
ഉലുവയില്‍ മാംസ്യം, ജീവകം സി, നിയാസിന് എന്നിവ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യവും കാത്സിയവുമുണ്ട്. പിന്നെ മഗ്നീഷ്യവും ഫോസ്ഫറസും ഇരുമ്പും സോഡിയവും. ഇതിനൊക്കെ പുറമെ ചെറിയ അളവില്‍ നാകം, ചെമ്പ്, മാംഗനീസ്, സെലീനിയം എന്നിവയും ഉണ്ട്. സ്ത്രൈണ ഹോര്‍മോണായ ഈസ്ട്രജന് തുല്യമായ ഡയോസ്ജനിന്‍ എന്ന ഘടകം വേറെയും.
ഇങ്ങനെയൊക്കെയാണെങ്കിലും മിതമായ അളവിലേ ഉലുവ കഴിക്കാവൂ. ഗര്‍ഭിണികള്‍ ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. മാസം തികയുന്നതിന് മുമ്പേ പ്രസവിക്കുന്നതിന് അത് ചിലപ്പോള്‍ കാരണമാകാം. കൂടുതല്‍ ഉലുവ കഴിക്കുകയാണെങ്കില്‍ ചിലരിലെങ്കിലും ദഹനേന്ദ്രിയ വ്യൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതാണ്. മാത്രമല്ല, ചില മരുന്നുകള്‍ കഴിക്കുന്നവരില്‍ ഇത് ആ മരുന്നുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. ചിലരില്‍, കൂടിയ അളവില്‍ ഉലുവ കഴിക്കുന്നതിന്റെ ഫലമായി അലര്‍ജി പ്രതികരണങ്ങള്‍ ഉണ്ടാകാവുന്നതാണ്. ചിലപ്പോള്‍ വയറിളക്കവും.
മിതമായ അളവില്‍ ഉലുവ കഴിക്കുകയാണെങ്കില്‍ കുറെ നല്ല ഫലങ്ങള്‍ കാണാം.ഇരുപത്തഞ്ച് ഗ്രാം ഉലുവ പതിവായി കഴിക്കുകയാണെങ്കില്‍ രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗീരണം മന്ദീഭവിപ്പിക്കാനും അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ നില ക്രമീകരിക്കപ്പെടാനും കഴിയും. കൊളസ്ട്രോളിന്റെ നില കുറയ്ക്കാന്‍ ശേഷിയുള്ളതുകൊണ്ട് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത ഇരുപത്തഞ്ച് ശതമാനം കുറയ്ക്കാന്‍ കഴിയുന്നു.
സ്ത്രീകളില്‍ ലൈംഗിക താത്പര്യം വര്‍ധിപ്പിക്കാന്‍ ഉലുവയ്ക്ക് കഴിവുണ്ട്. മാത്രമല്ല, ശരീരത്തില്‍ ആവിയെടുക്കുക, പെട്ടെന്ന് സ്വഭാവങ്ങള്‍ മാറുക എന്നീ അവസ്ഥകള്‍ ഉള്ളവരിലും നല്ല ഫലം ലഭിക്കും. ഉലുവയില്‍ ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്നതുകൊണ്ട് രക്തക്കുറവുള്ളവര്‍ക്ക് ഒരു നല്ല പ്രതിവിധിയാണത്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് വേണ്ടത്ര പാലുണ്ടാകാനും ദഹനശേഷി മെച്ചപ്പെടുത്തുക, മലബന്ധം ഇല്ലാതാക്കുക എന്നിവയ്ക്കും ഒന്നാംതരം ഗൃഹൗഷധിയാണ് ഉലുവ. തൊണ്ടവേദന, ചുമ എന്നിവയില്‍നിന്ന് മോചനം നേടാനും കഴിയും. നാം കറികളില്‍ ഉപയോഗിക്കുന്നതിലൂടെയാണ് ഉലുവ പൊതുവെ കഴിക്കാറുള്ളത്.
പച്ചക്കറികൊണ്ടുണ്ടാക്കുന്ന മിക്ക വിഭവങ്ങളിലും ഉലുവ ചേര്‍ക്കാറുണ്ട്. കറികള്‍ താളിക്കുന്നതിലും ഉലുവ ചേര്‍ക്കുന്ന പതിവുണ്ട്. ദോശയ്ക്കും ഇഡ്ഡലിക്കും ഉഴുന്നരയ്ക്കുമ്പോള്‍ കൂടെ ഉലുവയും ചേര്‍ക്കുന്ന ശീലം തലമുറകളായി കണ്ടുവരുന്നു.അല്പം ഉലുവ രാത്രി വെള്ളത്തിലിട്ട് വെക്കുക. രാവിലെ അത് നന്നായി അരച്ചെടുത്ത് തലയില്‍ തേച്ചിരിക്കുക. അരമണിക്കൂറിനുശേഷം തല നന്നായി കഴുകണം. താരന് പരിഹാരം കാണാന്‍ നല്ല വഴിയാണത്. ഒപ്പം അഴകുള്ള മുടി സ്വന്തമാക്കാനും.