Home>Healthy Eating
FONT SIZE:AA

ഒരാള്‍ക്ക് എത്ര പ്രോട്ടീന്‍ വേണം

ഒ.കെ. മുരളീകൃഷ്ണന്‍

പ്രോട്ടീന്‍ അഥവാ മാംസ്യം ശരീരത്തെ നിര്‍മിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നു. അമിനോ ആസിഡുകളുടെ ശൃംഖലയായ പ്രോട്ടീന്‍ അറ്റകുറ്റപ്പണിക്കും ആരോഗ്യം നിലനിര്‍ത്തുന്നതിനും ശരീരത്തിന് അത്യന്താപേക്ഷിതമാണ്.
പ്രായമനുസരിച്ചാണ് ഒരാളുടെ പ്രോട്ടീന്‍ ആവശ്യം നിര്‍ണയിക്കുന്നത്. സമീകൃതാഹാരം കഴിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ കുറവുണ്ടാകില്ല. സസ്യാഹാരം കഴിക്കുന്നവര്‍ക്ക് മറ്റ് ഭക്ഷ്യവസ്തുക്കളില്‍ നിന്ന് ഈ ഘടകം ലഭിക്കും.

പ്രവര്‍ത്തനം

ശരീരത്തിലെ എല്ലാ കോശങ്ങളിലും പ്രോട്ടീനുണ്ട്. ത്വക്ക്, പേശികള്‍, അവയവങ്ങള്‍, ഗ്രന്ഥികള്‍ എന്നിവയിലെല്ലാം ഇതടങ്ങിയിരിക്കുന്നു. ഇക്കാരണത്താല്‍ കോശങ്ങളുടെ നവീകരണത്തിനും പുതിയവയുടെ നിര്‍മാണത്തിനും പ്രോട്ടീന്‍ ആവശ്യമാണ്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഈ ഘടകം അതിപ്രധാനമാണ്.
പ്രോട്ടീന്‍ ദഹിക്കുമ്പോള്‍ അമിനോ ആസിഡുകള്‍ ബാക്കിയാകുന്നു. ഈ ആസിഡുകള്‍ ഭക്ഷണത്തിന്റെ ചയാപചയപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണ്.

എവിടെ നിന്ന്

പ്രോട്ടീന്‍ സ്രോതസ്സുകള്‍ അറിഞ്ഞ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക ആരോഗ്യ സംരക്ഷണത്തിന് പ്രധാനമാണ്. പ്രോട്ടീന്‍ സാന്നിധ്യമുള്ള ഭക്ഷണങ്ങളും അളവും ഇനിപ്പറയുന്നു:
ഒരു കപ്പ് പാലില്‍ എട്ടു ഗ്രാമും 85 ഗ്രാം മാംസത്തില്‍ 21 ഗ്രാമും 225 ഗ്രാം മധുരത്തൈരില്‍ 11 ഗ്രാമും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. സോയ സസ്യാഹാരികള്‍ക്ക് അനുയോജ്യമായ ഒന്നാംതരം പ്രോട്ടീന്‍ സ്രോതസ്സാണ്.

അധികമായാല്‍...

ശരീരത്തിന് ആവശ്യമുള്ളതിലധികം പ്രോട്ടീന്‍ കഴിക്കുന്നത് അനാരോഗ്യകരമാണ്. ശരീരത്തിന് ആവശ്യമുള്ളതില്‍ കൂടുതല്‍ കലോറി എത്തുന്നത് വിപരീത ഫലം ചെയ്യും. മിക്ക മാംസാഹാരവും പ്രോട്ടീന്‍ സമ്പന്നമാണെങ്കിലും പൂരിത കൊഴുപ്പുകളുടെ കലവറയാണ്.
ചീത്ത കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാന്‍ ഇത് കാരണമാകും. മുട്ട ഉദാഹരണമാണ്. ഇക്കാരണത്താല്‍ ആഴ്ചയില്‍ നാലുമുട്ടയിലധികം കഴിക്കരുത്. മഞ്ഞക്കരു ഒഴിവാക്കി കഴിക്കുന്നതാണ് ഉചിതം. വൃക്കരോഗമുള്ളവര്‍ക്ക് പ്രോട്ടീന്‍ ഉള്ളടക്കം കുറഞ്ഞ ഭക്ഷണമാണ് നിര്‍ദേശിക്കുന്നത്. അതുപോലെ പ്രോട്ടീന്‍ അധികമായാല്‍ ഗൗട്ട് പോലുള്ള രോഗങ്ങള്‍ക്കും കാരണമായേക്കാം.
Tags- Protein
Loading