രാരിച്ചനെ തിരക്കിവന്ന ഒരാള്‍!
ഡോ.കെസി.കൃഷ്ണകുമാര്‍
ഒരുദിവസം രാവിലെ കുറച്ചകലെ താമസിക്കുന്ന ഒരു സ്ത്രീ വീട്ടിലെത്തി. ഒരു ടെലഗ്രാമും കൈയിലുണ്ട്. അച്ഛനെക്കൊണ്ട്
ആ ടെലഗ്രാം വായിപ്പിക്കാനാണ് അവര്‍ വന്നത്. അച്ഛന് അതു വായിച്ചിട്ടു പറഞ്ഞു: 'രാരിച്ചന്‍ ഭ്രാന്താശുപത്രിയില്‍നിന്ന് ചാടിപ്പോന്നു.' അതു കേട്ട് കാര്യമായ ഭാവഭേദമൊന്നും കൂടാതെ അവര്‍ ആ ടെലഗ്രാമും വാങ്ങി തിരിച്ചുപോയി. രാരിച്ചനെ എനിക്കറിയാം. നാട്ടിലെ ഒരേയോരു ഭ്രാന്തനാണ്. വേറേ ഭ്രാന്തന്മാരില്ലെന്നല്ല. രാരിച്ചന്‍ അങ്ങനെയേ പറയൂ- 'രാരിച്ചന്‍ ഒരൊറ്റ ഭ്രാന്തനേയുള്ളു... രാരിച്ചന്‍ ഒരൊറ്റ ഭ്രാന്തനേയുള്ളു... 'എന്ന്. അത് എപ്പോഴും പറയുകയും ചെയ്യും. രാരിച്ചനെക്കൊണ്ട് ആര്‍ക്കും കാര്യമായ ഉപദ്രവമൊന്നുമില്ല. വഴിവക്കിലെ വിളക്കുകാലില്‍ ചാരി ഇരിക്കും. എന്തൊക്കെയോ പിറുപിറുക്കും. ആളുകളെക്കണ്ടാല്‍ ചിലപ്പോള്‍ എഴുന്നേറ്റ് അടുത്തേക്ക് നടക്കും. 'രാരിച്ചന്‍ ഒറ്റ ഭ്രാന്തനേയുള്ളു' എന്ന് സ്നേഹത്തോടെ പറയും. രാരിച്ചനെ പരിചയമില്ലാത്തവര്‍ക്കുപോലും അതു കേള്‍ക്കുമ്പോള്‍ കാര്യങ്ങള്‍ പിടികിട്ടും. കൈയില്‍ സഞ്ചിയുണ്ടെങ്കില് രാരിച്ചന്‍ നോക്കും. അരി കണ്ടാല്‍ ഒരു പിടി വാരിയെടുക്കും. വിളക്കുകാലിന്റെ ചോട്ടിലിരുന്ന് അരിമുഴുവന്‍ തിന്നും. ഒട്ടും താഴെക്കളയാതെ. രാരിച്ചന്‍ കൈയ്യിട്ടു വാരണ്ട, എന്നു കരുതി പലരും അയാളെ കാണുമ്പോഴേ ഒരുപിടി അരികൊടുക്കും. അങ്ങനെ പലപ്പോഴും ആവശ്യത്തിലധികം അരി രാരിച്ചന്‍ കിട്ടുമായിരുന്നു. അരി പച്ചക്കുതിന്നുതിന്ന് അയാള്‍ക്ക് പിത്തം പിടിച്ചതാണെന്ന് പ്രായമായവര്‍ പറയാറുണ്ടായിരുന്നു.
ഒരേയൊരു കാര്യത്തില്‍ മാത്രമേ രാരിച്ചന്‍ അക്രമം കാണിക്കൂ. പകല്‍ വഴിവിളക്ക് കത്തിക്കിടക്കുന്നതു കണ്ടാല്‍ അയാള്‍ എറിഞ്ഞുടയ്ക്കും. രാത്രിയില്‍ വഴിവിളക്കു കണ്ടാല്‍ കുഴപ്പമില്ല. അക്കാലത്ത് എല്ലാവീടുകളിലും വൈദ്യുതിയില്ല. വഴിയില്‍ പലയിടത്തും കൂരിരുട്ടായിരിക്കും. വഴിവിളക്കുണ്ടെങ്കില്ത്തന്നെ രാത്രിയാത്ര ബുദ്ധിമുട്ടാണ്. അതിനിടെയാണ് പകല്‍ കത്തിക്കിടന്നെന്ന കുറ്റത്തിന് രാരിച്ചന്റെ വക ശിക്ഷ. അങ്ങനെ ഒരുപാടു തവണ ലൈറ്റ് പൊട്ടിച്ചപ്പോള്‍ നാട്ടിലെ ചിലര്‍ ചേര്‍ന്ന് രാരിച്ചനെ ഭ്രാന്താശുപത്രിയിലാക്കി. രാരിച്ചനെ പലരും മറന്നു തുടങ്ങിയതാണ്. അപ്പോഴാണ് ഈ ടെലഗ്രാം. ആരൊക്കെയോ ആശുപത്രിയില്‍പ്പോയി വിവരങ്ങള്‍ അന്വേഷിച്ചു. ടെലഗ്രാമില്‍ ഉണ്ടായിരുന്നതിലധികമൊന്നും അവര്‍ക്ക് പറയാനുണ്ടായിരുന്നില്ല. ഒന്നുരണ്ടുമാസം കഴിഞ്ഞപ്പോള്‍ രാരിച്ചന്‍ വീണ്ടും വിളക്കുകാലിനു ചുവട്ടില്‍ പ്രത്യക്ഷപ്പെട്ടു. രാരിച്ചന്‍ ചാരിയിരുന്നിരുന്ന് മിനുസമായ തേക്കിന് കാല് മാറ്റിയിരുന്നു. വൈദ്യുതിലൈന്‍ ത്രീഫെയിസാക്കിയപ്പോള് തടിക്കാല് കോണ്ക്രീറ്റാക്കി. വഴിവിളക്കിന് ഇട്ടിരുന്ന നാല്പതു വാട്സിന്റെ ബള്‍ബിനു പകരം ട്യൂബ് ലൈറ്റ്. പക്ഷേ, ഒന്നും മാറാത്തപോലെ രാരിച്ചന്‍ അവിടെതന്നെ ഇരുന്നു. അരിയും കൊണ്ട് ആളു വരുന്നതും കാത്ത്.
ആസ്പത്രിയില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ വലിയൊരു മാറ്റമുണ്ടായി. പിന്നീടൊരിക്കലും രാരിച്ചന്‍ തെരുവുവിളക്ക് എറിഞ്ഞുടച്ചില്ല! എന്തിനാണോ രാരിച്ചനെ ഭ്രാന്താശുപത്രിയില്‍ കൊണ്ടുപോയത്, ആ സ്വഭാവം മാറിയപ്പോഴായിരിക്കുമോ രാരിച്ചന്‍ അവിടുന്ന് ചാടിപ്പോന്നത്? ആര്‍ക്കറിയാം! ഭ്രാന്തന്മാരുടെ കാര്യങ്ങളൊന്നും നമുക്ക് ഭ്രാന്തില്ലാത്തവര്‍ക്ക് മനസ്സിലാവില്ലല്ലോ.കാര്യമായ അസുഖങ്ങളൊന്നുമില്ലാതെ ഒരിക്കല്‍ രാരിച്ചന്‍ മരിച്ചു. രാരിച്ചന്റെ മരണത്തിനും ജീവിതത്തിനും വലിയ മാറ്റമില്ലെന്ന് എനിക്കുതോന്നി. രാരിച്ചന്‍ മരിച്ച് ഒരാഴ്ച തികയും മുന്‍പ് ഒരാള്‍ രാരിച്ചനെ അന്വേഷിച്ച് അവിടെയെത്തി. ഒരു പക്ഷേ, ജീവിതത്തില്‍ ആദ്യമായി രാരിച്ചനെ അന്വേഷിച്ച് എത്തുന്ന ആള്. ഭ്രാന്താശുപത്രിയിലെ അറ്റന്‍ഡറായിരുന്നു അയാള്‍. രാരിച്ചനെ അടക്കിയ സ്ഥലത്തുനിന്ന് അയാള്‍ വിതുമ്മിയെന്ന്് കണ്ടുനിന്നവര്‍ പറഞ്ഞു. രാരിച്ചനെപ്പോലെ ഭ്രാന്തിന്റെ മുഖച്ഛായ അയാള്ക്കുമുണ്ടായിരുന്നത്രെ!
വര



Tell a Friend