പൂവില്‍ പിറന്ന ദേവി

പര്‍വത രാജനായ ഹിമവാന് ഒരിക്കല്‍ തപസ്സനുഷ്ഠിച്ചു. ദേവി തന്റെ മകളായി അവതരിക്കണം. അതിനുവേണ്ടിയാണ് തപസ്സ്.
ആ കൊടും തപസ്സ് കാലങ്ങളോളം നീണ്ടു. ഒരു ദിവസം തപസ്സില്‍ നിന്നുണര്‍ന്ന ഹിമന് സന്ധ്യാവന്ദനത്തിനായി പത്മതീര്ത്ഥമെന്ന തടാകത്തില്‍ ചെന്നു. അപ്പോഴാണ് ആ കാഴ്ച കണ്ടത്. വെള്ളത്തിനു നടുവില്‍ ആയിരത്തെട്ട് ഇതളുകളുള്ള ഒരു വമ്പന്‍ താമര വിരിഞ്ഞു നില്ക്കുന്നു. അതിനകത്ത് കൈകാല്‍ കുടഞ്ഞ് പുഞ്ചിരി തൂകി ഒരു കുഞ്ഞുപൈതല്‍.
ഹിമവാന് തടാകത്തില്‍ ഇറങ്ങിച്ചെന്ന് കുഞ്ഞിനെ വാരിയെടുത്തു.
' എന്റെ തപസ്സില്‍ പ്രസാദിച്ച് ഭഗവാന് തന്ന കുഞ്ഞുതന്നെ ഇത് '
മുഖത്ത് ദൈവിക ശോഭ കളിയാടുന്ന ആ പെണ്‍കുഞ്ഞിനെ ഹിമവാന് തന്റെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. കുഞ്ഞിനെ കണ്ട് ഹിവാന്റെ ഭാര്യ മേനാദേവിക്കും സന്തോഷമായി.
അവര്‍ അവളെ സ്വര്‍ണക്കട്ടിലില്‍ പട്ടുമെത്ത വിരിച്ച് കിടത്തി. മനോഹരമായ ആഭരണങ്ങള്‍ അണിയിച്ചു. പര്‍വത പുത്രി എന്ന അര്‍ത്ഥത്തില്‍ അവള്‍ക്ക് പാര്‍വതി എന്ന പേരുമിട്ടു. ആ കുഞ്ഞു പൈതല്‍ തന്നെയാണ് പിന്നീട് ശിവന്റെ ഭാര്യയായി മാറിയ പാര്‍വ്വതീ ദേവി.
സി. സാന്ദീപനി.
NEXT