത് ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ മത്തങ്ങ, തണ്ണിമത്തന്‍, വഴുതിന, കക്കിരി, പടവലം തുടങ്ങിയ പച്ചക്കറികളില്‍ ഓക്‌സിടോസിന്‍ ഉപയോഗിക്കുന്നതായാണ് ആരോഗ്യസഹമന്ത്രിതന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.
കായയുടെവലിപ്പം കൂട്ടാന്‍ ഇത് നേരിട്ട് വിളകളില്‍ ഇഞ്ചക്ട് ചെയ്യുന്നതായാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഈ ഹോര്‍മോണിന്റെ പൊതുവില്‍പ്പന നിയമവിരുദ്ധമാണെന്നിരിക്കെ ഇതെങ്ങനെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുവെന്നതും പരിശോധിക്കപ്പെടേണ്ടതാണ്.
രാജസ്ഥാനിലെ ഗ്രാമങ്ങളില്‍ പെണ്‍കുട്ടികളില്‍ ഈ ഹോര്‍മോണ്‍ ഉപയോഗിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. കല്യാണപ്രായമെത്തുന്നതിനു മുന്‍പുതന്നെ വളര്‍ച്ചയുണ്ടാക്കാനായിരുന്നു ഇത്. ഓക്‌സിടോസിന്റെ മറ്റൊരു രൂപമായ ഒറാഡെക്‌സോണ്‍ രാജസ്ഥാനിലെ ലൈംഗികതൊഴിലാളികള്‍ ഉപയോഗിക്കാറുണ്ട്.
പതിയിരിക്കുന്ന അപകടം
ഓക്‌സിടോസിന്റെ സ്ഥിരമായ ഉപയോഗം കേന്ദ്ര നാഡീവ്യൂഹത്തെയാണ് സാരമായി ബാധിക്കുക. ഉയര്‍ന്ന ഹൃദയമിടിപ്പ്, താഴ്ന്ന രക്തസമ്മര്‍ദം,ഛര്‍ദി, മനംപിരട്ടല്‍, വയറുവേദന തുടങ്ങിയവ ഈ ഹോര്‍മോണ്‍ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. ഗര്‍ഭിണികളിലെ ഓക്‌സിടോസിന്റെ അധികസാന്നിധ്യം ഗര്‍ഭസ്ഥശിശുവിന് ഹാനികരമാകും. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാത്രം നിയന്ത്രിതമായ അളവില്‍ ഉപയോഗിക്കുന്ന ഈ ഹോര്‍മോണ്‍ നിത്യേനകഴിക്കുന്ന പച്ചക്കറികളിലൂടെ വലിയ അളവില്‍ ശരീരത്തിലെത്തുന്ന അവസ്ഥയാണിപ്പോഴുള്ളത്.
ഒ.കെ. മുരളീകൃഷ്ണന്‍