Home>Healthy Eating>Food And Cooking
FONT SIZE:AA

കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ശീമപ്പുളി വരട്ടിയത്‌

രക്തത്തില്‍ കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഏറെ പ്രിയമാണ് ശീമപ്പുളി അഥവാ ഇരുമ്പന്‍ പുളി. പക്ഷേ, ഇതുപച്ചക്ക് തിന്നാല്‍ പല്ല് പുളിക്കും. അച്ചാറാക്കുകയാണ് പിന്നെയുള്ള പോംവഴി. അസിഡിറ്റിയുള്ളവര്‍ക്ക് അതും പ്രശ്‌നം. പിന്നെ എങ്ങനെ ഈ പുളിഅകത്താക്കാം എന്നു ചിന്തിക്കുന്നവര്‍ക്കു സമര്‍പ്പിക്കുന്നു ഇന്നത്തെ രുചി. വിഭവം 'ശീമപ്പുളി വരട്ടിയത്'.

പാചകവിധി പറയുന്നത് ആലപ്പുഴ ഡി.സി.സി.അംഗം എ.ആര്‍.വരദരാജന്‍ നായരുടെ മകളും എണ്ണയ്ക്കാട്ടു പരുത്തിയേത്ത് വേണുഗോപാലിന്റെ ഭാര്യയുമായ എ.വി.അഞ്ജലി ദേവി.

വേണ്ട സാധനങ്ങള്‍

മൂപ്പെത്തിയ ശീമപ്പുളി-ഒരു കി.ഗ്രാം, ശര്‍ക്കര-500ഗ്രാം, നെയ്യ്-25ഗ്രാം, ഏലക്കാപ്പൊടി-5ഗ്രാം, ചുക്കുപൊടി-5ഗ്രാം.

പാചകരീതി

ശീമപ്പുളി നാലുദിവസം ശുദ്ധജലത്തിലിടണം. ഗ്ലാസ് പാത്രമാണ് നല്ലത്. ദിവസവും വെള്ളം മാറ്റണം. അഞ്ചാംദിവസം വെള്ളം ഊറ്റിക്കളഞ്ഞ് പുളി പാത്രത്തിലിട്ട് ഉടച്ച് കുഴമ്പു രൂപത്തിലാക്കണം. ശര്‍ക്കര രണ്ട്ഗ്ലാസ് വെള്ളത്തില്‍ കലക്കി ഓട്ടുരുളിയില്‍ അടുപ്പത്തുവെച്ച് തിളപ്പിക്കുക. പൊന്തിവരുന്ന ചെളി നീക്കം ചെയ്യണം. കുഴമ്പു രൂപത്തിലുള്ള പുളി ഇതിലേക്കിടുക. മിശ്രിതം നന്നായി ഇളക്കണം.


ജലാംശം വറ്റുന്നകണക്ക് നെയ്യ് ചേര്‍ക്കണം. ജലാംശം പൂര്‍ണമായി വറ്റിക്കഴിയുമ്പോള്‍ ഏലക്കാപ്പൊടിയും ചുക്കുപൊടിയും ചേര്‍ത്ത് നന്നായി ഇളക്കിപാത്രം ഇറക്കിവയ്ക്കാം. വിഭവം ഒരുവര്‍ഷം വരെ കേടുകൂടാതെയിരിക്കും. സംശയമുണ്ടെങ്കില്‍-9497731960.

എസ്.ഡി.വേണുകുമാര്‍
Loading