
താപനിലയിലെ വ്യത്യാസവും അന്തരീക്ഷ മലിനീകരണവുമാണ് ഇതിന് മുഖ്യകാരണമെന്ന് നേത്രചികിത്സാ വിദഗ്ദ്ധര്‍ പറയുന്നു. ജനവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയം പലതരം അലര്‍ജിയുടെ കാലമാണ്. മഞ്ഞിനും വേനലിനും ഇടയ്ക്കുള്ള ഈ ഇടവേളയ്ക്ക് സ്പ്രിങ്ങ് കറ്റാര്‍ എന്നു പറയുന്നു.
നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് കണ്ണിന് അലര്‍ജി കൂടുതലായി കാണുന്നത്. പൊടിയും കാറ്റുമാണ് കണ്ണിന് അലര്‍ജി ഉണ്ടാക്കുന്നത്. സാധാരണ അലര്‍ജി സംബന്ധമായ അസുഖം വരുന്നവര്‍ക്കും ആസ്ത്മയുള്ളവര്‍ക്കും ഇത് ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് കലൂര്‍ പിവിഎസ് ആസ്പത്രി നേത്രചികിത്സാ വിദഗ്ദ്ധന്‍ ഡോ. അഗസ്റ്റിന്‍ മാമ്പള്ളി പറഞ്ഞു. പകല്‍ കൊടുംചൂട്, രാത്രി നല്ല തണുപ്പും. അന്തരീക്ഷത്തിലെ ഈ മാറ്റവും കണ്ണിന് അലര്‍ജി ഉണ്ടാക്കുന്നു.ധാരാളം യാത്രചെയ്യുന്നവരിലും സ്‌കൂള്‍ കുട്ടികളിലുമാണ് അലര്‍ജിമൂലമുള്ള കണ്ണിന്റെ ചുവപ്പ്. ഇത് ഒട്ടും അപകടകാരിയല്ല. മാത്രമല്ല ഇത് മറ്റുള്ളവരിലേക്ക് പകരില്ലെന്നും ഡോ. അഗസ്റ്റിന്‍ പറഞ്ഞു. സ്‌കൂള്‍ മൈതാനിയില്‍ പൊടിയില്‍ കളിക്കുന്നതാണ് കുട്ടികളിലെ അലര്‍ജിക്ക് കാരണം. കണ്ണിന് ഏതുതരം ചുവപ്പ് കണ്ടാലും ഡോക്ടറുടെ ഉപദേശം തേടണം.
ശ്രദ്ധിക്കേണ്ടവ
* അലര്‍ജി സാധ്യതയുള്ളവര്‍ ഈ കാലാവസ്ഥയില്‍ വളരെദൂരം ഇരുചക്രവാഹനത്തിലുള്ള യാത്ര ഒഴിവാക്കുക.
* യാത്രചെയ്യുമ്പോള്‍ കണ്ണട ധരിക്കുന്നത് കണ്ണില്‍ പൊടി അടിക്കുന്നതും കാറ്റ് അടിക്കുന്നതും തടയും.
* ചെറിയ കുട്ടികളും കൂളിങ് ഗ്ലാസ് ധരിച്ചാല്‍ നന്ന്
* യാത്ര കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കണ്ണ് തണുത്തവെള്ളത്തില്‍ നന്നായി കഴുകണം. കണ്ണിലെ പൊടി കളയാന്‍ പാകത്തിന് കണ്ണില്‍ ധാര കോരുന്നത് പോലെ വെള്ളം ഒഴിച്ചാല്‍ കുളിര്‍മ കിട്ടും.
* ചൂട്, കാറ്റ്, പൊടി എന്നിവ കണ്ണില്‍ തട്ടാതെ ശ്രദ്ധിക്കണം.
* കണ്ണില്‍ ഏതെങ്കിലും മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് നേത്രചികിത്സാ വിദഗ്ദ്ധന്റെ ഉപദേശം തേടണം.