പച്ചോന്തിനെ ഓര്‍ക്കുമ്പോള്‍...
ഡോ.കെ.സി. കൃഷ്ണകുമാര്‍
കുട്ടനാടിനെപ്പറ്റി പറഞ്ഞുതുടങ്ങിയാല്‍ പലരും ചോദിക്കാറുണ്ട്, നല്ല തെങ്ങിന് കള്ള് കിട്ടുന്ന സ്ഥലമല്ലേ? എന്ന്. പാടത്തെ പണി കഴിഞ്ഞ് പാടവരമ്പിലിരുന്ന് ഇളംകള്ളു കുടിച്ചിരുന്ന പണിക്കാരുടെ ഓര്‍മ്മ ഇപ്പോഴുമുണ്ട്. ഈ കള്ളുകുടിക്ക് ആണ്‍പെണ്‍ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. ഒരു കുടം കള്ളും ചുറ്റും കുറേ ആളും അതാണ് രീതി. കരിമണ്ണില്‍ വെയിലത്ത് പണിയെടുത്ത ക്ഷീണമെല്ലാം കായല്‍ക്കാറ്റില്‍ അലിഞ്ഞുപോകും. ഇവരൊക്കെയും കാലുറപ്പിച്ചു തന്നെ വച്ച്, നല്ലഭാഷ തന്നെ സംസാരിച്ച്, വീണ്ടും പാടത്തിറങ്ങും. മണ്ണില്‍ നിന്ന് അന്നം വിളയിക്കാന്‍. പാടവരമ്പിലെ ആ കള്ള്, ചങ്ങാതിക്കള്ളായിരുന്നു. കഷ്ടം, കുട്ടനാട്ടിലിപ്പോള്‍ നല്ല കള്ളും നെറിയുള്ള കുടിയന്മാരും കാണുമോ ആവോ! കുട്ടനാടന്‍ ചരിത്രത്തില്‍ തലങ്ങും വിലങ്ങും നീണ്ടുകിടക്കുന്ന ചെളിവരമ്പിലൂടെ ഒരുപാട് കള്ളുചെത്തുകാര്‍ നടന്നുപോയിട്ടുണ്ട്. കുടിയന്മാര് ഒരുപാടുപേര് കാലുതെറ്റി വീണിട്ടുമുണ്ടിവിടെ. അവരില്‍ ചിലരുടെ വേദനയും ചിരിയുമൊക്കയുണ്ട് തകഴിച്ചേട്ടനെപ്പോലുള്ളവരുടെ കൃതികളില്‍. കുട്ടനാടന്‍ കള്ളിനും കള്ളിന്റെ ഉള്ളിനും ഉള്ളുകള്ളികള്‍ ഒരുപാടുണ്ട്. ചരിത്രത്തില്‍ തലകാണിച്ച ചിലതും ചരിത്രംപോലും തിരിഞ്ഞുനോക്കാത്ത പലതും.
ചെറുപ്പത്തിലെന്നല്ല, ഇപ്പോോഴും ഏറ്റവും പ്രയാസമേറിയ കണ്ടുപിടിത്തങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്ന ഒരു കാര്യമുണ്ട് - തെങ്ങിന്റെ ചൊട്ടയില്‍ നിന്ന് കള്ള് ഊറ്റിയെടുക്കുന്ന വിദ്യ! കരിക്കും തേങ്ങയും കുലനിറഞ്ഞു നില്ക്കുന്ന തെങ്ങിന്റെ തലപ്പില്‍ നിന്ന് കള്ള് ഊറ്റിയെടുക്കാമെന്ന് കണ്ടുപിടിച്ചു കളഞ്ഞില്ലേ ഏതോ ഒരു പഹയന്! എത്ര ആലോചിച്ചിട്ടും അതൊരു അതിശയം തന്നെയാണ് എനിക്കിപ്പോഴും. ഈ വിദ്യ കണ്ടുപിടിച്ചവന് ഒരു ഭയങ്കരന്‍ തന്നെ. പൈതഗോറസിനെപ്പോലെ, ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനെപ്പോലെ, പുതിയത് കണ്ടെത്താന്‍ അസാധാരണമായ കഴിവുള്ള ഒരു ബുദ്ധിരാക്ഷസന്. തെങ്ങിന്റെ ചൊട്ടയുടെ ഒരറ്റം ചെത്തിക്കളയുക, അവിടെ ചെളിതേയ്ക്കുക, നാല്ക്കാലിയുടെ കാലിലെ എല്ലുകൊണ്ട് ചൊട്ടയില്‍ അടിച്ച് പതം വരുത്തുക, ചൊട്ടയുടെ അറ്റത്ത് പ്രത്യേക രീതിയില്‍ കലം കമഴ്ത്തിവച്ച് കള്ള് ഊറ്റിയെടുക്കുക. അങ്ങനെ അതിവിചിത്രമായ നടപടികളിലൂടെയാണ് കള്ളിന്റെ ജനനം. ഇതിനായി തലപുകച്ച് തെങ്ങില്‍ കയറിയ മഹാനും മഹാപാപിയുമായ ആ 'ശാസ്തജ്ഞന്' നല്ല മധുരക്കരിക്ക് കുടിച്ചിട്ട് സന്തോഷത്തോടെ ഇറങ്ങിപ്പോന്നെങ്കില്‍ എത്ര നന്നായിരുന്നു. പക്ഷേ, ആറ്റം ബോംബ് പോലെ, കള്ളുചെത്തുന്ന വിദ്യയും യാഥാര്‍ത്ഥ്യമായി. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കള്ളുചെത്തുന്നത് കണ്ടല്ല, കേട്ടാണ് അറിയുക. മരംകൊത്തി മരത്തില്‍ കൊത്തുന്നതു പോലെ ഒരു ഒച്ചയുണ്ട്. ചൊട്ടയില്‍ എല്ലു കൊണ്ടടിക്കുന്ന ഒച്ച. അതുകേള്‍ക്കുമ്പോള്‍ തെങ്ങിന്റെ മുകളില്‍ ആളുണ്ടെന്ന് ഉറപ്പിക്കാം. ചെത്തുതെങ്ങ് കണ്ടാലറിയാം. ഒന്നുരണ്ടടി അകലത്തില്‍ തെങ്ങിന്തടിയില് തൊണ്ട് വച്ച് കെട്ടിയിട്ടുണ്ടാവും. അതില്‍ ചവിട്ടിയാണ് ചെത്തുകാരന് കയറുന്നതും ഇറങ്ങുന്നതും. കയറില്‍ കെട്ടിയ ചുരയ്ക്കാ പാത്രം, അരയില്‍ ഉറപ്പിച്ച പലകയില്‍ തിരുകിവച്ച വീതിയുള്ള കത്തി, പിന്നെ ചെറിയൊരു പാത്രത്തില്‍ ചെളി ഇതൊക്കെയായിരുന്നു പണ്ട് കള്ള് ഊറ്റിയെടുക്കുന്നതിനുള്ള സാമഗ്രികള്‍. തെങ്ങിന്റെ മുകളില്‍ കള്ളുവീണാല് തെങ്ങ് നശിച്ചുപോകുമെന്നാണ് വിശ്വാസം. അതുകൊണ്ട് വളരെ ശ്രദ്ധിച്ചു മാത്രമേ ചൊട്ടയില്‍ കമഴ്ത്തി വച്ചിരിക്കുന്ന കുടത്തിലെ കള്ള് പാത്രത്തിലേക്ക് മാറ്റുകയുള്ളു. കള്ളുപാത്രം അരയില്‍ തൂക്കിയിട്ടുകൊണ്ട്് ചെത്തുകാര് തെങ്ങില്‍ നിന്ന് ഇറങ്ങും, ഒരുതുള്ളി കള്ളുപോലും തുളുമ്പിപ്പോകാതെ. തെങ്ങിന് മുകളിലിരിക്കുമ്പോള്‍ ചെത്തുകാരന് ദൈവത്തെപ്പോലെയാണ്. നമുക്ക് കാണാനാവാത്തത് പലതും അയാള്‍ക്ക് കാണാം. കൂട്ടം തെറ്റിയ താറാവിനെയും എരുമയെയുമൊക്കെ അയാള്‍ കാണിച്ചു കൊടുക്കും. മടവീഴാറായ വരമ്പും ചിലപ്പോള്‍ അയാളായിരിക്കും ആദ്യം കാണുക.
എന്റെ വീടിന്റെ അടുത്തൊക്കെ ചെത്തുകാര് സൈക്കിളിലാണ് വരിക. കുറച്ചുകൂടി അപ്പുറത്ത് പാടത്തിനരികില്‍ വള്ളത്തില്‍ വരുന്നവരുമുണ്ടായിരുന്നു. കള്ളുകുടിയന്മാരോടുള്ള പേടിയൊന്നും ചെത്തുകാരോട് ഇല്ല. മിക്ക ചെത്തുകാരും കുടിയന്മാരല്ല. അപ്പമുണ്ടാക്കാനുള്ള കള്ള് എത്രയോ തവണ അമ്മൂമ്മയുടെ മൊന്തയിലേക്ക് ഒഴിച്ചുകൊടുക്കുന്നത് ഞാന്‍ അടുത്തുനിന്ന് കണ്ടിട്ടുണ്ട്്. ഒരിക്കല്‍ പനിപിടിച്ചു. പനിപിടിക്കുമ്പോള്‍ ആകെയുള്ള നേരമ്പോക്ക് ജനാലയിലൂടെ പുറത്തേക്ക് നോക്കി കിടക്കലാണ്. കിളികളെയും അണ്ണാറക്കണ്ണനെയും എന്തിന് കാക്കയെപ്പോലും ഏറെനേരം നോക്കികിടക്കും. മരം കൊത്തിയുടേതുപോലെ ഒച്ചകേട്ടപ്പോള്‍ നോക്കി. അടുത്ത പറമ്പിലെ തെങ്ങിന് മുകളില്‍ ഭാസ്കരന് ഉണ്ട്. അന്ന് ഭാസ്ക്കരന്‍ ഇറങ്ങിവന്നപ്പള് കൈയില്‍ ഒരു കരിക്കിന് കുലയുണ്ടായിരുന്നു. താഴേക്ക് വെട്ടിഇടാതെ കരിക്കിന് കുലയും കൈയില്‍ പിടിച്ച് ചെത്തുതെങ്ങിലെ തൊണ്ടില്‍ ചവിട്ടി ഭാസ്ക്കരന്‍ ഇറങ്ങിവരുന്നു. ജനാലയിലൂടെ അത് ഞാന്‍ നോക്കിക്കിടന്നു. എനിക്കുതരാനുള്ള കരിക്കാണതെന്ന് അറിയില്ലായിരുന്നു അപ്പോള്‍. എന്തുകൊണ്ടാണെന്നറിയില്ല, പൊന്തന്മാട എന്ന സിനിമ കാണുമ്പോഴൊക്കെ പഴയ ആ രംഗം ഇപ്പോഴും എനിക്ക്് ഒര്‍മ്മവരും. പനിക്കാലത്ത് കുടിച്ച കരിക്കിന്റെ മധുരവും.കള്ളുകുടിയന്മാര് മാത്രമല്ല, കള്ളുമോഷ്ടാക്കളുമുണ്ടായിരുന്നു. തെങ്ങിന് മുകളിലെ കലത്തില്‍ നിന്ന് മോഷ്ടിക്കും. മാട്ടം ഊറ്റുക എന്നാണ് ഈ മോഷണത്തിന്റെ പേര്. കുറച്ച് കള്ള് ഊറ്റിയെടുത്താല്‍ അറിയില്ലെന്നാണ് കള്ളന്മാരുടെ വിചാരം. പക്ഷേ, നല്ല ചെത്തുകാര്‍ക്ക് ചെത്തുതെങ്ങില്‍ വേറൊരാള് തൊട്ടാല്‍പ്പോലും അറിയാമത്രേ. കള്ള് മോഷണത്തെക്കുറിച്ച് സംശയം തോന്നിയാല്‍, അവര്‍ ചില പൊടികൈകള്‍ ഒപ്പിക്കും. കള്ളുകുടത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഒരു അടയാളമിട്ട് അത് ഒരു പ്രത്യേക ദിശയിലാക്കി വയ്ക്കും. ഇതറിയാതെ കള്ളന്മാര് കുടം എടുക്കുകയും തിരിച്ചു വയ്ക്കുകയും ചെയ്യുന്നതോടെ കള്ളന് കയറിയെന്ന് ഉറപ്പാവും. ചില പെരുങ്കള്ളന്മാര് കുടത്തിലെ അടയാളം നോക്കി അതുപോലെ തിരിച്ചുവയ്ക്കാറുമുണ്ട്. മോഷണം സ്ഥിരമായാല് ചെത്തുകാര് ചില കടുംകൈ പ്രയോഗങ്ങളിലേക്ക് നീങ്ങും. കള്ളില്‍ നായ്കുരണപ്പൊടി കലക്കുകയാണ് ഒന്നാമത്തേത്. ആ കള്ളു കുടിച്ചാല്‍ കുടിക്കുന്നവന് ശരീരം ചൊറിഞ്ഞുചൊറിഞ്ഞ് അവശനാവും. പിന്നൊരു വിദ്യ തടകെട്ടിയ തൊണ്ടില്‍ ഒന്നിന്റെ കയര്‍ പകുതി അഴിച്ചു വയ്ക്കലാണ്. കള്ളക്കയറ്റക്കാരന് ഇതില്‍ ചവിട്ടുന്നതോടെ കയര്‍ അഴിഞ്ഞ് കാലുതെറ്റി താഴെ വീഴും!

അക്കാലത്ത് കുടിയന്മാര് രണ്ടു തരക്കാരുണ്ടായിരുന്നു. കള്ളുകുടിയന്മാരും ചാരായം കുടിയന്മാരും. കള്ളുകുടിയന്മാര് പൊതുവെ അപകടം കുറഞ്ഞ വര്‍ഗ്ഗമാണ്. ചാരായം കുടിയന്മാരായിരുന്നു കൂടുതല്‍, അപകടകാരികളും. കള്ളു ഷാപ്പും ചാരായ ഷാപ്പും വേറേവേറേയുണ്ട്. കുറേ സ്ഥിരം കുടിയന്മാരും. കള്ളു കുടിച്ചാല്‍ ഇംഗ്ലീഷ് മാത്രം പറയുന്നവര്‍, കരയുന്നവര്‍, തമാശ പറയുന്നവര്‍, ഒന്നും മിണ്ടാതാവുന്നവര് അങ്ങനെ ഒരുപാട് വെറൈറ്റി കുടിയന്മാര്. എന്റെ നാടിനടുത്ത് ഒരു സ്ക്കൂള് മാസ്റ്ററുണ്ടയിരുന്നു. രാവിലെ കുളിച്ച് അമ്പലത്തിലൊക്കെപോയി മിടുക്കനായി സ്ക്കൂളിലെത്തും. സ്ക്കൂളിലെ കാര്യങ്ങളെല്ലാം വളരെ ചിട്ടയോടെയാണ്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും വലിയ ഇഷ്ടം. പക്ഷേ, വൈകുന്നേരം കഥമാറും. കള്ളുകുടിച്ച് ഒരു വെളിവും വെളിച്ചവുമില്ലാതെയാണ് മാഷുടെ വരവ്്. ആര്‍ക്കും ഒരു ശല്യവുമില്ല, പട്ടികള്ക്കൊഴിച്ച്. കള്ള് തലയ്ക്കുപിടിച്ചാലുടന് മാഷ് പട്ടിയെ പഠിപ്പിക്കാന്‍ തുടങ്ങും, ഇംഗ്ലീഷും കണക്കും സയന്‍സുമൊക്കെ. വിചിത്രമായ ഒരു ചിട്ട കൂടിയുണ്ട് ഇതിന്. പട്ടിയെ മുണ്ടുടുപ്പിച്ച ശേഷമേ പഠിപ്പ് ആരംഭിക്കൂ. മാഷിന്റെ മുണ്ടുരിഞ്ഞ് പട്ടിയെ ഉടുപ്പിക്കാനാണ് ശ്രമം. പിന്നെപ്പിന്നെ പട്ടികളൊക്കെ മാഷിനെ കണ്ടാല്‍ ഓടി ഒളിക്കാന്‍ തുടങ്ങി. സ്ക്കൂളില്‍ പോകാന്‍ മടിയുള്ള കുട്ടികളെപ്പോലെ. പിറ്റേന്ന് രാവിലെ ഒരു പ്രശ്നവുമില്ല, അമ്പലവും സ്ക്കൂളും ഉപദേശവുമൊക്കെ തുടരും. ഈ സമയമത്രയും മാഷിന് പട്ടികളെ വലിയ പേടിയാണ്. പട്ടികള്‍ക്കാവട്ടെ, രാവിലെയും വൈകിട്ടുമെല്ലാം മാഷിനെ പേടിതന്നെ. എന്നെ ഇപ്പോഴും അതിശയിപ്പിക്കുന്ന കാര്യമുണ്ട്. ഇത്ര വിചിത്രമായ രീതികള്‍ ഉണ്ടായിരുന്നിട്ടും ആ മാഷിന് ഒരു ഇരട്ടപ്പേര് ഉണ്ടായിരുന്നില്ല. എന്തുകൊണ്ടായിരിക്കും മാഷിനെ ഇരട്ടപ്പേര് ഇല്ലാതെ പോയത്? ഇത്രയും വിചിത്രമായ സ്വഭാവത്തിന് പറ്റിയ ഒരു ഇരട്ടപ്പേര് കണ്ടുപിടിക്കാന്‍ കഴിയാഞ്ഞിട്ടല്ല എന്ന് ഉറപ്പ്. മാഷ് മരിച്ചുപോയിട്ടും ഇപ്പോഴും ആ സംശയം ബാക്കി.
കുട്ടനാട്ടിലെ ചില ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കള്ളുകുടിക്ക് ചില നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തും. കള്ളുകുടി വലിയ തെറ്റാണെന്ന സാമൂഹിക ബോധംകൊണ്ടൊന്നുമല്ല ഇത്. അവരുടെ വീട്ടിലേക്കുള്ള വഴിയാണ് പ്രശ്നം. കഷ്ടിച്ച് അരയടിമാത്രം വീതിയുള്ള ചെളിവരമ്പാണ് അത്. വൈകിട്ടൊന്ന് മിനുങ്ങിയാണ് വരുന്നതെങ്കില്‍ ചെളി വരമ്പില്‍ വഴുതി പാടത്തു കിടക്കും. ആരും കണ്ടില്ലെങ്കില്‍ നേരം വെളുക്കുന്നതുവരെ നീര്‍ക്കോലി, തവള, ഞണ്ട്, ഞാഞ്ഞൂല് എന്നിവയോടൊപ്പം പാടത്തെ ചെളിയില്‍ സുഖമായി കിടക്കാം. അതുകൊണ്ട് അത്തരം കുടിയന്മാര് മിക്കപ്പോഴും ഷാപ്പ് അടയ്ക്കുമ്പോഴും ഇറങ്ങിക്കൊടുക്കാന്‍ തയാറാവില്ല. ഇനി അഥവാ ഷാപ്പില് നിന്ന് ഇറങ്ങിയാലും വഴിയില്‍ കാണുന്നവരോടൊക്കെ വഴക്കിടും. അടികൊണ്ട്് വഴിയില്‍ വീണാല്‍ കരയ്ക്ക് കിടക്കാമല്ലോ.
കള്ളുകുടിച്ചവരുടെ കശപിശകള്‍ക്ക് ഒരു പൊതുസ്വഭാവവും ഇല്ല, ബോധമുണ്ടാവില്ല എന്നതൊഴിച്ചാല്‍. ഈ ബോധക്കേടുകള്‍ കണ്ടുവളരുന്ന കുട്ടികള്‍ക്കുമുണ്ട് ചില ക്രൂരവിനോദങ്ങള്‍. അതിലൊന്നാണ് ഓന്തിനെ കള്ളുകുടിപ്പിക്കുന്നത്. ഒരിക്കല്‍ ഞാനത് കണ്ടു. യഥാര്‍ത്ഥ കള്ളല്ല, എരിക്കിന്റെ കമ്പും പൂവും ഒക്കെ ഒടിച്ചെടുത്ത് അതിന്റെ കറ ഒരു ഇലയില്‍ ഊറ്റും. അത് ഓന്തിന്റെ വാ പിളര്‍ത്തി ഒഴിച്ചുകൊടുക്കും. പിന്നെ ഓന്തിനെ സ്വതന്ത്രനാക്കും. അപ്പോഴത് കാണിക്കുന്ന പരാക്രമങ്ങള്‍ കണ്ടു നില്‍ക്കാനാവില്ല. ചരിഞ്ഞ് വീഴും, ആടി നടക്കും, കോക്രി കാണിക്കും, തലകുത്തും എന്നു വേണ്ട ഏറ്റവും മോശം കള്ളുകുടിയന്മാരെ നാണിപ്പിക്കുന്ന പ്രകടനമാണ്. തെറിവിളി മാത്രമേ കുറവുണ്ടാവൂ. എരിക്കിന് കറയുടെ വിഷാംശം ഉള്ളില്‍ ചെല്ലുമ്പോഴുള്ള മരണവെപ്രാളമാണത്്. അതു കണ്ട് ചിരിക്കാന്‍ നല്ല മനസ്സുറപ്പുള്ളവര്ക്കു മാത്രമേ കഴിയൂ. പിറ്റേന്നു രാവിലെ, നല്ല ഭംഗിയുള്ള ആ പച്ചോന്ത് ചത്തുകിടക്കുന്നതും ഞാന്‍ കണ്ടു. ആ പാവത്തിനെ ക്രൂരമായി കൊന്നതാണ്. അതിന് ഞാനും നിശ്ശബ്ദസാക്ഷിയായിരുന്നു. കള്ളുകുടിച്ച ചിലരുടെ കോപ്രായങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ആ പച്ചോന്തിനെ ഓര്‍ക്കാറുണ്ട്. കള്ളുകുടിക്കുന്നവര്‍ സ്വയം തിരിച്ചറിയാത്ത ആ കോപ്രായങ്ങളെക്കുറിച്ച്. പക്ഷേ, ചൊട്ടയില്‍ നിന്ന് ഊറിവരുന്ന കള്ളിന്റെ കെമിസ്ട്രിയും ചൊട്ടയില്‍ താളത്തില്‍ തട്ടുന്നതിന്റെ ഫിസിക്സും കമഴ്ത്തിവച്ച കലത്തില്‍ നിറയുന്ന കള്ളിന്റെ തത്വശാസ്ത്രവുമൊന്നും എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. വര:


Tell a Friend