സൂര്യനും ചന്ദ്രനും ആകാശത്തിലെത്തിയ കഥ

പണ്ടൊക്കെ സൂര്യനും ചന്ദ്രനും ഭൂമിയില്‍ തന്നെയായിരുന്നു താമസം. പിന്നെ അവരെങ്ങനെ ആകാശത്തിലെത്തി എന്നല്ലേ ? ആ കഥ കേട്ടോളൂ.
സൂര്യനും ചന്ദ്രനും വെള്ളവും ഉറ്റ ചങ്ങാതിമാരായിരുന്നു. സൂര്യന് പതിവായി വെള്ളത്തെ കാണാന്‍ പോകും. എന്നാല്‍ വെള്ളം ഒരിക്കല്‍ പോലും സൂര്യന്റെയും ചന്ദ്രന്റെയും വീട്ടില്‍ പോയിരുന്നില്ല.
ഒരു ദിവസം സൂര്യന് ചോദിച്ചു: ' കൂട്ടുകാരാ നീ ഞങ്ങളുടെ വീട്ടിലേക്ക് എന്താ വരാത്തത് ? ' വെള്ളം പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: ' എനിക്ക് വരാന്‍ വളരെ വലിയ സ്ഥലം തന്നെ വേണം. അത്ര വലിപ്പം നിങ്ങളുടെ വീടിനുണ്ടാവില്ല '.

അങ്ങനെ ഒരു ദിവസം സൂര്യന് വെള്ളത്തിനോടു പറഞ്ഞു : ' നിനക്ക് വരാന്‍ തക്ക വലുപ്പമുള്ള വീടു ഞങ്ങള്‍ ഉണ്ടാക്കി കഴിഞ്ഞു. നാളെ നീ ഞങ്ങളുടെ വീട്ടില്‍ വരണം !'
വെള്ളം സമ്മതിച്ചു.
പിന്നേറ്റ് വെള്ളം സൂര്യന്റെയും ചന്ദ്രന്റെയും വീട്ടിലെത്തി. വീടിനുള്ളിലേക്ക് കടക്കും മുമ്പേ വെള്ളം ചോദിച്ചു: ' എനിക്ക് വരാനുള്ളത്ര വലുപ്പം വീടിനുണ്ടല്ലോ അല്ലേ ? '
' പിന്നില്ലേ, നീ ധൈര്യമായി കയറിക്കോ !', ചന്ദ്രന് പറഞ്ഞു. അങ്ങിനെ വെള്ളം അവരുടെ വീടിനുള്ളിലേക്ക് ഒഴുകാന്‍ തുടങ്ങി.
വെള്ളം കാല്മുട്ടോളം ഉയര്‍ന്നപ്പോള്‍ വീണ്ടും ചോദിച്ചു: ' എനിക്ക് മുന്നോട്ട് പോകാമോ ?'
' ഓ പോകാം!' സൂര്യന് വിളിച്ചുപറഞ്ഞു.
വെള്ളം വീണ്ടും ഒഴുകിക്കൊണ്ടിരുന്നു. കഴുത്തോളം ഉയരത്തില്‍ എത്തിയപ്പോള്‍ വെള്ളം ഉറക്കെ വിളിച്ചുചോദിച്ചു: ' ഇനിയും എനിക്ക് മുന്നോട്ട് പോകാമോ ?'
'ഉം, പോയ്ക്കോളൂ !' സൂര്യനും ചന്ദ്രനും ഒരുമിച്ച് വിളിച്ചുപറഞ്ഞു. പക്ഷേ അപ്പോഴേക്കും വെള്ളം അവരുടെ വീടിന്റെ മേല്‍ക്കൂര വരെ മൂടിയിരുന്നു !
നില്ക്കാന് സ്ഥലമില്ലാതെ വന്ന സൂര്യനും ചന്ദ്രനും നേരെ മുകളില്‍ ആകാശത്ത് സ്ഥാനം പിടിച്ചു. പിന്നീട് അവര്‍ക്ക് താഴെ ഇറങ്ങാന്‍ കഴിഞ്ഞതേയില്ല.
(നൈജീരിയന്‍ കഥ)
NEXT