
നന്നായി ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നവരില്‍ അമിതാഹാരം കഴിക്കാനുള്ള പ്രവണത ആഹാരം 'വെട്ടിവിഴുങ്ങു'ന്നവരെ അപേക്ഷിച്ചു കുറവാണെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്റെ ജൂലായ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സാവധാനം ഭക്ഷണം കഴിക്കുമ്പോള്‍ 'വയറു നിറഞ്ഞു' എന്ന സിഗ്‌നനല്‍ നല്‍കാന്‍ ശരീരത്തിന് മതിയായ സമയം ലഭിക്കുന്നു. എന്നാല്‍ ധൃതിയില്‍ ഭക്ഷണം വെട്ടിവിഴുങ്ങുമ്പോള്‍ സിഗ്‌നനല്‍ വൈകുകയും ഭക്ഷണം അമിതമാവുകയും ചെയ്യും. ഇതാണ് 'പൊണ്ണത്തടി'യായി മാറുന്നത്- ഗവേഷകസംഘത്തിന് നേതൃത്വം നല്‍കിയ അന എം. ആന്‍ഡേഴ്‌സ് പറയുന്നു.
മുപ്പതു യുവതികളിലാണ് ഗവേഷണം നടത്തിയത്. ആദ്യദിവസം എല്ലാവരോടും പെട്ടെന്ന് ഭക്ഷണം കഴിച്ചുതീര്‍ക്കാനാണ് ഗവേഷകര്‍ ആവശ്യപ്പെട്ടത്. രണ്ടാം ദിവസം സാവകാശം ചവച്ചരച്ചു കഴിക്കാനും.
ചവച്ചരച്ചു ഭക്ഷണം കഴിച്ചപ്പോള്‍ കുറഞ്ഞ അളവിലുള്ള ഭക്ഷണം മാത്രമേ ശരീരത്തിനാവശ്യമായി വന്നുള്ളൂ. ഇതില്‍നിന്നാണ് ഗവേഷകസംഘം നിഗമനത്തില്‍ എത്തിയത്. ഈ നിഗമനം പുരുഷന്മാര്‍ക്ക് ബാധകമാണോയെന്നറിയാന്‍ ഇനിയും പഠനങ്ങള്‍ വേണ്ടിവരും.
ജി.കെ.