ചിതറാല്‍ ജൈനക്ഷേത്രം

കൂട്ടുകാരില്‍ പലരും കന്യാകുമാരിയിലേക്ക് 'ടൂര്‍' പോയിട്ടുണ്ടാകും, അല്ലേ? കന്യാകുമാരി ജില്ലയിലെ മനോഹരമായ ഒരിടത്തേക്കാണ് ഇത്തവണ നമ്മുടെ യാത്ര-ചിതറാല്‍ ജൈനക്ഷേത്രത്തിലേക്ക്!
കന്യാകുമാരിയിലേക്കുള്ള ഹൈവേയില്‍ കുഴിത്തുറയില്‍ നിന്നും മാര്‍ത്താണ്ഡത്തുനിന്നും ഇവിടേക്ക് തിരിയാം. രണ്ടിടത്തുനിന്നും ചിതറാലിലേക്ക് ബസ്സും ടാക്‌സികളും കിട്ടും.
ചിതറാല്‍ ജങ്ഷനില്‍നിന്ന് തിക്കുറിശ്ശി റോഡിലൂടെ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അമ്മന്‍ കോവിലെത്തി. അതിനോടു ചേര്‍ന്നുള്ള 'തിരുച്ചാരണത്തുമല'യിലാണ് അറുപത് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ചിതറാല്‍ ജൈനക്ഷേത്രം. ഇതിനടുത്തുതന്നെയാണ് താമ്രപര്‍ണ്ണീനദി.

ഇരുന്നൂറടി ഉയരത്തിലുള്ള മലയിലേക്ക് കയറാന്‍ കല്‍പ്പാതയുണ്ട്. കല്‍പ്പാതയ്ക്കരികില്‍ തണല്‍ വീശി ബദാം മരങ്ങള്‍; വിശ്രമിക്കാനുള്ള കല്‍ബെഞ്ചുകള്‍. അവിടവിടെയായി പാറക്കൂട്ടങ്ങള്‍; കശുമാവുകള്‍; ദൂരെയായി സഹ്യപര്‍വതനിരകള്‍! ഹായ്, എന്തു ഭംഗിയാണീ കാഴ്ചകള്‍, അല്ലേ?
അര മണിക്കൂര്‍ മലകയറിയാല്‍ പിന്നെ നിരപ്പായ ഒരു പാറയും പേരാലും കാണാം. അതിന്റെ മറു ചരിവിലേക്കിറങ്ങിയാല്‍ ക്ഷേത്രമായി. പാറയില്‍ തീര്‍ത്ത ഗുഹയിലാണ് ക്ഷേത്രം. നടുക്ക് മഹാവീരതീര്‍ത്ഥങ്കരനും വലത്ത് പത്മാവതീ ദേവിയും ഇടത്ത് പാര്‍ശ്വനാഥ തീര്‍ത്ഥങ്കരനുമാണ് പ്രതിഷ്ഠകള്‍. മുകളിലെ തൂക്കുപാറയില്‍ കൊത്തിവച്ച ജൈനതീര്‍ത്ഥങ്കരന്‍മാരുടെ രൂപങ്ങള്‍ ശില്പഭംഗി നിറഞ്ഞതാണ്. തൂണുകളില്‍ മോഹിനി, അഭയദേവി, സിംഹം, ആന, പുഷ്പങ്ങള്‍ എന്നീ രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്.
13-ാം നൂറ്റാണ്ടുവരെ ഇതൊരു ജൈനക്ഷേത്രമായിരുന്നു. ഇപ്പോഴിത് ഭഗവതീ ക്ഷേത്രമാണ്. അടുത്തകാലം വരെ ക്ഷേത്രമുറ്റത്ത്
ധാരാളം കുരങ്ങുകളുണ്ടായിരുന്നു. ക്ഷേത്രക്കുളവും പാറയിലെ ദ്വാരത്തിലൂടെ വെള്ളം വലിച്ചു കുടിക്കുന്ന 'ഉറുഞ്ചിപ്പാറ'യും ഇവിടത്തെ മനോഹരമായ കാഴ്ചകളാണ്.
എന്താ, എല്ലാം കണ്ടുകഴിഞ്ഞില്ലേ? എങ്കില്‍ നമുക്ക് മലയിറങ്ങാം. അടുത്ത ആഴ്ച മറ്റൊരു രസികന്‍ സ്ഥലത്തേക്ക് പോകാം.
സ്‌നേഹത്തോടെ
പിക്കും നിക്കും.
തിരുവനന്തപുരത്തുനിന്നും ചിതറാല്‍ ക്ഷേത്രത്തിലേക്കുള്ള വഴി
View Larger Map


Tell a Friend